മൂന്ന് മരണങ്ങൾ


അന്ത്യകൂദാശ

ഔത വൈദ്യർ എന്ന എന്റെ ഇച്ചായൻ (അപ്പന്റെ അപ്പൻ) 1918ൽ ജനിച്ചുവെന്നാണ് കരുതപ്പെടുന്നത്. 2010ലെ ഒരു വൈകുന്നേരം ചായ കുടിയും കഴിഞ്ഞ് കട്ടിലിൽ കേറി കിടന്നിട്ട് ഇച്ചായൻ എന്നോട് പറഞ്ഞു. “എടാ കൊച്ചേ വേഗം പോയി വെല്ല്യച്ചനെ വിളിച്ചോണ്ട് വാ. എനിക്ക് അന്ത്യകൂദാശ വേണം.” ഇച്ചായന് 92 ആയിരുന്നു പ്രായം. ആ മാസംതന്നെ ഇത് രണ്ടാമത്തെ അന്ത്യകൂദാശ ചോദിക്കലായതുകൊണ്ടുതന്നെ ഞാനത് കാര്യമാക്കിയതുമില്ല. “എന്നെയൊന്ന് കക്കൂസേലേക്ക് ഇരുത്താവോടാ എന്നായി അടുത്ത ചോദ്യം. ഇച്ചായനെ ഒറ്റയ്ക്ക് താങ്ങിയെടുക്കാൻ പറ്റാത്തതുകൊണ്ട് ഞാനും അമ്മയുംകൂടി ഇച്ചായനെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി. കാര്യങ്ങളൊക്കെ സാധിച്ചശേഷം ഇച്ചായനെ വീണ്ടും കട്ടിലിൽ കൊണ്ടു കിടത്തി. പക്ഷേ ആ പ്രായത്തിലും ആദ്യമായിട്ടാണ് ഇച്ചായനെ ഇങ്ങനെ തളർന്നുകണ്ടത്.

കട്ടിലിൽ വന്ന് കിടന്നപാടെതന്നെ വീണ്ടും അന്ത്യകൂദാശ വേണമെന്നായി ഇച്ചായൻ. ശ്ശെടാ… ഇത്രയും നേരം പെരക്കകത്തുകൂടി നടന്നിരുന്നയാൾ കട്ടിലിൽ കേറി കിടന്നിട്ട് എന്റെ മരണം അടുത്തൂന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ഓർമ്മ പിശകിന്റെ ആഴങ്ങളിൽനിന്നുള്ള എന്തോ വർത്തമാനമാണെന്നല്ലേ കരുതാനൊക്കൂ.

അതൊരു വൈകുന്നേരമായിരുന്നു. പച്ചക്കറിയും സാമാനങ്ങളും വാങ്ങിക്കാനായി ഞാനപ്പോൾ എടൂർ ടൌണിലേക്ക് പോകേണ്ടിയിരുന്നു. തുണി സഞ്ചിയുമെടുത്ത് ഞാൻ പോകുകയും ചെയ്തു. അഷ്റഫേട്ടന്റെ പച്ചക്കറിക്കടേന്ന് സാധനങ്ങളും വാങ്ങി കൂട്ടുകാരോട് വർത്താനം പറഞ്ഞ് നിക്കുമ്പോ അമ്മയുടെ വിളി വീണ്ടും വന്നു. “എടാ കൊച്ചെ വേഗം വന്നേ. ഇച്ചായൻ അച്ചനെ അന്വേഷിക്കുന്നുണ്ട്.” എന്ന് പറഞ്ഞു.

വയസാം കാലത്ത് ഇതെന്നാ കൂത്താണെന്നും വിചാരിച്ച് ഞാൻ വീട്ടിലേക്ക് ഓടിച്ചെന്നു. “എടാ നിന്നോട് അച്ചനെ വിളിക്കാനല്ലേടാ ഞാൻ പറഞ്ഞത്” എന്ന് ഇച്ചായൻ പറയുമ്പോൾ കണ്ണിൽനിന്നും വെള്ളം ഇറ്റിവീഴുന്നുണ്ടായിരുന്നു. അതിനെടേൽ അമ്മയെ വിളിച്ച് “എടീ പെണ്ണേ നിന്നോട് ഞാൻ വഴക്ക് കൂടിട്ടൊണ്ടേൽ ക്ഷമിക്കണം കെട്ടോ” എന്നൊക്കെ പറയുന്നുമുണ്ട്.

