മോർച്ചറിയിലെ കളിക്കാർ



ഞാൻ ഇവിടെ ജനാലയിലൂടെ നോക്കുമ്പോൾ പുറത്ത് ഗ്രൗണ്ടിൽ ചെറുപ്പക്കാർ ഷട്ടിൽ കളിക്കുന്നുണ്ട്. സമയം ഒമ്പത് കഴിഞ്ഞിട്ടേയുള്ളൂ. ജോലിത്തിരക്ക് കഴിഞ്ഞ് കുറച്ചൊന്ന് വിശ്രമിക്കാൻ മുറിയിൽ വന്ന ഞാൻ അവരെ നോക്കി നിൽക്കുന്നത് കളിക്കാർ അറിഞ്ഞിട്ടുണ്ടാകില്ല.

പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോയെന്ന് എനിക്ക് ഉറപ്പില്ല. കളിക്കാരിൽ ഒരാൾക്ക് തലയുള്ളതായി ഞാൻ കാണുന്നില്ല. ഉടലുമാത്രമുള്ള അയാൾ കളിക്കളത്തിൽ നിറഞ്ഞു കളിക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ കളിക്കാരിൽ ആർക്കും തലയുള്ളതായി ഞാൻ കണ്ടില്ല. അതൊരു വാർത്തയാണല്ലോയെന്നോർത്ത് ഞാൻ അവരോടൊന്ന് മിണ്ടാനുറച്ചു. ബാൽക്കെണിയിലേക്ക് ചെന്നപ്പോഴാണ് എന്റെ മണ്ടത്തരം എനിക്ക് മനസിലായത്. തലയില്ലാത്ത അവരോട് ഞാനെങ്ങനെ മിണ്ടും. ഏതെങ്കിലും ഐടി കമ്പനിയിൽ തലയുപേക്ഷിച്ചു വന്ന് കളിക്കുന്നവരായിരിക്കണം അവർ.

കൊക്കിന്റെ ജീവിതമാണ് എന്റേതെന്നു പറഞ്ഞാലും നിങ്ങൾ വിശ്വസിക്കാൻ സാധ്യതയില്ല. കമ്പ്യൂട്ടറിലേക്ക് തലയാഴ്ത്തിയിരിക്കുമ്പോൾ ഇര നീന്തി വരുന്നത് ഞാൻ കാണാറുണ്ട്. ഞാൻ മാത്രമല്ല, എന്നെപ്പോലെ ഒരുപാട് കൊക്കുകൾ താമസിക്കുന്ന നഗരമാണ് ഇത്‌. ഇരയില്ലെങ്കിൽ ഞങ്ങളില്ല. തലക്കെട്ടുകൾ മീനുകളാണെന്നുള്ളത് എന്റെ മാത്രം കണ്ടുപിടുത്തമാണ്. തലനീട്ടി വാർത്തകൾ ഞങ്ങൾ കൊത്തിയെടുക്കും. പക്ഷേ ഞങ്ങളത് തിന്നാറില്ല.  എരിവും പുളിയും നന്നായി പിടിച്ച മീനുകളെ ഞങ്ങൾ  അതിഥിക്കുവേണ്ടി ഒരുക്കിവെയ്ക്കും. 

ഉറക്കം വന്നിട്ടും ഉറങ്ങാൻ കഴിയുന്നില്ല. വഴിയിലേക്ക് ഇറങ്ങിയാൽ ഇക്കയുടെ കടയിൽ നിന്നും ചായ കുടിക്കാം. ആവശ്യത്തിന് സിഗരറ്റ് വാങ്ങി വലിക്കാം. പക്ഷേ തണുപ്പുകാലവും ചൂടുകാലവും ആസ്മയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല. മഴക്കാലത്ത് ആവശ്യത്തിന് വലിച്ചു കേറ്റിയിട്ട് വേനലിലും മഞ്ഞിലും സിഗരറ്റ് വലി ഉപേക്ഷിക്കുന്ന പ്രകൃതമാണ് എന്റേത്. ഞാൻ പറഞ്ഞല്ലോ കൊക്കിന്റെ ജീവിതമാണെന്ന്. നിങ്ങൾ വായിക്കുന്നതുകൊണ്ട് ഇരകളുണ്ടാകുന്നു. 

ഇതെഴുതുമ്പോൾ പോലും നിർവികാരത എന്നെ മൂടി നിൽക്കുന്നുണ്ട്. നോക്കൂ നിങ്ങളിലൊരാളുടെ മരണം ഏറ്റവും ദാരുണമാണെങ്കിൽ പോലും കൊക്കിന് അത് വെറും ഇര മാത്രമാണ്. മരണം പോലും വിഭവമാകുന്ന നഗരത്തിലാണ് ഞാനുള്ളത്. 

