Monday, 14 September 2020

ഹാദിയ: നടന്നതും നടക്കാത്തതുംസെബിൻ എ ജേക്കബ്, ലിയോനാൾഡ് ഡെയ്സി മാത്യു

2017 സെപ്റ്റംബർ 15൹ സൗമ്യ കേസിന്റെ വാദം സുപ്രീംകോടതിയിൽ നടക്കുന്നു. ​ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയതായും ഇനി രണ്ട് വർഷം മാത്രം ജയിലിൽ തുടർന്നാൽ മതിയെന്നും മലയാളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ വാർത്ത ബ്രെയ്ക്ക് ചെയ്തു. പിന്നീട് കോടതിയുടെ അസാധാരണ നടപടിക്കെതിരെയായി ചർ‍ച്ച. കൂടാതെ, കൊല്ലപ്പെട്ട സൗമ്യയുടെ അമ്മയുടെ പ്രതികരണം തേടിപ്പോകാനും മാദ്ധ്യമങ്ങൾ മറന്നില്ല. വിധിയറിഞ്ഞ് അവർ വാവിട്ടുകരഞ്ഞു. സർക്കാരിനെ ശപിച്ചു. കോടതിയെ ശകാരിച്ചു.

അന്നു വൈകിട്ട് കോടതി ഉത്തരവിന്റെ പൂർണ്ണരൂപം കൈവശം ലഭിച്ചപ്പോഴാണ് ​ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി, പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നുവെന്നു സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ ജേണലിസ്റ്റുകൾക്കു മനസിലായത്. അപ്പോഴേയ്ക്കും സമയം വൈകിട്ട് ഏഴു മണി. ചെറിയൊരു ഖേദപ്രകടനത്തോടെ കോടതി ഉത്തരവിന്റെ യഥാർത്ഥ വശം മാദ്ധ്യമങ്ങൾ വിശദീകരിച്ചുതുടങ്ങി. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നവർ പുലർത്തേണ്ട ജാ​ഗ്രതയെക്കുറിച്ച് സജീവമായ ചർച്ചകൾ നടന്നു.

എങ്കിലും സൗമ്യയുടെ അമ്മയുടെ കണ്ണീരിന്, അവരനുഭവിച്ച വിങ്ങലിന്, അതൊന്നും പരിഹാരമാകുന്നില്ല. അന്നു ക്യാമറ ഒപ്പിയെടുത്ത അവരുടെ നിമിഷങ്ങൾ ഇപ്പോഴും ദൃശ്യമാദ്ധ്യമങ്ങളുടെ സ്റ്റോക്ക് വീഡിയോ ആയിരിപ്പുണ്ട്. കൃത്രിമമായി സാഹചര്യം സൃഷ്ടിച്ച് പകർത്തിയ ഈ ദൃശ്യങ്ങൾ ഇനിയും നമ്മൾ കാണും. അടുത്ത പൊതുതെരഞ്ഞെടുപ്പ് ആവുമ്പോൾ, തങ്ങൾ ചെയ്ത കന്നത്തരം മറച്ചുവച്ചുകൊണ്ട്, ഇതേ മാദ്ധ്യമങ്ങൾ തന്നെ അതും നിർവ്വഹിക്കും. നിലവിലുള്ള സർക്കാരിനെതിരെ വയ്ക്കുന്ന ‘കുറ്റപത്ര’മാകും, അത്.

കാളപെറ്റെന്നു കേട്ടവാറെ കയറെടുത്തു പായുന്ന ദൃശ്യമാദ്ധ്യമപ്രവർത്തകർ വാർത്തയുടെ ആധികാരികതയെ കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. അതു തെറ്റാണെന്നു കണ്ടാൽ അടുത്ത ബുള്ളറ്റിനിൽ നിന്നു ‘നൈസായി’ ഒഴിവാക്കുന്നവരാണു കൂടുതൽ. എന്നാൽ വാർത്ത തെറ്റാണെങ്കിലും താൻ പിടിച്ച മുയൽക്കൊമ്പിന്റെ അഴകുവർണ്ണിച്ച് അതിൽ തന്നെ ഉറച്ചുനിൽക്കുന്നവരും അപൂർവ്വമായുണ്ട്. ഇത് ഏറ്റവുമൊടുവിൽ കണ്ടത്, ഹാദിയ കേസ് റിപ്പോർട്ടിങ്ങിലാണ്.

