മഞ്ഞ വെളിച്ചം
വീടിന് പടിഞ്ഞാട്ട് നടന്നാലൊരു മലയുണ്ട്. അടിവാരത്തുനിന്നും കശുമാം തോട്ടത്തിലൂടെ നടന്നുകയറിവേണം അവിടെയെത്താന്‍. ലീല ചേച്ചിയുടെ വീട് അവിടെയാണ്. പല വ്യഞ്ജനക്കടയില്‍ പോകാനും മണ്ണെണ്ണവാങ്ങാനും മലയിറങ്ങുമ്പോള്‍ മാത്രമാണ് അവരെ വെളിയില്‍ കാണാറ്.
പനിയാന്നും അടവ് പറഞ്ഞ് വീട്ടിലിരുന്ന വെള്ളിയാഴ്ച തിണ്ണക്കടിയിലിരിക്കുകയാരുന്നു ഞാന്‍. ചാമ്പ ചോട്ടില്‍ ഞാനൊന്നിനുമില്ലേന്നും പറഞ്ഞ് ടൈഗര്‍ കൈക്ക് മോളില്‍ തലയും വെച്ച് എന്നേ നോക്കിയുംകിടന്നിരുന്നു.‘കാലിന് നീരാടീ എല്‍സ്യേ പഴയപോലൊന്നും നടക്കാന്‍ മേല’. ലീലേച്ചി അമ്മയോട് വിളിച്ചു പറഞ്ഞു. മണ്ണെണ്ണ കന്നാസും പിടിച്ച് ഏച്ചി റോട്ടിലൂടെ പോകുന്നത് വാഴത്തലപ്പിനിടയിലൂടെയാണ് ഞാന്‍ കണ്ടത്.
‘പെലയരെന്നു പറയുന്ന വര്‍ഗ്ഗമുണ്ടെല്ലോ, വര്‍ക്കത്തുകെട്ടതുങ്ങളാ’. ഇന്നാള് ലീലേച്ചി റോട്ടിലൂടെ പോകുന്നതുകണ്ട് പെണ്ണമ്മ ചേച്ചി അമ്മയോട് പറയുന്ന കേട്ടിരുന്നു. ‘പെലയര്‍’ ആ വാക്ക് ഞാന്‍ ആദ്യായിട്ട് കേക്കുവാരുന്നു. കില്ല വര്‍ത്താനം പറയരുത് പെണ്ണമ്മേന്നും പറഞ്ഞ് അമ്മയന്ന് പെരയ്ക്കകത്തോട്ട് കേറിപ്പോയി.
മണ്ണ് കൂട്ടികൊഴച്ച് കട്ട പിടിപ്പിച്ചായിരുന്നു അപ്പന്‍ ഞങ്ങടെ വീട് പണിതത്. അന്ന് കട്ടപ്പെട്ടി വീട്ടിലുണ്ടായിരിക്കുകയെന്നൊക്കെ പറഞ്ഞാല്‍ ആര്‍ഭാടമാണ്.
‘വാടകയൊന്നും വേണ്ടടാ ഉവ്വേ നീ വീട് പണിയ്. കേറിക്കൂടാന്നേരം കള്ളപ്പവും എറച്ചിക്കറീം ഉണ്ടാക്കീട്ട് നീ വിളിക്ക്. ഞാന്‍ വരാം’ എന്നുംപറഞ്ഞാണ് കൊച്ചുവേലിക്കകത്തെ തോമാ ചേട്ടന്‍ അപ്പന്റെ കൈയ്യില്‍ കട്ടപ്പെട്ടി കൊടുത്തുവിട്ടത്. കരുത്തം കൊണ്ട് മഴക്കാലമായപ്പോഴേയ്ക്കും വീടുപണി കഴിഞ്ഞു.
കരിയോയിലും കൂട്ടി തറ മെഴുകാന്‍ നേരത്ത് ലീലേച്ചിയാണ് അമ്മയ്ക്ക് ആകെയുണ്ടാരുന്ന സഹായം. നാട്ടിലെ വിശേഷങ്ങളും പറഞ്ഞ് അവര് രണ്ടാളുംകൂടി ചാണകവും കരിയോയിലും കൂട്ടിക്കൊഴച്ച് വീടിന്റെ തറ മെഴുകി. അങ്ങനെ വല്ലപ്പോഴുമായിരുന്നു ലീലചേച്ചി വീട്ടില്‍ വന്നിരുന്നത്.
ചേട്ടായിയും ചേച്ചീയുമൊക്കെ ആദ്യകുര്‍ബ്ബാന സ്വീകരിച്ചത് മൂന്നീന്നാരുന്നു. നാലാം ക്ലാസിലാരിക്കുമ്പോഴായിരുന്നു എന്റെ ആദ്യകുര്‍ബ്ബാന. മുന്നത്തെ വര്‍ഷംവരെ മൂന്നാം ക്ലാസീന്നേ ആദ്യകുര്‍ബ്ബാന സ്വീകരിക്കാരുന്നു. വലിയ തിരുമേനീം അച്ചന്‍ന്മാരും കൂടി ആലോചിച്ചിട്ടാണ് കുറച്ചൂടെ മുതിര്‍ന്നിട്ട് പിള്ളേര്‍ കുര്‍ബ്ബാന സ്വീകരിച്ചാല്‍ മതിയെന്നു തീരുമാനിച്ചത്.