അപ്പഴേക്കും അച്ചാച്ചൻ മരുന്നു കടയിൽനിന്നും ഓടിപ്പിടച്ച് വന്നു. എടാ പോയി അച്ചനെ വിളിച്ചിട്ട് വാ എന്നായി അച്ചാച്ചൻ. സംഗതി സീരിയസായി വരുകയാണെന്ന് അപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. പള്ളീൽ ചെന്നപ്പോ ആൻഡ്രൂസ് അച്ചന്റെ മുറിയിൽ ആരോ സംസാരിച്ചിരിക്കുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. അതിനിടയിൽ വീട്ടിൽനിന്നും തിരക്കിട്ട വിളികൾ. സമയം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഞാൻ വൈകുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അച്ചാച്ചൻ പള്ളീലേക്ക് ഓടിപ്പിടിച്ചുവന്നു. എടാ നിനക്ക് അച്ചനോട് കാര്യം പറയാൻ മേലാരുന്നോന്നും ചോദിച്ച് അച്ചാച്ചൻ അച്ചന്റെ മുറിയിലേക്ക് കയറിച്ചെന്നു. അപ്പന്റെ തിരക്ക് കണ്ടിട്ടാണെന്ന് തോന്നുന്നു “എന്നതാ മത്തച്ചാ” എന്നും ചോദിച്ച് അച്ചൻ ചാടി എണീറ്റു. “ഇച്ചായന് വയ്യെന്നാ തോന്നുന്നത് അച്ചോ, അന്ത്യ കൂദാശ വേണമെന്നാ പറയുന്നത്” എന്ന് അച്ചാച്ചൻ ആഡ്രൂസ് അച്ചനോട് പറഞ്ഞു. “ചെറുക്കൻ അച്ചനെ വിളിക്കാൻ ഇവിടെ വന്നിട്ട് കുറേ നേരമായി.” അച്ചൻ തിരക്കിലായോണ്ട് വിളിക്കാൻ മടിച്ചു നിന്നതാണെന്ന് അപ്പൻ അച്ചനോട് പറയുകയും ചെയ്തു. “എന്നതാ ലിയോനാൾഡേ ഇക്കാര്യങ്ങളൊക്കെ പെട്ടെന്ന് വന്ന് പറയണ്ടേന്നും” പറഞ്ഞ് അച്ചൻ പള്ളിയുടെ സങ്കീർത്തിയിലേക്ക് ഓടി.

വണ്ടി വിളിക്കാനായിട്ട് അപ്പൻ പള്ളിയുടെ കയറ്റം ഓടിയിറങ്ങി ടൌണിലേക്ക് പാഞ്ഞു. അച്ചൻ വീട്ടിലെത്തിയപ്പോൾ ഇച്ചായൻ അൽപ്പം ഉഷാറിലായിരുന്നു. ആൻഡ്രൂസ് അച്ചനും ഇച്ചായനും വിശേഷം പറച്ചിലായി. അപ്പോഴും പതിവുപോലെ ഇച്ചായന് മരിക്കുമെന്ന തോന്നൽ മാത്രമാണെന്നാണ് ഞാൻ കരുതിയത്. കൂർബ്ബാന കൊടുത്ത ശേഷം അച്ചൻ പള്ളീലേക്ക് പോയനേരത്ത് ഞാൻ ഇച്ചായന്റെ ഉള്ളം കാലിൽ ചൂട് പിടിപ്പിക്കുകയായിരുന്നു. “ഓ ഇനി അതൊന്നും ചെയ്തിട്ട് കാര്യമില്ലടാ കൊച്ചേ” എന്ന് ഇച്ചായൻ പറഞ്ഞു. നീയൊന്ന് ഇങ്ങ് വന്നേ എന്ന് പറഞ്ഞ് ഇച്ചായൻ കൈ കാട്ടി. അടുത്തേക്ക് ചെന്നതും ഇച്ചായൻ എന്റെ കയ്യിൽ കയറി പിടിച്ചു. കൈ വിടുവിക്കാൻ ശ്രമിച്ചപ്പോൾ അങ്ങനെ ചെയ്യല്ലേടാ എന്ന് അമ്മ പറഞ്ഞു. ഇച്ചായന് എന്നോട് എന്തോ പറയണമെന്നുണ്ടായിരുന്നു. അതിനായി വാ ചലിപ്പിച്ചതുമാണ്. പക്ഷേ അതെന്താണെന്ന് മുഴുമിക്കാൻ കഴിയും മുമ്പ് എന്റെ കയ്യിലെ പിടുത്തം മുറുകി അയഞ്ഞു. എത്ര സുന്ദരമായ മരണം!

