പൈതൽ മല, കോടമഞ്ഞിന്റെയും മഴയുടെയും തണുപ്പ്


കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ പൈതൽ മലയിലേക്ക് കഴിഞ്ഞ  ഈസ്റ്റർ ദിവസമാണ് ഞാൻ ആദ്യമായി പോകുന്നത്. പൈതൽ മലയുടെ താഴ്വാരത്തിലെത്തുമ്പോൾ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും മഴ പെയ്തൊഴിഞ്ഞതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ടിക്കറ്റ് എടുത്ത ശേഷം ഞങ്ങൾ മലകയറ്റം ആരംഭിച്ചു. 

ഞാനും ഭാര്യ അലീനയും എന്റെ സുഹൃത്ത് അജിത്തുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഒന്നിലേറെ തവണ കൊവിഡ് ബാധിച്ചതുകൊണ്ട് ഞങ്ങൾക്ക് .യാത്ര പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്ക യാത്രയുടെ തുടക്കം മുതലേയുണ്ടായിരുന്നു.

കുത്തനെയുള്ള കയറ്റങ്ങളും മലഞ്ചെരിവിലൂടെ അരഞ്ഞാണം പോലെ വെട്ടിയൊരുക്കിയ നടപ്പാതകളും സഞ്ചാരികളെ ആകർഷിക്കുന്നതാണ്.  കാടിന്റെ മനോഹാരിത ആസ്വദിച്ച് ഞങ്ങൾ മലമുകളിലെ പുൽ പരപ്പ് ലക്ഷ്യമാക്കി നടന്നു. ലക്ഷ്യത്തോടടുക്കും തോറും കോടമഞ്ഞ് ഞങ്ങളെ പൊതിഞ്ഞു. ശ്വാസംമുട്ടൽ കലശലായിരുന്നതുകൊണ്ട് ഞങ്ങൾ മൂന്നു പേരും മലകയറാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. യാത്ര പാതി വഴിയിൽ അവസാനിപ്പിച്ചാലോയെന്ന് ആലോചിച്ചെങ്കിലും മലമ്പാതയിൽ കുറച്ചുനേരം വിശ്രമിച്ച ശേഷം മലകയറ്റം തുടർന്നു.


നടപ്പാതയെ പുതപ്പുപോലെ പൊതിഞ്ഞ കാട് അവസാനിക്കുന്നിടത്തു നിന്ന് പൈതൽ മലയുടെ യഥാർത്ഥ സൗന്ദര്യം ഞങ്ങൾക്കു മുന്നിൽ വെളിപ്പെട്ടു. കോട മഞ്ഞായിരുന്നു പ്രധാനപ്പെട്ട ആകർഷണം. പെട്ടെന്നുതന്നെ മഴ പെയ്തത് പുത്തൻ അനുഭവമായി. നടന്നു ക്ഷീണിച്ചതുകൊണ്ട് അൽപ്പം വെള്ളം കുടിക്കാൻ ആഗ്രഹിച്ചെങ്കിലും കുടിവെള്ളം കൈയിൽ കരുതാതിരുന്നത് മണ്ടത്തരമായി ഞങ്ങൾക്കു തോന്നി. ഒടുവിൽ പൈതൽ മലയിലെ പ്രധാന കേന്ദ്രത്തിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചറാണ് ഞങ്ങൾക്ക് തുണയായത്. അദ്ദേഹം കുപ്പിവെള്ളം ഞങ്ങൾക്കുനേരെ നീട്ടി.


മഴ ശക്തി പ്രാപിച്ചെങ്കിലും അത് ഞങ്ങളെ അലട്ടിയില്ല. ഇടയ്ക്കിടെ കൊള്ളിയാൻ മിന്നുന്നുണ്ടായിരുന്നു. നടപ്പാതയുടെ അരികിൽ ഉണ്ടായിരുന്ന കുറ്റിച്ചെടിയുടെ ചുവട്ടിലേക്ക് അവിചാരിതമായാണ് ഞങ്ങൾ കയറി നിന്നത്. ഇലകളിൽ പറ്റിപ്പിടിച്ച വെള്ളം താഴേക്ക് പൊഴിയുന്നതിന്റെ ശബ്ദം അവിടെയൊരു അരുവിയുണ്ടോയെന്നുപോലും സംശയിപ്പിച്ചു. 

ഒടുവിൽ ഇടിമിന്നൽ കനത്തുവന്നപ്പോൾ ഞങ്ങൾ പതിയെ മലയിറങ്ങി. കടൽ നിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലായി  4124 ഏക്കർ പ്രദേശത്ത് പൈതൽമല പരന്നു കിടക്കുകയാണ്. കേരള-കർണാടക അതിർത്തിയിലായി കണ്ണൂർ ജില്ലയുടെ കിഴക്കാണ് മലയുടെ സ്ഥാനം. പൈതൽ മലയ്ക്ക് അടുത്താണ് കുടക് വനം. ഇപ്പോഴും കണ്ണൂരു പോകുമ്പോഴൊക്കെ പൈതൽ മല യാത്രയുടെ ഓർമ്മ എന്നെ മാടിവിളിക്കാറുണ്ട്.  ഇതിലേ വാ... ഇതിലേ വാ... കോടമഞ്ഞു കണ്ടേച്ചുപോയെന്ന ശബ്ദം മനസിൽ മുഴങ്ങാറുണ്ട്.

Comments

Post a Comment

Popular posts from this blog

മോർച്ചറിയിലെ കളിക്കാർ

മല കയറുമ്പോൾ