വീട്ടിലുണ്ടാരുന്നു തേപ്പുപെട്ടി ഓടിന്റേതാരുന്നു. ആദ്യകുര്‍ബാനയുടെ തലേന്നുതന്നെ അമ്മ എന്റെ പാന്റ്സും ഷര്‍ട്ടും തേച്ച് വെച്ചു. രാവിലെ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ വേഷം അത്ര പോരെന്ന് ഓനാച്ചന്‍ പാപ്പനും തെറുതി ആന്റിക്കും തോന്നിയത്.
‘എടീ, ഡേവി മോന്റെ വെള്ള ഓവര്‍കോട്ട് വീട്ടിലിരിപ്പില്ലേ അത് എടുത്തോണ്ട് വാ’ ഓനാച്ചന്‍ പാപ്പന്‍ തെറുതി
ആന്റിയോട് പറഞ്ഞു.
‘പാന്‍സും ഷര്‍ട്ടുമിട്ട് ഇന്നടിച്ചിട്ടും ചെക്കന് ഐറ്റപ്പെഴ ലുക്കാ. ഓവര്‍കോട്ടിട്ടാ അതാ ചേല്’.
കോട്ടും പത്രാസുമൊക്കെയിട്ട് പള്ളീല്‍ പോയി നിക്കാന്‍ എനിക്ക് നാണം തോന്നി. വല്ല്യോര് പറയുന്നേനൊന്നും എതിര് പറയരുതെന്ന് അപ്പന്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ഞാനൊന്നും പറഞ്ഞില്ല. അങ്ങനെ പള്ളീലെ പരിപാടീം കഴിഞ്ഞ് വീട്ടിലെത്തി.
നാലാളെ വീട്ടില്‍ വിളിച്ച് വരുത്തി കാപ്പി കൊടുക്കുന്നത് എന്റെ ആദ്യകുര്‍ബ്ബാനയ്ക്കായിരുന്നു. പൊറോട്ടയും ഇറച്ചിക്കറിയുമായിരുന്നു പ്രധാന വിശേഷം.
ആദ്യകുര്‍ബ്ബാന ആഘോഷത്തിനിടയില്‍ ചിരിയും കളിയുമായി നടക്കുമ്പോഴാണ് ലീല ചേച്ചി ചെറിയൊരു പൊതിയുമായി കയറി വന്നത്. എല്ലാരും പോയിക്കഴിഞ്ഞ് തുറന്നു നോക്കിയാ മതിയെന്നു പറഞ്ഞ് അതെന്റെ കൈയ്യില്‍ തന്നു. ലീലേച്ചിയുടെ മുഖത്താകെ ചമ്മലാണ്. ആരെയും കാണിക്കാതെ അത് അമ്മയുടെ കൈയ്യില്‍ കൊടുത്തു.
വൈകിട്ട് എല്ലാരും പോയിക്കഴിഞ്ഞ് തിണ്ണയിലിരുന്നാണ് ഞാന്‍ പൊതി തുറന്നത്. അതൊരു ഓട്ടു വിളക്കായിരുന്നു. എല്ലാരും നിക്കറിനും ഷര്‍ട്ടിനും തുണിയൊക്കെ കൊണ്ടുവന്നിട്ട് ഈ ലീലേച്ചി എന്നാ പണിയാകാണിച്ചേന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു. എടാ ചെറുക്കാ ഇവിടെയാകെ രണ്ട് അലൂമിനിയ വിളക്കേ ഉള്ളൂവെന്ന് ലീലേച്ചിക്കറിയാം. നീയൊക്കെ എന്നാത്തിന് മുന്നിലിരുന്ന് പഠിക്കും. കെറുവിച്ചുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി.
നിനക്കൊന്നും പഠിക്കാനില്ലേടീ പെണ്ണേ? അവന്‍ന്മാരെ വിളിച്ചിരുത്തി വല്ലതും പറഞ്ഞുകൊടുക്കാന്‍ നോക്ക്. സന്ധ്യമയങ്ങിയപ്പോള്‍ കവലയില്‍നിന്നും വന്നപാടെ അപ്പന്‍ പറയുന്നതുകേട്ടു. കിണറ്റുംകരയില്‍ പാതിരാ കുളിയിലാരുന്നു ഞാനും ചേട്ടായീം.
തല തുവര്‍ത്തി വന്നപാടെ തിണ്ണയില്‍ ചാക്ക് വിരിച്ച് ചേച്ചി തയ്യാറായിരുന്നു. വന്നിരുന്ന് വല്ലതും പഠിയെടാ, അപ്പന്‍ പറഞ്ഞത് കേട്ടില്ലേന്ന് ചേച്ചി പറഞ്ഞു. നോട്ടുബുക്കും പുസ്തകവും എടുത്ത് തിണ്ണയില്‍ വന്നപ്പോഴുണ്ട് ലീലേച്ചി തന്ന ഓട്ടുവിളക്ക് നിലത്തെ വിരിയ്ക്ക് നടുവില്‍ തെളിഞ്ഞു നില്‍ക്കുന്നു. പുസ്തകവും നിവര്‍ത്തി അതിനു മുന്നിലിരുന്നു.
ഓട്ടുവിളക്കില്‍നിന്നും മഞ്ഞവെളിച്ചത്തിന്റെ ഇഴകള്‍ നാലാം ക്ലാസുകാരന്‍ ബോധത്തിലേക്കും കണ്ണുകളിലേക്കും പതിയെ പടരുന്നുണ്ടായിരുന്നു. അവ പഠിയെടാ വല്ലതും പഠിയെടാ എന്ന് അവനെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.
(ഡൂൾ ന്യൂസിൽ പ്രസിദ്ധീകരിച്ച കഥ)
Comments
Post a Comment