ചെറുപ്പക്കാരായ ദമ്പതികൾ മല കയറുകയായിരുന്നു. മരക്കമ്പുകൊണ്ട് മൺപാതയ്ക്കിരുവശവും വേലികെട്ടിത്തിരിച്ച ഒരു വഴിയിലൂടെയാണ് അവർ പോയിരുന്നത്. വേലിക്കെട്ട് ചെന്നവസാനിക്കുന്നത് വലിയൊരു മലയിടുക്കിലേക്കായിരുന്നു. പന്നൽ ചെടികളും വയലറ്റും മഞ്ഞയും പൂക്കളുള്ള മലയിടുക്കിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്.
"നീയെന്താണ് എന്നോട് മിണ്ടാത്തത്." സ്ത്രീ പുരുഷനോട് ചോദിച്ചു.
രണ്ടു പേർ തോക്കുമായി ഏറ്റുമുട്ടാനൊരുങ്ങുന്ന വന്യമായൊരു കാഴ്ച ആ മലഞ്ചെരുവിൽ നടക്കുന്നതായി സങ്കൽപ്പിക്കുകയായിരുന്നു അയാൾ. അതിനിടെയായിരുന്നു അവളുടെ ചോദ്യം. ഒരേസമയം വെടിപൊട്ടിയാൽ അവിടെ മരിച്ചു വീണേക്കാവുന്ന രണ്ടുപേർ മലയിടുക്കിൽ നിന്ന് വെല്ലുവിളിക്കുന്നു. കാഞ്ചി വലിക്കാൻ ഒരാൾ തീരുമാനിക്കുന്നതോടെ നിലവിലുള്ള സങ്കർഷത്തിന് അയവ് വന്നേക്കാം. എന്നാൽ അവരാകട്ടെ കാഞ്ചി വലിക്കാതെ ഉറക്കെ അലറുകയും പല്ല് കടിക്കുകയും കൈകൾകൂട്ടിത്തിരുമുകയും ചെയ്യുന്നതായി അയാൾ ഭാവനയിൽ കണ്ടു.
അവൾ വീണ്ടും ചോദിച്ചു. "നിന്നെ ആകർഷിക്കത്തക്കതൊന്നും എന്നിൽ ഇല്ലെന്നാണോ നീ പറയുന്നത്." അവൾക്ക് സങ്കടം അടക്കാൻ കഴിയുമായിരുന്നില്ല.
ഒന്നിച്ച് കാഞ്ചി വലിച്ചാൽ ഇരുവരും മരിച്ചു വീണേക്കാം. ഒറ്റവെടിക്ക് അവസാനിപ്പിക്കാമായിരുന്നിട്ടും തോക്ക് താഴെവെച്ച് ഏറ്റുമുട്ടുന്നതിനായി അവർ ഓടിയടുക്കുകയാണ്. കാറ്റ് ചെറുതായി വീശി. പുൽപ്പരപ്പിലൂടെ ഒരു പാമ്പിനെപ്പോലെ കാറ്റ് അകലേക്ക് ഇഴഞ്ഞു പോകുന്നത് അയാൾ നോക്കി നിന്നു. മലയുടെ അങ്ങേ ചെരുവിൽ നിന്നും കോട മഞ്ഞ് പരന്നു തുടങ്ങിയിരുന്നു.
ഇതിനിടെ പുരുഷന്റെ ശ്രദ്ധ കിട്ടാനായി അവൾ വലിയൊരു പാറക്കെട്ടിൽ വലിഞ്ഞു കയറി ഞാൻ ഇപ്പോൾ മരിച്ചു കളയുമെന്ന് ദയനീയമായി പറഞ്ഞു. അയാൾ അതൊന്നും കാണുന്നുണ്ടായിരുന്നില്ല.
