പറ്റുപടി“എടാവ്വേ നീയല്ല നിന്റെ കാർന്നോപ്പടി ഔതക്കുട്ടി വിചാരിച്ചാലും നീയൊന്നും എന്റെ പറമ്പിലെ ഒരുപിടി മണ്ണ് ചുരണ്ടിയെടുക്കത്തില്ല,” വെട്ടിക്കാട്ട് എൽസിച്ചേടത്തി തോണക്കര അവിരായോട് അടച്ചു പറഞ്ഞു.

“കോളറീന്ന് പിടിവിടടീ തേവിടിശ്ശീ”ന്നും പറഞ്ഞ് അവിരാ കുതറി.

“എടാ ചെക്കാ, സർക്കാര് കുത്തിയ സർവ്വേക്കല്ല് അവിടെത്തന്നെ കെടക്കട്ടെ. അതെന്റെ മടിക്കുത്തേലേക്ക് കേറ്റിക്കുത്താന്നു വിചാരിക്കുന്ന നിന്റെ തന്തയോട് അതൊന്നും നടപ്പില്ലെന്ന് പോയി പറഞ്ഞേര്, നാവിക്ക് മട്ടുകാല് കേറണ്ടേൽ പോടാ ചെക്കാ,” എന്നുമ്പറഞ്ഞ് എൽസിച്ചേടത്തി ഈണ്ടിക്ക് താഴെയുള്ള വഴിയേ വീട്ടിലേക്കു പോയി.

എൽസി ചേച്ചടത്തിയോടു തോണക്കര അവിരാ കോർക്കുന്നതിനും രണ്ടാഴ്ച മുന്നേയാണ് മുരിയങ്കരിയിൽ ദേവസ്യക്കുട്ടിയും അനിയൻ ആന്റോയുംകൂടി *പേത്രത്തായ്ക്ക് കശാപ്പ് ചെയ്യാനുള്ള പോത്തിനേയുംകൊണ്ട് തെയ്യമ്പാടിയിലെത്തിയത്.

പോത്തിനെ എൽസിച്ചേടത്തിയും കണ്ടതാണ്. നാലുകിലോ ഇറച്ചിയും കരളും വീട്ടിലേക്കു കൊടുത്തുവിട്ടേക്കണേന്ന് അപ്പോൾത്തന്നെ ആന്റോയോടു ചട്ടംകെട്ടുകയും ചെയ്തു.

തെയ്യമ്പാടി കുന്നിന്റെ വടക്കേ ചെരുവിലാണ് എൽസിച്ചേടത്തിയുടെ വീട്. ദില്ലി പൊലീസിൽ ഉദ്യോഗസ്ഥനായിരുന്ന ബേബിയായിരുന്നു കെട്ടിയോൻ. പട്ടാളത്തിൽ നേഴ്സായിരുന്നു എൽസിച്ചേടത്തി. തെണ്ണൂറ്റൊമ്പതിലെ മാർച്ച് മാസം അപ്പനെ കാണാൻ എൽസിച്ചേടത്തി നാട്ടിലേക്ക് പോരാനിരുന്ന അന്ന് സ്കൂട്ടർ ടാങ്കറിലിടിച്ച് ബേബിച്ചേട്ടൻ മരിച്ചു. കെട്ടിയോന്റെ ശവവുമായി നാട്ടിലെത്തിയ എൽസിച്ചേടത്തി പിന്നെ ദില്ലിയിലേക്ക് പോയില്ല.

ശവം നാട്ടിലെത്തിച്ച് അടക്കാനൊക്കെ എൽസിച്ചേടത്തി തന്റേടം കാണിച്ചു. പെണ്ണേ നിനക്കിനി ആരുണ്ടെന്നും പറഞ്ഞ് ആവലാതിപ്പെട്ട് വീട്ടിലെത്തിയ ബന്ധുക്കളെയും അയൽപ്പക്കത്തെ ചേട്ടത്തിമാരെയും എൽസിച്ചേടത്തിതന്നെ ആശ്വസിപ്പിച്ച് മടക്കിയയച്ചു. ആ പെണ്ണിന്റെ തന്റേടം കണ്ടില്ലേന്നും പിറുപിറുത്ത് വന്നോരൊക്കെ തിരിച്ചു പോയി.

മരിക്കുമ്പോൾ ബേബി ചേട്ടൻ ദില്ലി പൊലീസിൽനിന്നും സസ്പെൻഷനിലായിരുന്നു. ഓഫീസിലെ പ്രധാനപ്പെട്ട ഏതോ ഫയൽ കാണാതെപോയത് ബേബിച്ചേട്ടന്റെ പിടിപ്പുകേടുകൊണ്ടാണെന്നായിരുന്നു മേലാളന്മാരുടെ വിശദീകരണം. എന്നാലങ്ങനെയൊരു ഫയൽ താൻ കണ്ടിട്ടുപോലുമില്ലല്ലോയെന്നോർത്ത് ബേബിച്ചേട്ടൻ വിഷമത്തിലായി. ദിവസം ഏറുംതോറും ബേബിച്ചേട്ടൻ എൽസിച്ചേടത്തിയോടുതന്നെ മിണ്ടാതായി.