മരണ സമയത്ത് കൂട്ടുനിക്കാനൊത്തതുകൊണ്ട്, ആദ്യമായും അവസാനമായും ചിലപ്പോൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്നെക്കൊണ്ട് ഉപകാരം ഉണ്ടായത് ആ നിമിഷത്തിലാണെന്ന് ചിലപ്പോൾ എനിക്ക് തോന്നും.

അര മണിക്കൂർ

അപ്പച്ചൻ ഒടിവ് ചികിത്സിച്ചുമാറ്റാൻ മിടുക്കനാരുന്നു. ഇച്ചായന്റെ രണ്ടാമത്തെ സന്തതി. നാട്ടുകാർ ജോസ് ചേട്ടൻ എന്നാണ് അപ്പച്ചനെ (അപ്പന്റെ ചേട്ടൻ) വിളിച്ചിരുന്നത്.

ഒരിക്കൽ ഞങ്ങൾ രണ്ടാളുംകൂടെ ഒരു സന്ധ്യക്ക് എടൂർ പള്ളിയുടെ സിമിത്തേരിയിൽ കല്ലറകൾക്ക് നമ്പർ എഴുതാൻ പോയി. “ഞാൻ ഇപ്പ വരാവേ” എന്നുപറഞ്ഞ് അപ്പച്ചൻ സിമിത്തേരിയുടെ മതിലുകടന്ന് വെളിയിലേക്ക് പോയി. എടൂരത്തെ പള്ളി സെമിത്തേരി ഒറ്റപ്പെട്ട ഒരു മലയുടെ നെറുകയിലാണ്. ഏകാന്തമായ ഇടം. സെമിത്തേരിക്ക് താഴെ വെമ്പുഴ ഒഴുകുന്നുണ്ട്. അതിന്റെ എരമ്പം മലമോളിലേക്കും കേൾക്കാം. സന്ധ്യ മയങ്ങിയ എട്ടുമണി നേരമായിരുന്നു അത്. എനിക്ക് ഒന്നാമതേ സിമിത്തേരീന്ന് കേക്കുമ്പത്തന്നെ പേടിയാണ്. പക്ഷേ ആ ഒറ്റ രാത്രികൊണ്ട് എന്റെ പേടി വെമ്പുഴയുടെ കുത്തൊഴുക്കിൽ എങ്ങോ പോയി എന്നുള്ളത് തീർച്ചയാണ്. ഇപ്പ വരാവേ എന്ന് പറഞ്ഞുപോയ അപ്പച്ചനെ കാണാനില്ല. പക്ഷേ പതിനഞ്ച് മിനിറ്റ് കഴിഞ്ഞുകാണും സാമ്പ്രാണിത്തിരിയുടെ കനത്ത മണം അവിടെ പരന്നു. പേടിച്ചിട്ട് നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. പേടിച്ചിട്ട് ഇറങ്ങിയോടിയാലുള്ള മാനാഭിമാന പ്രശ്നമോർത്ത് കല്ലറയിലെ നമ്പറെഴുത്ത് ഞാൻ തുടർന്നോണ്ടിരുന്നു. മുക്കാൽ മണിക്കൂറിന്റെ ഏകാന്തത ഭേതിച്ച് അപ്പച്ചൻ സിഗരറ്റും വലിച്ച് എന്റടുത്തേക്ക് വന്നു. “നീ പേടിച്ചോ” എന്നായിരുന്നു അപ്പച്ചന്റെ ആദ്യത്തെ ചോദ്യം. പക്ഷേ ആ മണിക്കൂറിൽ ഭയമെന്ന ആവരണത്തെ അഴിച്ചുവെക്കാൻ എനിക്കായിരുന്നു. പിന്നീട് മരണത്തെയോ ശവത്തെയോ ഞാൻ പേടിച്ചില്ല. കല്ലറ ചുവട്ടിൽ കിടന്ന സാമ്പ്രാണിയെടുത്ത് കത്തിച്ചുവെക്കുവാരുന്നെന്ന് മൂപ്പര് പറഞ്ഞു.