ഈഴവസമുദായാംഗമായിരുന്ന അഖില ഹോമിയോപ്പതി ബിരുദപഠനത്തിനിടെ ഇസ്ലാം മതത്തിൽ ആകൃഷ്ടയായി ഹാദിയ എന്ന പേരു സ്വീകരിച്ച് മുസ്ലീമാവുകയും വീടുവിടുകയും ചെയ്തതിനെ തുടർന്ന് പിതാവു നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ നിന്നാണു കേസിനു തുടക്കം. തന്റെ വാദത്തിനു ബലം ലഭിക്കാനായി, മകൾ അഖിലയെ സിറിയയിലേക്കു കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും അതു തടയണമെന്നുമുള്ള വിചിത്രമായ ആവശ്യമാണു പിതാവ് അശോകൻ ഉയർത്തിയത്. ഈ വാദത്തെ തടയിടാനും അശോകന്റെ കസ്റ്റഡിയാവശ്യത്തെ നിരാകരിക്കാനുമായി മറുപക്ഷം ചെയ്തത്, ഹാദിയയ്ക്ക് പൊടുന്നനെ ഒരു വിവാഹം ഒരുക്കുകയായിരുന്നു. അതായത്, ഈ കേസ് വഷളാക്കിയതിൽ പിതാവിന്റെ പക്ഷത്തുനിന്നും മകളുടെ പക്ഷത്തുനിന്നും ഇടപെട്ട രണ്ട് ആശയധാരകളുടെ പങ്ക് വ്യക്തമാണ്. കോടതി നടപടികളിൽ ഇടപെടാനായി നടത്തിയ സൗകര്യാത്മക വിവാഹം എന്ന നിലയിലാണ്, കോടതി അതിനെ കണ്ടത്. അങ്ങനെ ഇതാദ്യമായി ഒരു വ്യക്തിയുടെ സ്വന്തം ഇണയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം തർക്കവിഷയമായി മാറുകയായിരുന്നു.

മതേതര രാഷ്ട്രീയകക്ഷികൾ തുടക്കത്തിൽ ഈ വിഷയത്തിൽ ഇടപെടാൻ മടിച്ചു മാറിനിന്നപ്പോൾ കർട്ടനുപിന്നിൽ ഇരുപക്ഷത്തുമായി വർഗീയസംഘടനകൾ നിലയുറപ്പിച്ചു. ഹൈക്കോടതിയിൽ നടക്കുന്ന ഏതൊരു മിശ്രവിവാഹ കേസുകളേയും പോലെ കോടതി യുവതിയെ ഭർത്താവിനൊപ്പം വിട്ടയച്ച് അവസാനിക്കേണ്ടിയിരുന്ന ഒരു കേസ്, വിവാഹം റദ്ദാക്കിയതിലൂടെ വ്യക്തി സ്വാതന്ത്ര്യം അപരിമിതം ആണോ എന്ന ചോദ്യമുൾക്കൊള്ളുന്ന ഹൈ പ്രൊഫൈൽ കേസായി മാറി. ഇത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ പുലർത്തേണ്ട ശ്രദ്ധയോടു കൂടിയാണോ, ദൃശ്യമാദ്ധ്യമങ്ങൾ വിഷയത്തിൽ ഇടപെട്ടത് എന്ന് ഉറക്കെ ചോദിക്കേണ്ടതുണ്ട്.