“ഇങ്ങനെ ചടഞ്ഞുകൂടിയിരുന്നിട്ടെന്നാത്തിനാ? നമുക്കൊന്ന് നാട്ടിൽ പോയേച്ചുവരാം” എന്ന് എൽസിച്ചേടത്തിയാണ് ബേബിച്ചേട്ടനോട് പറഞ്ഞത്.

“ട്രെയിനിലിരിക്കുമ്പോ വല്ലതും തിന്നണ്ടേ വല്ലതും വാങ്ങിയിട്ടു വരാം” എന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങിപ്പോയ ബേബിച്ചേട്ടനെ പിന്നെ എൽസിച്ചേടത്തി കണ്ടത് ശവപ്പെട്ടിക്ക് മുകളിലുറപ്പിച്ച ചില്ലിന്റെ ചതുര വടിവിലൂടെയാണ്.

കർത്താവിന്റെ പീഡയെപ്രതി തനിക്ക് എല്ലാം സഹിക്കാനുള്ള ശക്തിതരണമേയെന്ന് എൽസിച്ചേടത്തി മുട്ടിപ്പായി പ്രാർത്ഥിച്ചു. ബേബിച്ചേട്ടന്റെ ഓഫീസിൽനിന്നും ഒന്നുരണ്ടുപേർ ആശുപത്രിവരെ വന്ന് പോയതല്ലാതെ ബോഡി എങ്ങനെ നാട്ടിലെത്തിക്കുമെന്ന് ആരും ചോദിച്ചില്ല. കുരിശിന്റെ വഴിയും ചൊല്ലിക്കൊണ്ട് എൽസി ആമ്പുലൻസിലിരുന്നു. കെട്ടിയോന്റെ ശരീരത്തിനടുത്തിരുന്ന് എൽസിച്ചേടത്തി കർത്താവിന്റെ പങ്കപ്പാടോർത്ത് കരഞ്ഞു. നാലാം നാൾ തെയ്യമ്പാടിയിലേക്ക് ആമ്പുലൻസെത്തിയപ്പോഴേക്കും താൻ ഇനി ഒറ്റയാണെന്നും തനിക്കിനി താൻ മാത്രമാണെന്നും എൽസി ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

കെട്ടിയോൻ പോയതിന്റെ ആലസ്യത്തിലിരിക്കുന്ന എൽസിച്ചേടത്തിയുടെ വീടിനു മുന്നിലൂടെ ഒരു വൈകിട്ട് തകിടിയേൽ തൊമ്മിച്ചേട്ടൻ കുടിയൊക്കെ കഴിഞ്ഞ് വരികയാണ്. വീടിന് മുന്നിലെത്തിയതും അയാൾ എസിച്ചേടത്തിയെ നോക്കി രണ്ടു തെറിയങ്ങ് പാസാക്കി. എൽസിയുടെ ശരീര വർണ്ണനയൊക്കെ നടത്തി തൊമ്മിച്ചേട്ടൻ മൂത്ത് നിക്കുവാണ്. തിണ്ണേലിരുന്ന എൽസിച്ചേടത്തി ഒന്നും മിണ്ടാതെ എഴുന്നേറ്റ് വന്ന് തൊമ്മിയെ ഉരുപ്പടങ്കംപിടിച്ചു. എൽസിച്ചേടത്തിയുടെ മുട്ടുകാൽ തൊമ്മിയുടെ നാഭിയിൽ തൊട്ടുതാന്നതും അതേ ആഘാതത്തിന്റെ പകപ്പിൽ അയാൾ ഇടവഴിയിലേക്ക് മലച്ചുവീണു.

അങ്ങനെയാണ് എൽസി ചേടത്തിയുടെ വീടിന് പോലീസ് സ്റ്റേഷനെന്ന് പേരുവീണത്. താന്നിക്കൽ അവറാച്ചന്റെ ലൈസൻസിലുള്ള ഷാപ്പിലിരുന്ന് പന്നി ഉലർത്തിയതും കൂട്ടി കള്ളിറക്കിക്കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആണുങ്ങളാരും പിന്നീട് എൽസിച്ചേടത്തിയുടെ വീടിനുമുന്നിലൂടെ പോകാൻ ധൈര്യപ്പെട്ടില്ല.

എൽസിച്ചേടത്തിയുടെ വീടുകഴിഞ്ഞാൽ തെയ്യമ്പാടി പുഴയും അതിനപ്പുറം ഇനിയൊരിക്കൽക്കൂടി പുഴകടക്കാനാകുമോയെന്നാശങ്കപ്പെട്ടുനിൽക്കുന്ന ആറളം കാടുമാണ്. പുഴകടന്നെത്തുന്ന ജന്തുക്കളുടെ ശല്യം സഹിക്കവയ്യാണ്ടായപ്പോഴാണ് ബേബിയുടെ അനിയത്തിയെ കെട്ടിയോൻ സജിയപ്പൻ ഒരു നാടൻ തോക്ക് എൽസിച്ചേടത്തിക്ക് കൊണ്ടുക്കൊടുത്തത്.

“തോക്കും തൂക്കി നടന്നാപ്പോരല്ലോ സജിയപ്പാ ഉന്നം കിട്ടണേൽ എന്നാ ചെയ്യും” എൽസിച്ചേടത്തി ചോദിച്ചു.