അങ്ങനെയിരിക്കെ ഒരു വൈകുന്നേരം മുന്തിരി തിന്നോണ്ടിരിക്കെ അപ്പച്ചനൊന്ന് ഛർദ്ദിച്ചു. ഫുഡ് പോയിസണാണെന്ന വിചാരംകൊണ്ട് വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി. മരുന്നൊക്കെ കുറിച്ചു തന്നെങ്കിലും ഇടക്കിടെ ഛർദ്ദി വന്നോണ്ടിരുന്നു. അങ്ങനെ പിറ്റേന്ന് തലശ്ശേരിയിലുള്ള ആശുപത്രിയിൽ ചെന്നപ്പോ അർശ്ശസിന്റെയാണെന്നും എത്രയും വേഗം രണ്ട് കുപ്പി ബ്ലഡ് കയറ്റിയ ശേഷം ഓപ്പറേഷനുള്ള തിയ്യതി നിശ്ചയിക്കണമെന്നുമായി അവിടുത്തെ ഡോക്ടർ. അങ്ങനെ ഇരിട്ടിയിലുള്ള ആശുപത്രിയിൽവെച്ച് രണ്ട് ദിവസങ്ങളിലായി രക്തം കയറ്റുകയും ചെയ്തു. അത് കാൻസർ കാലത്തിന്റെ തുടക്കമായിരുന്നു.

പിറ്റേന്ന് മൂപ്പരുടെ വീട്ടീ ചെന്നപ്പോ “എടാ വൈറ്റീന്ന് വല്ലാതെ ചോര പോകുന്നുണ്ടെന്ന് അപ്പച്ചൻ പറഞ്ഞു”. അങ്ങനെ ഞങ്ങൾ രണ്ടാകൂടി പിറ്റേന്ന് വീണ്ടും ആശുപത്രീലേക്ക് പോയി. “ജോസേട്ടാ രക്തം വല്ലാതെ കുറയുന്നുണ്ടല്ലോ” എന്നായി ഡോക്ടർ. “അല്ല ഡോക്ടറേ രണ്ട് കുപ്പി രക്തം കഴിഞ്ഞ ദിവസമല്ലേ കേറ്റീത്. കയറ്റിയ രക്തമൊക്കെ വേർത്ത് പോകുവാണോ” എന്ന് തമാശയും പറഞ്ഞ് ഞാനും അപ്പച്ചനുംകൂടെ വീട്ടിലോട്ടും പോന്നു.

പിന്നെ കോഴിക്കോടുള്ള ആശുപത്രിയിലായിരുന്നു ചികിത്സ. അവിടുത്തെ മരുന്നുകഴിപ്പും കഴിഞ്ഞ് പ്രതീക്ഷകെട്ട് അപ്പച്ചനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ദിവസവും ഗ്ലൂക്കോസ് കയറ്റണം. ആമാശയം പാതി എടുത്തുകളഞ്ഞതുകൊണ്ട് ഗ്ലൂക്കോസ് തുള്ളികളെ അപ്പച്ചന്റെ ശരീരം ജീവനായി കരുതി. എന്തെങ്കിലും തിന്നാമെന്നുവെച്ചാൽ ഇറങ്ങില്ല. അത് അപ്പാടെ ഛർദ്ദിച്ചുപോരും. ഏറ്റവും ഇഷ്ടമുള്ള കപ്പയും ഇറച്ചിയും ഒരിക്കൽ തിന്നു നോക്കിയതാണ്, മണിക്കൂറുകൾ നീണ്ട ഛർദ്ദിയായിരുന്നു പിന്നെ.