സുപ്രീംകോടതി കേസ് പരി​ഗണിച്ചപ്പോൾ കോടതി നടപടികൾ റിപ്പോർട്ട് ചെയ്ത രീതി ലീ​ഗൽ റിപ്പോർട്ടിങ്ങിൽ കേരളത്തിലെ മാദ്ധ്യമങ്ങളെ നമ്പരുതെന്നുള്ള ധാരണ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. കേരള ഹൈക്കോടതി ആദ്യം സൈനബയുടെയും പിന്നീട് അച്ഛന്റെയും രക്ഷാകർതൃത്വത്തിൽ ഹാദിയയെ വിട്ടതുപോലെ സുപ്രീംകോടതി കോളജ് ഡീനിന്റെ രക്ഷാകർതൃത്വത്തിൽ വിടുന്നുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പ്രായപൂർത്തിയായ ഒരുവൾക്ക് എന്തു രക്ഷാകർതൃത്വമാണു വേണ്ടത് എന്നും പിതാവിന്റെ രക്ഷാകർതൃത്വത്തിൽ സംഭവിച്ചതുപോലെ തന്നെ പതിനൊന്നുമാസക്കാലം തീർത്തും ഹോസ്റ്റൽ മുറിയിലും ഹൗസ് സർജൻസിക്കായി ആശുപത്രിയിലുമായി സഞ്ചാരസ്വാതന്ത്ര്യവും ബാഹ്യസമ്പർക്കവും തടസ്സപ്പെട്ട് അവർക്കു കഴിയേണ്ടിവരുമെന്നും ഉള്ള ധാരണയാണ് അതുണ്ടാക്കിയത്. എന്നാൽ ഈ ധാരണകളെ മുഴുവൻ തിരുത്തുന്ന ഒന്നാണ് കോർട്ട് പ്രൊസീഡിങ്സിന്റെ ലോഗ്.

അശോകന്റെയും എൻഐഎയുടെയും വാദം കേട്ട കോടതി അതേ ദിവസം ഹാദിയയെ കേൾക്കില്ലെന്ന് മീഡിയാ വൺ ചാനലാണ് ആദ്യം ബ്രേക്ക് ചെയ്തത്. ഈ റിപ്പോർട്ട് ഏറ്റെടുത്തവര്‍ ഇപ്പോഴും വാര്‍ത്ത നീക്കം ചെയ്തിട്ടുമില്ല. ഇതേ വാർത്ത ബ്രേക്ക് ചെയ്തതിന് പിന്നാലെയാണ് കോടതി ഹാദിയയോട് സംസാരിച്ചതും സേലത്ത് പഠനം തുടരാൻ ഉത്തരവിട്ടതും. തെറ്റായ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളൊന്നുംതന്നെ ഖേദം പ്രകടിപ്പിച്ചുമില്ല. ഏറ്റവും കഷ്ടം ഹാദിയയ്ക്കു സ്റ്റോക്ക് ഹോം സിൻഡ്രോം ഉണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് സംശയിച്ചു എന്ന നിലയിൽ നടന്ന ഇന്റർപ്രെറ്റേഷനായിരുന്നു. എത്ര ഭീകരമായ വളച്ചൊടിക്കൽ! ‘ഇൻഡോക്ട്രിനേഷൻ’ ഉണ്ടെന്ന മുൻധാരണയിൽ ഞങ്ങൾക്കു പോകാനാവില്ല എന്നു വ്യക്തമായി പറയുന്നുണ്ട്, ജസ്റ്റിസ് ചന്ദ്രചൂഡ്.