“ശീമ ചേമ്പിന്റെ ഇലയെടുത്ത് ഈണ്ടീന്മേൽ കൊളുത്തി വെക്കണം. എന്നിട്ട് ഇലേടെ ഞരമ്പുകൾ ചേരുന്നോടം നോക്കി അങ്ങ് കീച്ചിയേക്കണം ചേടത്ത്യേ.”

അങ്ങനെ സന്ധ്യയ്ക്ക് തെയ്യമ്പാടിയുടെ വടക്കുഭാഗത്തുനിന്നും വെടിയൊച്ച കേട്ടുതുടങ്ങുകയും ചെയ്തു.

തോക്കും കൊണ്ട് അഭ്യാസം തൊടങ്ങിയതിൽപ്പിന്നെ എൽസിച്ചേടത്തിയുടെ വീട്ടിലേക്ക് എത്തിനോക്കാനുംകൂടി ആരും തുനിഞ്ഞില്ല. ഒറ്റ ബുദ്ധിക്കാരി അറുവാണിച്ചി എന്നതേലും ചെയ്താലോയെന്നായി തെയ്യമ്പാടിക്കാരുടെ ചിന്ത.

തേഞ്ഞൊഴിഞ്ഞ ചകിരിയും വാഴക്കച്ചിയും ചാരത്തിൽമുക്കി പാത്രം തേച്ചുമെഴുക്കുകയായിരുന്നു എൽസിച്ചേടത്തി. കണ്ടാലേ പേടിയാവുന്ന നല്ല എമണ്ടൻ വളർത്തുനായ്ക്കൾ മൂന്നെണ്ണം പൊരേടെ പരിയമ്പുറത്തായി സെൻട്രി കണക്കെ ജാഗ്രതയോടെ നിന്നു. നാളെ ശനിയാഴ്ച, പേത്രത്താ ആയിക്കോണ്ട് ആന്റോ പിള്ളാരുടെ കയ്യിൽ ഇറച്ചി കൊടുത്തുവിടണ്ടതാണല്ലോയെന്നും ആലോചിച്ച് നിക്കുമ്പോഴാണ് തൊണ്ടിൽനിന്നും എൽസിച്ചേട്ടത്തിയേന്നുള്ള വിളികേട്ടത്. പട്ടികളെ കെട്ടിയിട്ടേക്കുവല്ലേ പിന്നെ ആരാണേലും കേറി വന്നാലെന്താന്നും വിചാരിച്ച് മുറ്റത്തേക്ക് ഇറങ്ങി ചെന്നപ്പോഴുണ്ട് ആന്റോയും കശാപ്പുകാരൻ മാപ്ലയും തൊണ്ടിൽ നിൽക്കുന്നു.

“അതെന്നാ പറ്റിയെടാ ആന്റോയേ നേരം ഉച്ചയായിട്ടും ഇറച്ചി കിട്ടീലല്ലോ?” എൽസിച്ചേടത്തി ചോദിച്ചു.

“ചേച്ചീ അക്കാര്യം പറയാനാ ഞങ്ങളുവന്നത്,

കുതറിപ്പോകാണ്ടിരിക്കാൻ കാലൊക്കെ കൂച്ചിക്കെട്ടി നിർത്തീട്ടാ പോത്തിന്റെ താട കണ്ടിച്ചത്, ഉന്തിമറിച്ചിടാൻ നോക്കുമ്പോ കിട്ടിയ ഊക്കിൽ കെട്ടുംപൊട്ടിച്ച് ഒരോട്ടം. പോത്തിപ്പോ കുന്നപ്പള്ളിക്കാരുടെ റബ്ബർ തോട്ടത്തിൽ നിപ്പുണ്ട്”.

“സജിയപ്പന് നേരമില്ലാഞ്ഞിട്ടാണ്. എൽസിച്ചേടത്തിയോട് ചോദിച്ചാ ചെലപ്പോ വന്നേക്കുമെന്ന് അങ്ങേരാ പറഞ്ഞത്”.

“ചേടത്തി വന്നാൽ ഞങ്ങക്ക് ഉപകാരമായേനെ”- ആന്റോ പറഞ്ഞു.

ഓഹോ ഇനി പോത്തിനെ കൊന്ന് ഇറച്ചി എടുത്തിട്ടുവേണോ തിന്നാനെന്ന് ഉറക്കെ ആത്മഗതപ്പെട്ട് പുരയ്ക്കകത്തേക്കു പോയ എൽസിച്ചേടത്തി തോക്കും കൊണ്ടാണ്, പിന്നെ പ്രത്യക്ഷപ്പെട്ടത്.

ആന്റോയുടെ ഫോർവീൽ ജീപ്പിക്കേറി കുന്നപ്പള്ളിക്കാരുടെ റബ്ബർത്തോട്ടത്തിലെത്തുമ്പോഴേക്ക് ആണുങ്ങൾ അവിടെ കൂടിയിരുന്നു. ‘എടാ ഇതിപ്പോ വെട്ടുപോത്തുകളൊരുപാടുണ്ടല്ലോ, ഏതിനെ കാച്ചണ’മെന്നൂറിച്ചിരിച്ച് എൽസിച്ചേടത്തി ജീപ്പിൽനിന്നും ഇറങ്ങി.