ആ നാളുകലിൽ മൂപ്പരുടെ കാലിന്റെ പെരുവിരലിൽനിന്നും ആരംഭിച്ച നീര് ശരീരത്തിലാകെ പടർന്നുകൊണ്ടിരിക്കുകയായിരുന്നു. കൈ ഞരമ്പുകളിൽ കുത്തിവെച്ചിരുന്ന ഗ്ലൂക്കോസ് കുഴലുകൾ സ്ഥാനം മാറിമാറി കഴുത്തിലെത്തി. കുഴലിന്റെ സ്ഥാനം മാറും തോറും മരണത്തിലേക്കുള്ള അകലം കുറയുകയാണെന്ന് അപ്പച്ചൻ മനസിലാക്കിയിരുന്നു. അവസാന നാളുകളിൽ കഴുത്തിലെ ഞരമ്പിലൂടെയാണ് ഗ്ലൂക്കോസ് നൽകിയിരുന്നത്. തല മാത്രം അനക്കാനാകുന്ന അവസ്ഥ. പക്ഷേ അപ്പോഴും അപ്പച്ചന്റെ നാവിന് വിശ്രമം ഇല്ല. എല്ലാ ദിവസവും തങ്ങളുടെ ജോസേട്ടനെ കാണാൻ ഒത്തിരിപ്പേർ ആശുപത്രി വാർഡിൽ കയറിയിറങ്ങി. അമല ആശുപത്രിയിലെ 210-ാം മുറി ജോസേട്ടന്റെ മുറി എന്നാണ് നഴ്സുമാർ വിളിച്ചിരുന്നത്. രണ്ട് മാസത്തിലധികം അവിടെ കിടക്കേണ്ടിവന്നതുകൊണ്ടാകും ആ മുറി അത്ര പരിചിതമായത്.

ഗ്ലൂക്കോസ് കയറാത്ത അവസ്ഥയിലേക്ക് ഞരമ്പുകൾ ശോഷിച്ചുതുടങ്ങിയിരുന്നു. അങ്ങനെ കഴുത്തിലൂടെ ഗ്ലൂക്കോസ് നൽകിയിരുന്ന ഒരു ഉച്ച നേരത്ത് ഗ്ലൂക്കോസ് തുള്ളികൾ ഇറ്റുവീഴുന്നില്ലെന്ന് കണ്ടെത്തിയത് ആലീസമ്മയാണ്. നഴ്സുമാർ ഓടിയെത്തി. കഴുത്തിൽനിന്നും ഗ്ലൂക്കോസ് കുഴലുകൾ ഊരിയെടുക്കുമ്പോൾ അപ്പച്ചൻ, “അളിമ്പീ ഇനി അര മണിക്കൂർ അല്ലേ?” എന്ന് ചോദിച്ചു. മരണ വക്കിൽനിന്നോണ്ടുള്ള അപ്പച്ചന്റെ തമാശകേട്ട് അമ്പിളി നേഴ്സ് ഏങ്ങിക്കരഞ്ഞോണ്ട് മുറിവിട്ടോടി.

റെഡ് എഫ്എം 93.5

“ഞാൻ മരിച്ചാൽ നിങ്ങൾ മതപരമായ പാട്ടുകളൊന്നും പ്ലേ ചെയ്യാതെ അടിപൊളി സിനിമാ പാട്ട് പാടിക്കോണ്ടുവേണം എന്നെ കൊണ്ടോയി കുഴിച്ചിടാൻ”. സാജൻ സാർ സ്റ്റുഡൻസായ ഞങ്ങളോട് ഒരിക്കൽ പറഞ്ഞതാണ്. ചുമ്മാ വട്ട് പറയാതെ സാറേ എന്ന് പിന്നീട് രഹസ്യത്തിൽ ഞാൻ സാറിനോട് പറയുകയും ചെയ്തു. ഞങ്ങൾ കുറച്ചുപേർ സാറിന്റെ സ്വന്തം മക്കളെപ്പോലായിരുന്നു.