കോടതി നടപടികൾ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്നുള്ളതിന്റെ ഏറ്റവും നല്ല മാതൃകയാണ് റിപ്പോർട്ടർ ടിവിയിലെ ബാല​ഗോപാൽ ബി നായർ ഫേസ്ബുക്കിൽ കുറിച്ച ഹാദിയ കേസിലെ കോടതി നടപടികളുടെ വിവരണം. കോടതി നടപടികളെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചപ്പോൾ കോടതി നടപടികളെന്തെല്ലാമായിരുന്നെന്ന് മനസിലാക്കാൻ ബാല​ഗോപാലിന്റെ കുറിപ്പ് വായിക്കേണ്ടിവന്നു. കോടതി നടപടികളിൽ നേരിട്ട് പങ്കെടുക്കുന്ന പ്രതീതി ബാലഗോപാലിന്റെ റിപ്പോട്ടിന് നൽകാൻ കഴിഞ്ഞു. കോടതി മുറിയിൽ ആരോക്കെ എവിടൊക്കെ ഇരുന്നുവെന്നുതുടങ്ങി കോടതിയിലെ സംഭാഷണങ്ങൾ കൃത്യതയോടെ റിപ്പോര്‍ട്ട്ചെയ്യാൻ ബാലഗോപാൽ ശ്രദ്ധിച്ചു. പിറ്റേന്നിറങ്ങിയ കേരള കൗമുദിയിലെ വി.എസ്. സനകന്റെ റിപ്പോർട്ടും എടുത്തുപറയേണ്ടതാണ്. കോടതി നടപടികളെന്തെല്ലാമായിരുന്നെന്ന് അക്കമിട്ട് നിരത്താൻ സനകന് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ സ്വന്തം റിപ്പോർട്ടർ കോടതിയിലിരിക്കെ അവിടെ നടക്കുന്നത് എന്ന നിലയിൽ റിപ്പോർട്ടർ ചാനലിൽ അപ്പോൾ സംപ്രേഷണം ചെയ്ത വാർത്ത, മറ്റു ചാനലുകളുടെ വാർത്തകളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. ആദ്യം വാർത്തയെത്തിക്കുക എന്നതിൽ കവിഞ്ഞ് ശരിയായ വാർത്ത എത്തിക്കുക എന്നത് ലക്ഷ്യമേയല്ല എന്ന നിലയിലായിരുന്നു റിപ്പോർട്ടുകൾ.
ചാനൽ റിപ്പോർട്ടർമാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ‘ഹാദിയ കേസിൽ എൻഐഎയുടെ വാദങ്ങളെ അനുകൂലിച്ച് സംസ്ഥാന സർക്കാർ’ എന്നാണു മനോരമ പ്രസിദ്ധീകരിച്ച വാർത്ത. ലോഗിൽ നിന്നു മനസ്സിലാകുന്നത്, ഏതെങ്കിലും ഘട്ടത്തിൽ വലിയ ചിത്രം കാണേണ്ടതുണ്ടെന്നും എൻഐഎ റിപ്പോർട്ട് അത്ര പ്രധാനപ്പെട്ടതാണെന്നു കോടതിക്കു തോന്നുന്നുണ്ടെങ്കിൽ മെറ്റീരിയൽ പരിഗണിച്ചു പോകാമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സംസ്ഥാനത്തിനു വേണ്ടി ഹാജരായ വി ഗിരി പറയുന്നുണ്ട് എന്നതാണ്. അതായത്, അതു സർക്കാരിന്റെ അഭിപ്രായം എന്ന നിലയിലല്ല, അദ്ദേഹം പറയുന്നത്. എൻഐഎ അന്വേഷണമേ വേണ്ട എന്ന നിലപാട് സർക്കാർ മുമ്പ് സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്നു എന്നതു മറന്നുപോകരുത്.

ഹാദിയ പ്രായപൂർത്തിയായ ഒരുവളാണെന്നും ഒന്നരമണിക്കൂറായി കാത്തുനിൽക്കുന്നുവെന്നും ഏജൻസിയില്ലാത്തവളായി പുറത്തുപോകുന്നത് അവർക്കു നാണക്കേടാവുമെന്നും കോടതി ഹാദിയയെ കേൾക്കണമെന്നും വാദിച്ച് അതുറപ്പാക്കുന്നത് കബിൽ സിബൽ പോലുമല്ല. സംസ്ഥാന വനിതാ കമ്മിഷന്റെ അഭിഭാഷകനായ ദിനേശ് ആണ്. വനിതാ കമ്മിഷൻ ഭരണപക്ഷവുമായി യാതൊരു ബന്ധവുമില്ലാത്ത വേറിട്ട എന്റിറ്റിയാണോ?
താൻ പ്രതിനിധീകരിക്കുന്ന കക്ഷിയുടെ അഭിപ്രായമല്ലാതെ വ്യക്തിപരമായ അഭിപ്രായങ്ങൾ അങ്ങനെ തന്നെ സൂചിപ്പിച്ചുകൊണ്ടു പറയുന്നത് കോടതികളിൽ സാധാരണമാണ്. അശോകനു വേണ്ടി ഹാജരായ സീനിയർ കൗൺസൽ ശ്യാം ദിവാൻ ‘വ്യക്തിസ്വാതന്ത്ര്യമാണു പരമപ്രധാനം’ എന്ന കബിൽ സിബലിന്റെ നിലപാടിനെ വ്യക്തിപരമായി താൻ പിന്തുണയ്ക്കുന്നു എന്ന് കോടതിയിൽ പറയുന്നുണ്ട്. അതും കക്ഷിയുടേതല്ലാത്ത വ്യക്തിപരമായ അഭിപ്രായപ്രകടനം തന്നെയാണ്. അപ്പോൾ വി ഗിരി പ്രകടിപ്പിച്ച ഒരഭിപ്രായത്തെ, അതും കോടതിക്ക് എൻഐഎ റിപ്പോർട്ട് അത്ര ‘compelling’ ആയി തോന്നുന്നുവെങ്കിൽ എന്ന കേവിയറ്റോടെ പറഞ്ഞ അഭിപ്രായം സംസ്ഥാന സർക്കാരിന്റെ അഭിപ്രായമാണ് എന്ന നിലയിൽ തലക്കെട്ടടിച്ചു വാർത്തയാക്കുന്നത് എന്തു പത്രപ്രവർത്തനമാണ്? ഏതായാലും എസ്ഡിപിഐ മുഖപത്രമായ തേജസ് അക്കാര്യത്തിൽ അനാവശ്യമായ പ്രചാരണത്തിനു മുതിർന്നില്ല എന്നത് ആശ്വാസമാണ്.

