ഏലിയാമ്മയുടേയും വർഗീസിന്റെയും മരണം | രണ്ട്
"സെല്ലിൽ നിക്കറിട്ടു നിന്ന എന്റെ പൈങ്ങ പൊത്തിലേക്ക് ആ മൈരുകൾ ഈർക്കിലി കേറ്റി മോനേ."
വല്ലാത്തൊരു പുളച്ചിലോടെ പാപ്പച്ചൻ പറഞ്ഞു. സംഭവം നടന്നതിന്റെ പിറ്റേന്നാണ് പാപ്പച്ചനെ ലോക്കൽ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
"ജീവൻ പോകുന്ന വേദനയായിരുന്നെടാവ്വേ. കാലിന്റെ നഖത്തിനെടേക്കൂടെ മൊട്ടുസൂചി കയറ്റി നിർത്തിയിട്ടായിരുന്നു അവന്മാരുടെ ഈ ചെയ്ത്ത്." കസ്റ്റഡിയിലെ പീഢനങ്ങൾ ഓരോന്നായി പാപ്പച്ചൻ ഓർത്തെടുത്തു.
ഏലിയാമ്മയുടെയും വർഗീസിന്റെയും നാട്ടുകാരോട് ഇടപഴകി ജീവിക്കുന്ന പ്രകൃതമായിരുന്നില്ല. താൻകാര്യം നോക്കികളായ അവർ ഗുണത്തിനും ദോഷത്തിനുമില്ലാതെ ജീവിച്ചു പോരുകയായിരുന്നു. തുടല് പൊട്ടിക്കാൻ കരുത്തുള്ള യമണ്ടൻ നാടൻ പട്ടികൾ കാവൽ നിന്നിരുന്ന ആ വീട്ടിലേക്ക് കയറി ചെല്ലാൻ മരുമകൻ ഏലിയാസ് ഒഴികെ മറ്റാരും ധൈര്യപ്പെട്ടില്ല. വീട്ടുകാര്യങ്ങൾ അന്വേഷിക്കാൻ ചെന്നിരുന്ന ഏലിയാസ് മാത്രമായിരുന്നു പൊയ്കയിൽ കുടംബത്തെ നാടുമായി ബന്ധിപ്പിച്ചിരുന്ന ഏക കണ്ണി.
"നാട്ടുകാരോട് ലോഹ്യത്തിനു പോയാൽ പത്ത് രൂപ കടം ചോദിച്ചാൽ കൊടുക്കാതിരിക്കാനൊക്കുമോ?"
ഒറ്റപ്പെട്ടുള്ള ജീവിതത്തെക്കുറിച്ചു ചോദിച്ചാൽ ഇങ്ങനെയായിരിക്കും വർഗീസ് പറയുക. പ്രായാധിക്യംകൊണ്ട് കിടപ്പിലായാൽ ജീവിച്ചു പോകാൻ മുട്ടുണ്ടാകരുതെന്നായിരുന്നു വറുഗീസിന്റെ നയം. പക്ഷേ ഇങ്ങനെയൊരു വിധി ഏലിയാമ്മയ്ക്കും വറുഗീസിനും വന്നുചേരുമെന്ന് ആ നാട്ടുകാർ ഒരിക്കൽ പോലും കരുതിയിരുന്നില്ല.
സന്ധ്യ മയങ്ങിയ നേരത്ത് പൊയ്കയിൽ വീട്ടിലേക്ക് ഏലിയാസ് പോകുന്നത് ആദ്യം കണ്ടത് പാപ്പച്ചന്റെ മക്കളായ സോളിയും പോളുമാണ്. പള്ളിയിലേക്ക് പോകുകയായിരുന്ന അവരോട് ചിരിച്ചെന്നു വരുത്തി ഏലിയാസ് പൊയ്കയിൽ വീട്ടിലേക്ക് നടന്നു. പിള്ളേർ പറയുന്നതുവെച്ചു നോക്കുമ്പോൾ ഏലിയാമ്മയും വർഗീസും ജീവനോടെയിരിക്കെ അവസാനമായി ആ വീട്ടിലേക്ക് പോയത് ഏലിയാസാണ്.
"എടാ കൊച്ചേ... പറഞ്ഞാൽ നീ വിശ്വസിക്കുമോയെന്ന് എനിക്ക് അറിയാൻ പാടില്ല. കാര്യം അറിഞ്ഞ് അതിരാവിലെ ഞങ്ങളവിടേക്ക് ചെല്ലുമ്പോൾ ഈ ഏലിയാസ് അവിടെ ഉണ്ടായിരുന്നു. ഒരു കഠാര പിന്നിലെ ചായ്പ്പിൽ കിടക്കുന്നത് ഞങ്ങൾ കണ്ടതാണ്. ഏലിയാസ് അതെടുത്ത് തിരുച്ചും മറിച്ചും നോക്കി. പോലീസ് വരുന്നേനും മുന്നേ അവന് അതെടുക്കണ്ട വല്ല കാര്യവുമുണ്ടോ?"