റേഡിയോ സാജന് വളരെ പ്രിയപ്പെട്ട ഉപകരണമായിരുന്നു. കുറച്ചുകാലം ഓൾ ഇന്ത്യാ റേഡിയോയിൽ താൽക്കാലിക അനൌൺസറായി സാജൻ ജോലി നോക്കിയിട്ടുണ്ട്. അക്കാലത്ത് നാട്ടുകാർ മാമച്ചാ (സാജന്റെ വിളിപ്പേര്) ഇപ്പോ എന്താണ് പരിപാടികൾ എന്ന് ചോദിക്കുമ്പോ റേഡിയോയിലാണ് പണിയെന്ന് പറഞ്ഞിട്ടും നാട്ടുകാർ വിശ്വസിച്ചില്ലെന്ന് മൂപ്പര് പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പ്രശ്നം രൂക്ഷമായപ്പോൾ പ്രശ്നം പരിഹരിക്കാൻ കത്തുകൾ വായിക്കുന്ന കൂട്ടത്തിൽ നാട്ടിലെ പ്രിയ സുഹൃത്തിന്റെ കത്ത് ഒരെണ്ണം വായിച്ചതും മാമച്ചൻ നാട്ടിലെ ഹീറോയായി.

വളരെ ബ്രില്ല്യന്റായ ഒരു മനുഷ്യനായിരുന്ന സാജൻ ജോർജ്ജ്. ഉദയഗിരി മലയിൽനിന്നും പത്രംവായിക്കാൻ പഠനകാലത്ത് കിലോമീറ്ററോളം നടന്ന അനുഭവമൊക്കെ സാർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഹിന്ദു പത്രത്തിൽ വരുന്ന അച്ചടി പിഴവുകൾ കണ്ടെത്തുന്നത് സാറിന്റെ ഹോബിയായിരുന്നു. പിഴവുകളൊക്കെ കണ്ടെത്തി മൂപ്പർ എഡിറ്റർക്ക് മെയിൽ അയക്കുകയും ചെയ്യും. ബിബിസിയിൽ വാർത്ത വായിക്കുന്ന മനുഷ്യരുടെ ഉച്ചാരണ ശുദ്ധി സാറിന്റെ ഭാഷയ്ക്ക് ഉണ്ടായിരുന്നു. അതോണ്ട് ക്ലാസിൽ മൂപ്പര് സംസാരിക്കുന്നത് വാപൊളിച്ച് കേക്കാനായിരുന്നു യോഗം.

ചെറുപ്പത്തിൽ ഫുഡ്ബോൾ കമന്ററി റേഡിയോയിൽ കേട്ടാണ് ഇംഗ്ലീഷിനോടുള്ള ഭ്രാന്ത് മൂത്തതെന്ന് അയാൾ ഒരിക്കൽ എന്നോട് പറഞ്ഞു. കൂടെ നടക്കുമ്പോൾ ഒറ്റയ്ക്ക് ഇഗ്ലീഷിൽ സംസാരിക്കുന്നത് മൂപ്പരുടെ ശീലമായിരുന്നു. ഇതെന്നാ സൂക്കേടാ സാറേ എന്ന് ചോദിച്ചാൽ ഭാഷ ശരിയാക്കുന്നതാണെന്നായിരുന്നു മൂപ്പരുടെ മറുപടി.