“ഇക്കുറി വെടിയെറച്ചി കഴിക്കാനാണ് യോഗം” റബ്ബർത്തോട്ടത്തിലെ കാറ്റിൽനിന്നും കുശുകുശുപ്പുണ്ടായി. വെറുതെ എൽസീടെ തനിക്കൊണം കാണണ്ടേൽ ഒന്ന് മിണ്ടാതിരിയെടേയെന്ന് ഉടനേ മറുപടീംവന്നു.

തോക്കിൽ തിരനിറച്ച് സൂക്ഷ്മതയോടെ എൽസിച്ചേടത്തി കുന്നപ്പള്ളിക്കാരുടെ റബ്ബർത്തോട്ടത്തിലേക്കിറങ്ങി, റബ്ബർബോർഡുകാരെ വെട്ടിച്ച് വളർന്നുപൊന്തിയ കൂറ്റൻ ആഞ്ഞിലിക്ക് ചുവട്ടിലേക്ക് പതിയെ അവർ നീങ്ങി നിന്നു. ആദ്യത്തെ വെടി പൊട്ടിയതും റബ്ബർത്തോട്ടത്തിൽനിന്നും ആരവം ഉയർന്നു. കാണികളൊരുപാടുള്ള ഏതോ കളിക്കളത്തിലാണ് താനെന്ന് എൽസിച്ചേടത്തിക്ക് തോന്നി.

കയ്യാലകളും റബ്ബർത്തോട്ടവും കടന്ന് പോത്തോടി. എൽസിച്ചേടത്തിയും ഓടി, പിന്നാലെ ആന്റോയും ദേവസ്യക്കുട്ടിയുമുണ്ട്. കുന്നപ്പള്ളിക്കാരുടെ അതിരിലെ ഇടുക്ക് വഴിക്ക് മുകളിലൂടെ പോത്ത് അപ്പുറത്തെ തെരുവക്കാട്ടിലേക്ക് ചാടി. എൽസിച്ചേടത്തി ഓട്ടത്തിനിടയിൽ അതുവരെ ഇല്ലാതിരുന്ന ഊക്കിൽ തെരുവക്കാട്ടിലേക്ക് ചാടിയിരുന്നു.

“വിടല്ല് ചേച്ച്യേ” ആന്റോയുടെ ഒച്ച കിതപ്പിനിടയിൽനിന്നും ഉയർന്നു.

വെപ്രാളംകൊണ്ട് പോത്ത് ദയനീയമായി മുക്രയിട്ടു. മരണക്കളിയുടെ വേഗമേറിയതായി പോത്തിനും എൽസിച്ചേച്ചിക്കും ഒരുപോലെ തോന്നി. തെരുവക്കാടിന്റെ മൂർച്ചയിൽ എൽസിയുടെ ശരീരത്തിൽനിന്നും രക്തം പൊടിഞ്ഞു.

കൊല്ല്… കൊല്ല്… തെരുവകൾ മൂർച്ചയുള്ള ഇലകൾ തമ്മിലുരച്ച് ആർപ്പിട്ടു.

വട്ടമരത്തിന്റെ കുറ്റിയിൽ തടഞ്ഞുവീണ ദേവസ്യകുട്ടിയെ എണീപ്പിക്കാനായി ആന്റോ പിന്നോട്ടോടിയപ്പോഴേക്ക് വെടികാണാൻ കൂടിയവർ പോത്തിനും എൽസിച്ചേടത്തിക്കും പിന്നാലെ തെരുവക്കാടും കടന്ന് മറഞ്ഞു.

എൽസിച്ചേടത്തിക്ക് പിള്ളേരില്ലാത്തോണ്ട് നാട്ടിലെ ആണുങ്ങൾ മച്ചിയെന്നും കെട്ടിയോനെ കൊല്ലിയെന്നും രഹസ്യത്തിൽ വിളിക്കാറുണ്ട്. പെണ്ണാണെങ്കിൽ കെട്ടിയോൻ ചത്തിട്ടും വിഷമമൊന്നുമില്ലാതെ ജീവിക്കുമോയെന്ന് നാട്ടിലെ ചില പെണ്ണുങ്ങളും അത്ഭുതപ്പെട്ടു. കെട്ടിയോനെ കൊല്ലിച്ചിട്ട് അവളിവിടെ വന്ന് ഒറ്റപ്പൂരാടമായി സുഖമായി ജീവിക്കുന്നതുകണ്ടില്ലേന്ന് വേറെ ചിലർ.

തെയ്യം കെട്ടുകാരന്റെ തെങ്ങുതോപ്പിലേക്ക് പോത്ത് പുഴകടന്നു കയറി. തെങ്ങും തോപ്പിന്റെ അതിരിലെ രണ്ടാൾപ്പോക്കമുള്ള ഈണ്ടിക്കരുകിയിലെത്തിയപ്പോഴേക്ക് ഇനിയെങ്ങോട്ടോടും എന്ന ആശങ്കയിൽ പോത്ത് വേഗത കുറച്ചു. രണ്ടാമത്തെ ഉന്നം പാഴാക്കരുതെന്നുറച്ച് എൽസി കാഞ്ചി വലിച്ചു. പോത്തിന്റെ തലയും തുളച്ച് ഒരു മൂളൽ കടന്നുപോയി. ഇനി എന്നാചെയ്യുമെന്നാലോചിച്ച് കുഴങ്ങിയപോത്ത് തിലകന്റെ പറമ്പിൽ ചോരതുപ്പിവീണു.