"തന്നെയുമല്ല, അവിടെ ഒരു ചെരുവത്തിൽ ചോരകഴുകിയ വെള്ളം ഞങ്ങൾ കണ്ടാരുന്നു. കത്തി കിട്ടിയത് ആ വെള്ളത്തിൽ നിന്നാണെന്നാ പോലീസ് പറഞ്ഞത്. അവൻ നിലത്തൂന്നും കത്തിയെടുക്കുന്നത് ഞങ്ങള് കണ്ടതല്ലേ. ഏലിയാസിന് ഇതിലെന്തോ കളിയുണ്ട്."
Also Read: ഏലിയാമ്മയുടേയും വർഗീസിന്റെയും മരണം | ഒന്ന്
കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ തെയ്യാമ്മ പറഞ്ഞു.
സംഭവത്തിനു പിറ്റേന്ന് കസ്റ്റഡിയിലെടുത്ത ആളുകളുടെ പട്ടികയിൽ ഏലിയാസിന്റെ പേരുണ്ടെന്ന് ആന്റൺ ഫിലിപ്പ് ഉറപ്പുവരുത്തി. വിശ്വസനീയമായ ഒരു മൊഴി കിട്ടിയിട്ടും അന്വേഷണം ഏലിയാസിൽ നിന്നും വഴിമാറിയത് എങ്ങനെയെന്ന് അയാൾ ആലോചിച്ചു. തെയ്യാമ്മയുടെ വീട്ടിൽ നിന്നിറങ്ങി അടയ്ക്കാത്തോടിനു കുറുകെ കെട്ടിയുണ്ടാക്കിയ കവുങ്ങിൻ പാലത്തിലൂടെ നടക്കുകയായിരുന്നു അയാൾ.
തെങ്ങിൻ ചുവട്ടിൽ കുത്തിയിരിക്കുകയായിരുന്ന പൈലപ്പൻ ആന്റണെ കണ്ട് ചാടിപ്പിരണ്ടെണീറ്റു. ആന്റണും പൈലപ്പനും ക്ലാസ്മേറ്റ്സ് ആണെങ്കിലും പൈലപ്പൻ പത്താം ക്ലാസ് തികച്ചില്ല. സംഗതി അല്ലറ ചില്ലറ മോഷണവും കഞ്ചാവ് വലിയും കാരണം പൈലപ്പനെ നാട്ടുകാരാരും അടുപ്പിച്ചിരുന്നില്ല.
ഒരു ദിവസം പൊയ്കയിൽക്കാരുടെ തെങ്ങും തോപ്പിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നു പൈലപ്പൻ.
"ഡാ പൈലപ്പാ എനിക്കും വേണം രണ്ട് പൊക."
തെങ്ങിനു മുകളിൽ നിന്നുള്ള വിളി കേട്ട് ആകാശത്തേക്ക് ശ്രമപ്പെട്ടു നോക്കുമ്പോൾ ചെത്തുകാരൻ സുധാകരൻ പടകൾ ചവിട്ടി ഇറങ്ങി വരികയായിരുന്നു.
"തന്നില്ലെങ്കിൽ നീയെന്നാ കൊണയ്ക്കും തായോളീ..."
ബീഡിക്കുറ്റി തിടുക്കത്തിൽ കെടുത്തി പൈലപ്പൻ മുഷിഞ്ഞു. സുധാകരന്റെ പറന്നുള്ള ചവിട്ടുകൊണ്ട് പൈലപ്പൻ മലച്ചു വീണു. കൈ കുത്തി എണീക്കാനുള്ള ശ്രമം നടത്തിയെങ്കിലും വേദനകൊണ്ട് ശരീരം പൊങ്ങിയില്ല. പൈലപ്പന്റെ കരച്ചിൽ കേട്ട് പുഴക്കടവിൽ മണല് വാരിക്കൊണ്ടിരുന്നവർ പാഞ്ഞെത്തി. സംഗതി കഞ്ചാവ് കേസാണെന്നറിഞ്ഞ് വന്നവരെല്ലാം തങ്ങളുടെ വഴിക്കു പോയി. അതോടെ പൈലപ്പനെക്കുറിച്ചുള്ള കഞ്ചാവ് കഥ പല വിധത്തിൽ നാട്ടിൽ പരന്നുകൊണ്ടിരുന്നു.
"എനിക്കൊരു കാര്യം പറയാനുണ്ട്." കണ്ടപാടെ പൈലപ്പൻ പറഞ്ഞു.
"പറയ്." ആന്റൺ താൽപര്യം കാണിച്ചില്ല. മുന്നോട്ട് നടക്കാനാഞ്ഞപ്പോൾ പൈലപ്പൻ ഇതുകൂടി പറഞ്ഞു.
"ഏലിയാമ്മച്ചേടത്തിയെക്കുറിച്ചും വർഗീസേട്ടനെക്കുറിച്ചുമാണ്."
എന്നാ സംഗതി വേഗം പറഞ്ഞു തലയ്ക്കെന്നായി ആന്റൺന്റെ ഭാവം.
തുടരും...
✨
ReplyDeleteഅടിപൊളി ത്രില്ലിംഗ്! കുറച്ചു കൂടി വലിയ ചാപ്റ്റേഴ്സ് ആക്കി ഇടാമോ
ReplyDelete