അങ്ങനെയിരിക്കെ തനിക്ക് ‘ബൈപ്പോളാർ ഡിസോഡർ’ ഉണ്ടെന്നും ഏത് നിമിഷവും തന്റെ ജീവിതം ആത്മഹത്യയിലേക്ക് വഴുതിവീണേക്കാം എന്നും സാർ പറഞ്ഞു. ഇരിട്ടിയിലെ കുമ്മട്ടിക്കടയിൽനിന്നും സിഗരറ്റും വാങ്ങി ഒതുക്കമുള്ള ഒരിടത്തേക്ക് വിളിച്ചോണ്ട് പോയിട്ടാണ് മൂപ്പരിത് എന്നോട് പറഞ്ഞത്. പുക അലസമായി ഊതിക്കോണ്ട് താൻ പോടോ എന്ന് പറഞ്ഞ് ഞാൻ പുച്ഛിക്കുകയും ചെയ്തു. ഇതിനിടയിൽ ഒരിക്കൽ തിരുവനന്തപുരത്തെ ചികിത്സയ്ക്കായി ഞാൻ സാറിന്റെ ഒപ്പം പോയി. പിന്നീട് പലപ്പോഴായി ചികിത്സകൾ. കവിത എഴുതാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ മനുഷ്യന്റെ ഇഷ്ട എഴുത്തുകാരെല്ലാംതന്നെ ആത്മഹത്യ ചെയ്തവരായിരുന്നു. സിൽവിയാപ്ലാത്തിന്റെ വരികൾ സുകൃത ജപം പോലെ ചൊല്ലി നടന്നിരുന്ന ഒരാൾ.

2014 ഡിസംബറിൽ തലക്കാവേരി ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഞാൻ സാറിനൊപ്പം യാത്രപോയി. വയറുനിറയെ ബിയർ കുടിച്ചശേഷം ഹോട്ടൽ മുറിയിലെത്തിയ ശേഷം ഇതെന്റെ അവസാന തീർത്ഥയാത്രയാണെന്ന് മൂപ്പരെന്നോട് പറഞ്ഞു. സ്ഥിരം പല്ലവിയായതുകൊണ്ടുതന്നെ ഞാനത് ഗൌനിച്ചുമിച്ചുമില്ല. ആ യാത്രക്ക് ശേഷം ഫോൺ വിളിച്ചാൽ ആ മനുഷ്യൻ എടുത്തിരുന്നില്ല.

2015 ജനുവരിയിലാണ് ഞാൻ സാറിനെ പിന്നീട് കാണുന്നത്. അന്ന് വീട്ടിൽ ചെല്ലുമ്പോൾ റേഡിയോയിൽനിന്നും റെഡ് എഫ്എമ്മിൽനിന്നുള്ള സിനിമാ പാട്ട് കേൾക്കുന്നുണ്ട്. പുസ്തകങ്ങലെല്ലാം ചിട്ടയോടെ അടുക്കിവെച്ചിട്ടുണ്ട്. മുറ്റത്ത് കൂടിനിന്ന ആളുകൾക്കിടയിലൂടെ നൂണ്ടുപോയി ജനലിലൂടെ ഞാനും നോക്കി. മുഷിഞ്ഞ വസ്ത്രം ഭിത്തി ഹാങ്കറിൽ തൂക്കിയിട്ടതുപോലുള്ള സാജന്റെ ദേഹം ജനാലയുടെ അഴികൾക്കിടയിലൂടെ ഞാൻ കണ്ടു. റെഡ് എഫ്എം 93.5 ൽ നിന്നും പാട്ടുകൾ തുടർന്നുകൊണ്ടേയിരുന്നു. പക്ഷേ സാജൻ ജോർജ്ജ് എന്ന കവിതയുടെ വരികൾ അവിടെവെച്ച് മുറിയുകയായിരുന്നു.

( 27.08.2019ന് ഏഷ്യാനെറ്റ് ന്യൂസിൽ പ്രസിദ്ധീകരിച്ചു)

Comments

Popular posts from this blog

പൈതൽ മല, കോടമഞ്ഞിന്റെയും മഴയുടെയും തണുപ്പ്

ഏലിയാമ്മയുടേയും വർഗീസിന്റെയും മരണം | രണ്ട്

മോർച്ചറിയിലെ കളിക്കാർ