എൽസിച്ചേടത്തിയുടെ പറമ്പിനപ്പുറത്താണ് രാഘവന്റെ പത്ത്സെന്റ് സ്ഥലം. രാഘവന്റെ പുരയിടത്തിലേക്ക് വഴി ചോദിച്ചിട്ട് എൽസിച്ചേടത്തി കൊടുക്കാത്തേന്റെ കെറുവ് തീർക്കാൻ എൽസിച്ചേടത്തിയെപ്പറ്റി അയാൾ പറഞ്ഞുനടക്കാത്തതായി ഒന്നുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കുന്നപ്പള്ളിക്കാരുടെ പറമ്പിൽ രാഘവനും ഉണ്ടായിരുന്നു. വാതം വന്ന് നീരുകെട്ടിയ കാലുമായി പോത്തിന്റെ പുറകേ ഓടാനൊന്നും വയ്യ, എന്നാലിതുവഴി വന്നതല്ലേ കുറച്ച് വെറ്റിലയും പറിച്ച് പോകാമെന്നു വിചാരിച്ച് രാഘവൻ കുന്നപ്പള്ളി *പീലിച്ചായന്റെ വീട്ടിലേക്ക് പിടിപ്പിച്ചു.
നാട്ടുകാര്യോം പറഞ്ഞ് രാഘവനും പീലിച്ചായനും വെറ്റക്കൊടിമരം നിന്ന കിണറ്റുകരയിലേക്ക് മുറ്റത്തെ പടിയിറങ്ങി നടന്നു.

ഓടത്തോട്ടിയുടെ തലയ്ക്കൽ വെറ്റിലത്തണ്ടിൽ കൊളുത്തി വലിക്കാൻ പാകത്തിൽ ഷേവിങ് ബ്ലേഡ് ചെരിച്ച് കുത്തിക്കൊണ്ട് രാഘവൻ പീലിച്ചായനോട് പറഞ്ഞു.
“കെട്ടിയോൻ ചത്തത് നന്നായി അല്ലേൽ ഓൾടെ ചീലയ്ക്കടിയിൽക്കിടന്ന് ഓൻ കഷ്ട്പ്പെട്ടേനെ,”

“തന്നെ…” പീലിച്ചായൻ പറഞ്ഞു.

“കഴിഞ്ഞ ചൊവ്വാഴ്ച ഞാനും കൃഷ്ണൻകുട്ടി ആശാരീടെ ഇളയത് പ്രകാശനും സന്ധ്യയ്ക്ക് തെയ്യമ്പാടി മലയ്ക്കോട്ട് പോയതായിരുന്നു”.

“ഉവ്വ… എന്നിട്ട്…,” പീലിച്ചായൻ കേൾക്കുന്നുണ്ടെന്ന് ഭാവിച്ചു.

“കൊറച്ച് കപ്പയും കാച്ചിലും ഇട്ടിട്ടുണ്ടേ… വല്ലാത്ത പന്നിശല്ല്യമാണ്, പന്നിവരുന്നുണ്ടേൽ തുരത്താനായിട്ട് മലയ്ക്കോട്ട് പോയതാ”.

“മലയ്ക്കലെ ഷെഡ്ഡിൽ പോയി രണ്ടെറക്ക് നാടനും കുടിച്ച് മണി രാത്രി പന്ത്രണ്ടായിക്കാണും, പന്നീം പട്ടീമൊന്നും ഇല്ലാത്ത സ്ഥിതിക്ക് മലയിറങ്ങാന്നുവെച്ചു”.

“അങ്ങനെ മലയിറങ്ങി വരുമ്പോഴുണ്ട് താടീം മുടീം ഒക്കെ നീട്ടിയ ഒരുത്തൻ എൽസീടെ വീടിനങ്ങോട്ടുള്ള ഇടുക്കെടേക്കൂടെ നടന്നുപോകുന്നു… നേരായ മാർഗ്ഗത്തീ വരുന്നോനാണേൽ അവക്കടെ വീട്ടിലേക്കുള്ള വഴീക്കൂടെ പോയാലെന്നാന്ന് ഞങ്ങക്കൊരു സംശയം”.

സംശയം ശരിവച്ച്, ‘അത് നേരാണല്ലോന്ന്,’ പീലിച്ചായനും പറഞ്ഞു.

“അങ്ങനെ ഞാനും പ്രകാശനുംകൂടി എന്നാപ്പിന്നെ ഇതാരാണെന്നൊന്നു കണ്ടേക്കാമെന്നു വിചാരിച്ച് ഒച്ചയൊന്നും കേൾപ്പിക്കാണ്ട് പതുങ്ങനെ പുറകേ പിടിച്ചു”.

“കെട്ടിയോനില്ലാത്ത ഓൾടെ പാതിരാ സമ്പർക്കം ആരോടാന്നറിയണോല്ലോ…”

“എന്നിട്ട് എന്നാ ഉണ്ടായേന്ന് ഒന്ന് പറയെടാ രാഘവാ” പീലിച്ചായൻ അക്ഷമനായി.