നോക്കൂ… സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ടാങ്കർ കയറിയിറങ്ങുന്നു. തല ഹെൽമെറ്റിലും ഉടൽ വേറെയുമായി നടുറോഡിൽ കിടക്കുന്നു. ഹൊ ദാരുണമെന്ന് നിങ്ങൾ പറയുമായിരിക്കും. പക്ഷേ കൊക്കുകൾ നിർവികാരരാണ്. അയാൾ മരിച്ചത് എങ്ങനെയെന്ന് നിങ്ങൾ ചോദിക്കുമ്പോൾ കൊക്കുകൾ കമ്പ്യൂട്ടറിലേക്ക് തല പൂഴ്ത്തും. ഏറ്റവും ഭംഗിയായി അവർ മരണം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. ഏറ്റവും മികച്ച രീതിയിൽ.

ശരിക്കും കൊക്കുകളുടെ ജീവിതം ദാരുണമാണ്. ഇരകളുടെ പിടച്ചിൽ ഏറ്റവും വേഗത്തിൽ അവസാനിപ്പിക്കുക ശ്രമകരമാണ്. ദിവസവും ഇരകളെ കാത്തിരിക്കുന്നതും ചുണ്ടുകൾക്കിടയിലൊതുക്കി അവയുടെ ജീവനെടുക്കുന്നതും അത്ര സുഖമുള്ള പണിയല്ലെന്ന് നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ. 

കോർട്ടിൽ നിന്നും ഊക്കിൽ ബാറ്റ് വീശുന്ന ശബ്ദം എനിക്ക് കേൾക്കാം. കളിക്കാരിലൊരാളുടെ വാശിയെങ്കിലും എനിക്ക് എന്റെ ജീവിതത്തോട് ഇല്ലാത്തത് എന്തുകൊണ്ടായിരിക്കും. കൊക്കിന്റെ ജീവിതം എന്നെ മടുപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽത്തന്നെ അരസികനായ ഒരു മനുഷ്യന്റെ ജീവിതത്തിൽ സന്തോഷമുണ്ടാകുന്നത് എങ്ങനെ. 

ഇരകളെ കാത്തിരിക്കുന്ന കൊക്കുകളാണോ കൊക്കിന്റെ മുന്നിലേക്ക് നീന്തിയെത്തി ജീവിതം അവസാനിപ്പിക്കുന്ന മീനുകളാണോ യഥാർത്ഥത്തിൽ കുറ്റക്കാർ? ആവാസ വ്യവസ്ഥയല്ലെ ഒരാളെ കുറ്റക്കാരനും നിരപരാധിയുമാക്കുന്നത്?

സമയം പത്ത് കഴിഞ്ഞു. ഇപ്പോൾ ഷട്ടിൽ കളിക്കാരുടെ ശബ്ദം ഒഴിഞ്ഞിട്ടുണ്ട്. അവർ കളം വിട്ടുവെന്ന് തോന്നുന്നു. ഞാൻ വരാന്തയിലേക്ക് ഇറങ്ങി. ഉടലുപേക്ഷിച്ച് കാലുകൾ പോയ്ക്കഴിഞ്ഞിരുന്നു. ഞാൻ ഉടലുകളുടെ ഉടമകൾ മടങ്ങി വരുന്നതിനായി കാത്തിരിക്കുകയാണ്. ഇനി എത്രയും വേഗം ചെയ്യാനുള്ള ചില കാര്യങ്ങളുണ്ട്. ഷട്ടിൽ കോർട്ടിനു മുന്നിൽ മോർച്ചറിയെന്നെഴുതിയ പലക വെയ്ക്കണം. കൊക്കുകൾക്ക് മരണത്തെയോ ശവത്തെയോ ഭയക്കേണ്ടതില്ലല്ലോ. 

(ഉറക്കമില്ലാതിരുന്ന ഒരു രാത്രിയിൽ വെറുതെ കുറിച്ചുവെച്ചത്.)

Comments

  1. പീഡനവും കൊലപാതകവും പല പല ഫ്ലേവറിൽ മനോഹരമായി ഒരുക്കും. അതിഥികൾ അത് വേണ്ടുവോളം ആസ്വദിക്കും. പിന്നീട് കുറ്റം പറയും. എല്ലാം കേട്ട് നിർവികാരമായി കൊക്കുകൾ തലകുനിച്ച നിൽക്കും. കുറ്റബോധം കൊണ്ട് ഉറങ്ങാത്ത രാത്രികളിലൂടെയാണ് കൊക്കുകൾ കടന്നുപോകുന്നത് അതിഥികൾക്ക് അറിയില്ലല്ലോ

    ReplyDelete

Post a Comment

Popular posts from this blog

പൈതൽ മല, കോടമഞ്ഞിന്റെയും മഴയുടെയും തണുപ്പ്

മല കയറുമ്പോൾ