വയലറ്റ് പൂക്കളുള്ള മലയിൽ നിന്നും വന്നയാൾ ചാടിയടിച്ചു. അടിയുടെ ഊക്കിൽ രണ്ടാമൻ മഞ്ഞപൂക്കൾക്കിടയിലേക്ക് മലച്ചു വീണു. ദയനീയമായ വീഴ്ച. പക്ഷേ ആ ഒരടിയിൽ അവർക്കിടയിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ടതായി അയാൾക്ക് തോന്നി. അടിയേറ്റയാൾ ഏങ്ങിയേങ്ങി കരഞ്ഞു. അടിച്ചവൻ അയാളെ നെഞ്ചോട് ചേർത്തുപിടിച്ച് കരച്ചിലിൽ അയാളോടൊപ്പം കൂടി. മരണത്തിലേക്കും കൊലപാതകത്തിലേക്കും എത്തിയേക്കാമായിരുന്ന അവരുടെ വഴക്ക് പതിയെ അവസാനിക്കുകയാണ്. അവർക്കിടയിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ടിരിക്കണം.
മരിക്കാൻ തീരുമാനിച്ച് പാറയിടുക്കിൽ കയറിയ അവൾ അങ്ങ് താഴ്വാരത്തിലെ കാഴ്ചയിൽ സൗന്ദര്യം തേടുകയായിരുന്നു. അസ്തമയത്തിന്റെ വെയിൽ പുഴയിൽ തട്ടി തിളങ്ങുന്നത് അവൾ കണ്ടു. പൂക്കൾ നിറഞ്ഞ മലഞ്ചെരുവ് ആ പുഴയിലായിരിക്കണം ചെന്ന് അവസാനിക്കുന്നത്. അവനോടൊപ്പം നിന്ന് ആകാഴ്ച കാണമെന്ന് അവൾക്ക് അതിയായ ആഗ്രഹം തോന്നി. അവൾ നീട്ടി കൂവി. അയാൾ തിരിച്ചും. പാറക്കെട്ടിലേക്ക് പിടിച്ചു കയറുന്നതിനിടയിൽ സമാധാനത്തിന്റെ നിർവചനം എന്താണെന്നുള്ള ചോദ്യം അയാളെ കുഴക്കി.
മനുഷ്യന്റെ സ്ഥായിയായ ഭാവം സമാധാനമാണോ അതോ ഹിംസയാണോ. അവളെ ചേർത്തു പിടിക്കവെ അയാൾ ആലോചിച്ചു. സമാധാനം എന്നുള്ളത് മനുഷ്യന്റെ സങ്കൽപ്പം മാത്രമായിരിക്കണം. ജീവിതം സമാധാനം നിറഞ്ഞതെന്നു കരുതുന്നവൻ ഹിംസയെ അകറ്റി നിർത്തുക മാത്രമല്ലേ ചെയ്യുന്നത്. എന്നുകരുതി ഹിംസ ഇല്ലാതാകുന്നില്ലല്ലോ. ഈ ചിന്തപോലും നിരർത്ഥകമാണെന്ന തോന്നൽ ശക്തമായപ്പോഴേക്കും മലയിടുക്കിൽ വെളിച്ചം കുറഞ്ഞു വന്നു. കോട മഞ്ഞ് ശക്തിപ്രാപിച്ച് അവരുടെ കാഴ്ചയെ മറച്ചു.
"നമുക്ക് പോകാം," അയാൾ പറഞ്ഞു. മലയിറക്കത്തിനു മുമ്പ് അയാൾ കൂവി. പിന്നാലെ അവളും. മനസമാധാനമില്ലാത്ത വേളയിൽ ഇനി അവർ മറ്റൊരു മലതേടി പോകുമായിരിക്കണം.
(ഒരു മല കയറ്റത്തിനിടെയുണ്ടായ തോന്നലുകളാണ് ഈ കുറിപ്പ്. അതിനാൽ തന്നെ ഇത് പൂർണമല്ല. ഒരിക്കൽ കഥയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇത്രയും എഴുതി വെയ്ക്കുന്നത്.)
👍
ReplyDelete