“തോണക്കര അവിരായ്ടെ പറമ്പീന്നൊള്ള ഇടുക്കിടേക്കൂടെ എറങ്ങി അയാൾ നേരെ എൽസീടെ വീട്ടിലേക്ക് കേറി. ഞങ്ങളും പിന്നാലെ പോയി. പക്ഷേ സംഭവമെന്നാച്ചാ എൽസീടെ വീട്ടിലെ പട്ടികളൊന്നും മിണ്ടീല. വാതില് തൊറന്ന് അവൾ അയാളെ വീട്ടിലേക്ക് കേറ്റുവേം ചെയ്തു.”

“എന്നാപ്പിന്നെ അവനെ ഇപ്പത്തന്നെ കണ്ടേക്കാന്നുവിചാരിച്ച് അവക്കടെ വീട്ടുമുറ്റത്തേക്ക് ഒച്ചകേപ്പിക്കാണ്ട് കേറുവേം അതുവരെ മിണ്ടാണ്ടിരുന്ന പട്ടികളെല്ലാംകൂടെ പാഞ്ഞുവന്നതും ഒന്നിച്ചാരുന്നു.”

“എന്റെ പീലിച്ചായാ ജീവനീ കൊതിയൊള്ളോണ്ട് ഞങ്ങൾ ഓടി.”

എൽസിയെപ്പറ്റി കേട്ടത് നേരാണോയെന്ന് പീലിച്ചായൻ കണ്ടവരോടൊക്കെ അന്വേഷിച്ചുകൊണ്ടിരുന്ന നേരത്ത് തിലകന്റെ പറമ്പിലുണ്ടായിരുന്നവർക്ക് പോത്തിനെ അവിടെയിട്ട് വെട്ടണോ അതോ ആലയിലേക്ക് കൊണ്ടുപോണോ എന്ന ആശയക്കുഴപ്പത്തിന് തീരുമാനമായിരുന്നില്ല.

എന്നാപ്പിന്നെ ഇവിടെയിട്ടുതന്നെ പോത്തിനെ വെട്ടാം എന്ന് മാപ്ല പറഞ്ഞു.

“ഇനി ഇതിനേംകൊണ്ട് ആലേലെത്തുമ്പോഴേക്ക് രാത്രിയാകും,” ആന്റോ പറഞ്ഞത് നേരാണെന്ന് മാപ്ല ശരിവച്ചു. ‘എന്നാപ്പിന്നെ അങ്ങനെയായിക്കോട്ടേ’ന്ന് ദേവസ്യക്കുട്ടി പക്ഷം വ്യക്തമാക്കി.

രാത്രിയായപ്പോഴേക്ക് ആന്റോതന്നെ ഇറച്ചിയും വെടിക്കുള്ള നന്ദിയറിയിക്കാനായി ഒരു കോത്തക്കുപ്പിയിൽ വാറ്റുമായി എൽസിച്ചേടത്തിയെ കാണാൻ ചെന്നു. നെല്ലിട്ട് വാറ്റിയതാ ചേച്ചീ നല്ല പിടുത്തമായിരിക്കുമെന്നും പറഞ്ഞ് ആന്റോ ചെന്നപാടേതന്നെ ഇറങ്ങി.

“അവൾ നമ്മക്കൊന്നും തരുകേലായിരിക്കും, ഇഷ്ടക്കാർക്ക് മാത്രമാ കൊടുപ്പ്”. ഇറച്ചികഷ്ണത്തിലൊരെണ്ണമെടുത്ത് വായിലിട്ട് “ഞ്ട്ട” എന്ന് ഞൊട്ടിക്കൊണ്ട് തകിടിയേൽ തൊമ്മിച്ചേട്ടൻ പറഞ്ഞു.

“എന്നാ ഞങ്ങക്കുംകൂടി തരാവോന്ന് കാർന്നോര് ചെന്ന് ചോയീര്”, ഷാപ്പിലുണ്ടായിരുന്ന രാഘവൻ പറഞ്ഞു.

“കാർന്നോർക്ക് കിട്ടിയതൊന്നും പോരായിരിക്കും” ലൈസൻസി അവറാന്റെ ഒച്ച കള്ളുകുപ്പിക്കിടയിൽനിന്നു കേട്ടു.

“വെടീടെ ചൂടുള്ള ഇറച്ചിയാണ് കേട്ടോ നിങ്ങ മുണുങ്ങുന്നത്”

-അവറാച്ചനിത് പറഞ്ഞതും വായിലെടുത്ത കള്ള് മൂക്കിലൂടെ ചീറ്റിച്ച് ചുമച്ചു ചിരിച്ചും കള്ള്ഷാപ്പ് ഒന്നിളകിയിരുന്നു.

“അവടെ വീട്ടീ വന്നുപോകുന്നോനെ എന്നാപ്പിന്നെ കയ്യോടെ പിടിക്കരുതോ രാഘവോ?”

അങ്ങനെയൊരു തീരുമാനം എല്ലാവരുംകൂടിയെടുക്കുവാണേൽ റെഡിയാണെന്ന് രാഘവനും പറഞ്ഞു.

എന്നാ അങ്ങനെയാകട്ടേന്ന് കള്ളുഷാപ്പും തലയനക്കി. നാളെത്തൊട്ട് നോമ്പുകാലമല്ലേ, ഇനിയവക്ക് നന്നാകാൻ തോന്നിയാലോന്നാശങ്കപ്പെട്ട് എല്ലാവരും അന്നേക്ക് പിരിഞ്ഞു.

വളയംകോട്ടെ ഷാപ്പിൽ കലക്ക് വെള്ളം കൊടുത്തെന്നും പറഞ്ഞ് പിറ്റേ ദിവസം കഷ്ടകാലത്തിന് അവറാച്ചനെ എക്സൈസുകാര് കൊണ്ടുപോയി. തെയ്യമ്പാടിയിലെയും വളയംകോട്ടെയും ഷാപ്പുകൾ ഒരുമിച്ചു പൂട്ടിയകാരണം ഇനി കള്ളന്വേഷിച്ച് നടക്കാനൊന്നും മേലെന്നുവിചാരിച്ച് കശുമാങ്ങാ പിഴിയാമെന്ന് രാഘവനും തീരുമാനിച്ചു. അങ്ങനെ എൽസിച്ചേടത്തിയുടെ കാര്യത്തിൽ മാത്രം തീരുമാനമാകാതെ പോകുകയും ചെയ്തു.

വായ് നനയ്ക്കാൻ വല്ലതും കിട്ടുമോയെന്നും ചോദിച്ച് തൊമ്മിച്ചേട്ടൻ തെയ്യമ്പാടിക്കുന്നിലെ ഒറ്റമുറി ഷെഡ്ഡിലെത്തി. ‘കൈ സഹായത്തിന് ആളെ ആവശ്യമുണ്ടേൽ പറഞ്ഞേക്കണേടാ, ചില്ലറ വല്ലതും തന്നാമതി’യെന്നുപറഞ്ഞ് തൊമ്മിച്ചേട്ടൻ രാഘവനെ നോക്കി. പാതിരായ്ക്ക് നിക്കാൻ പറ്റൂങ്കി നിന്നോളാൻ രാഘവനും പറഞ്ഞു.

ഷാപ്പ് പൂട്ടിയതിന്റെ വിഷമം ആരെയും അനുഭവിപ്പിക്കാതെ രാഘവന്റെ വാറ്റ് തെയ്യമ്പാടിയിലെ കുന്നിനുമുകളിൽനിന്നും സുലഭം ഒഴുകിക്കൊണ്ടേയിരുന്നു.

ഈസ്റ്റർ ഞായറാഴ്ച പാതിരാ കുർബ്ബാന പകുതിയായ നേരത്ത് പിറ്റേന്നത്തേക്കുള്ളതെല്ലാം കുപ്പിയിലാക്കിവച്ച് രാഘവനും തൊമ്മിച്ചേട്ടനും തെയ്യമ്പാടിക്കുന്നിറങ്ങി.

രാഘവനാണത് കണ്ടത്, തോണക്കരക്കാരുടെ റബർഷീറ്റ് പുരയ്ക്കടുത്തൂന്ന് ഒരനക്കം. ആരോ കുന്നിറങ്ങി പോകുകയാണ്. പാതിരാ കുർബ്ബാനയ്ക്കു പോയ തക്കം നോക്കി ആരെങ്കിലും കളവിനിറങ്ങിയതാണെന്നു വിചാരിക്കുമ്പോഴേയ്ക്ക്, ‘നമ്മള് നോക്കിയിരുന്നില്ലേലും കർത്താവ് അവനെ നമ്മുടെ മുന്നിൽ കൊണ്ടെത്തിച്ചത് കണ്ടോടാ’ന്നും പറഞ്ഞ് തൊമ്മിച്ചേട്ടൻ വേഗം നടക്കാൻ രാഘവനോട് ആംഗ്യംകാട്ടി.

“തൊമ്മിച്ചേട്ടാ, ഞാൻ വിടുവാ പറഞ്ഞതല്ലെന്ന് ഇപ്പോഴെങ്കിലും മനസിലായോ?” പിന്നാലെ എത്താൻ ശ്രമപ്പെടുന്നതിനിടയിൽ രാഘവൻ പറഞ്ഞു.

വീടിന്റെ പടിയിലെത്തിയപ്പോഴേക്ക് അയാളെ കയറ്റി എൽസി വീടിന്റെ വാതിലടയ്ക്കുന്നത് രാഘവനും തൊമ്മിച്ചേട്ടനും ഒരുപോലെ കണ്ടു. ഈ പാതിരായ്ക്ക് ഒരുത്തൻ കേറിവന്നിട്ടും ഈ പട്ടികളെന്നാ മിണ്ടാത്തേന്ന് ഇരുവരും ഒരുമനസ്സോടെ ആശ്ചര്യപ്പെട്ടു.

അവരൊന്ന് മൂത്തു വരുമ്പോഴേക്ക് നമ്മക്ക് ഇടപെടാമെന്ന് തൊമ്മിച്ചേട്ടനാണു പറഞ്ഞത്. എന്നാൽ രണ്ടെണ്ണം ഇറക്കീട്ടാകാം എന്നായി രാഘവൻ.

എൽസിച്ചേടത്തിയുടെ വീട്ടുമുറ്റക്കെട്ടിൽ ചാരിയിരുന്ന്, വാറ്റിറക്കിക്കൊണ്ട്, ‘എൽസിക്ക് നല്ല ഉന്നവാ, സൂക്ഷിച്ചോളണേ’ന്നു രാഘവൻ പറഞ്ഞു.

“അവക്കടെ ഉന്നം ശരിയാണോന്ന് നോക്കാനല്ലേ രാഘവാ നമ്മളിവിടെ കുത്തിപ്പിടിച്ചിരിക്കുന്നത്,” എന്നായി തൊമ്മിച്ചേട്ടൻ.

വെളുപ്പിനെ രണ്ടോടടുത്ത സമയത്ത്, രാഘവനും തൊമ്മിച്ചേട്ടനും മുറ്റത്ത് പട്ടികളുണ്ടാകുമെന്ന ജാഗ്രതയിൽ അരമതിലിനപ്പുറത്തേക്ക് ചാടിയിരുന്നു. ശ്ശെടാ ഈ ഉണക്കൻ പട്ടികളെന്നാ മിണ്ടാത്തതെന്ന ചിന്തയിൽ, പെരയ്ക്കകത്തെ വെളിച്ചത്തിൽനിന്നും എൽസിച്ചേടത്തിയുടെ ശബ്ദം പുറത്തേക്ക് വരുന്നത് ഏതു ഭാഗത്തൂടെയാണെന്ന് അവർ കാതോർത്തു.

പാത്തും പതുങ്ങിയും നടക്കുന്നതിനിടയിൽ ഒരുപട്ടി ഓടിവന്ന് നിങ്ങളെ പ്രതീക്ഷിച്ചിരിക്കയായിരുന്നെന്നമട്ടിൽ ഇരുവരെയും മണപ്പിച്ചു നോക്കിയിട്ട് ഓടിപ്പോയി. ശ്ശെടാ ഇതെന്നാകൂത്തെന്നും വിചാരിച്ച് രാഘവനും തൊമ്മിച്ചേട്ടനും മുഖത്തോടുമുഖം നോക്കിയിട്ട് ഇനിയെന്നാ പേടിക്കാനാണെന്നമട്ടിൽ നടുമുറിയുടെ ജനാലയ്ക്കരുകിലേക്ക് ചെന്നു.

പെരയ്ക്കകത്തേക്കുള്ള ആദ്യനോക്ക് തൊമ്മിച്ചേട്ടന്റേതായിരുന്നു. പിന്നാലെയെത്തിയ രാഘവന്റെ കണ്ണുകളും അതേ കാഴ്ചയിൽ പങ്കാളിയായി. എൽസിച്ചേടത്തിക്കൊപ്പം വാറ്റും കുടിച്ചിരിക്കുന്ന രൂപത്തെക്കണ്ട്, ശ്ശെടാ അങ്ങനെവരാൻ വഴിയില്ലല്ലോയെന്നാലോചിച്ച് കുഴങ്ങി. ‘എൽസീ… നീയും ഇതിയാനും തമ്മിൽ എന്നാ ഇടപാടെ’ന്ന് ചോദിക്കാനാഞ്ഞതും പുറകീന്നുവന്ന മിന്നായം നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടേയെന്ന് വിളിച്ചുപറഞ്ഞു.

ഓടിക്കോടാ രാഘവാന്നും പറഞ്ഞ് അലറിയതും തൊമ്മിയേക്കാൾ വേഗത്തിൽ രാഘവൻ മതിലുചാടി പാഞ്ഞു. എൽസിക്കൊപ്പം കണ്ടരൂപം തന്നെ പിന്തുടരുന്നുണ്ടെന്നു തോന്നിയ തൊമ്മി കുന്നിൻ മുകളിലേയ്ക്ക് പ്രാണനുംകൊണ്ട് ഓടി.

പാതിരാകുർബ്ബാന കഴിഞ്ഞ് വഴിയേ പോയവർ തെയ്യംപാടിക്കുന്നിൽനിന്നും കർത്താവ് വലിയവനാണെന്നും അവന്റെ നാമം വാഴ്ത്തപ്പെടട്ടേയെന്നും ആരോ അലറിപ്പറയുന്നതുകേട്ടു.
പേത്രത്താ: വലിയ നോമ്പ് ആചരണത്തിന്റെ തുടക്കത്തിന്റെ തലേന്ന് മാംത്സ ഭക്ഷണം കഴിച്ച് ക്രിസ്ത്യാനികൾ നോമ്പ് ആചരണത്തിന് തയ്യാറെടുക്കുന്ന ദിവസം.

(2018 ജുലൈ 22ന് കലാകൌമുദിയിൽ പ്രസിദ്ധീകരിച്ചത്)

Comments

Popular posts from this blog

പൈതൽ മല, കോടമഞ്ഞിന്റെയും മഴയുടെയും തണുപ്പ്

ഏലിയാമ്മയുടേയും വർഗീസിന്റെയും മരണം | രണ്ട്

മോർച്ചറിയിലെ കളിക്കാർ