ചാനലുകളുടെ തെറ്റായ റിപ്പോർട്ട് ഏറ്റെടുത്ത ഓൺലൈൻ പോർട്ടലുകളാണ് വാസ്തവത്തിൽ വെട്ടിലായത്. ചാനൽ റിപ്പോർട്ടുകൾ അതേപടി ഏറ്റെടുത്ത വാർത്തയും നിമിഷങ്ങൾക്കുള്ളിൽ കോടതിയുടേത് അസാധാരണ നടപടിയാണെന്നു സ്ഥാപിക്കുന്ന ലേഖനങ്ങളും ഓൺലൈൻ പോർട്ടലുകളിൽ പ്രത്യക്ഷപ്പെട്ടു. വാർത്ത സ്ഥിരീകരിക്കാതെയാണ് ഇതെല്ലാം ചെയ്തതെന്നതാണ് ഖേദകരം. കോടതി നടപടിയുടെ വിശദവിവരങ്ങൾ പുറത്ത് വന്നെങ്കിലും അതേ ലേഖനങ്ങൾ ഇപ്പോഴും നീക്കം ചെയ്യാനോ ഖേദം പ്രകടിപ്പിക്കാനോ അവര്‍ തയ്യാറായിട്ടില്ല.
നിരന്തരം തെറ്റായ റിപ്പോർട്ടുകൾ കേട്ടും വായിച്ചും മാദ്ധ്യമങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്ന സാ​ഹചര്യം ഫലത്തിൽ രൂപപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് കോടതി നടപടികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നുകഴിഞ്ഞാൽ സ്ഥിരീകരണത്തിനായി കോടതി നടപടികളുടെ രേഖകൾ വായിക്കേണ്ട സാഹചര്യം നിലവിലുണ്ട്.

നിലവിൽ സുപ്രീംകോടതി റിപ്പോർട്ടിങ്ങിന് എത്തുന്ന മാദ്ധ്യമപ്രവർത്തകർക്ക് സുപ്രീം കോടതിയുടെ ലീഗൽ റിപ്പോർട്ടർക്കു നൽകുന്ന അക്രഡിറ്റേഷൻ വേണമെന്നുണ്ടെങ്കിൽ* ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അം​ഗീകാരമുള്ള സ്ഥാപനത്തിൽനിന്നും നിയമബിരുദം ഉണ്ടായിരിക്കണമെന്നു നിഷ്കർഷയുണ്ട്. ഏതെങ്കിലും പത്രസ്ഥാനത്തിനോ ഇലക്ട്രോണിക് മാദ്ധ്യമത്തിനോ വേണ്ടി ഏഴുവർഷത്തിൽ കുറയാത്ത കോടതി റിപ്പോർട്ടിങ് പരിചയവും സുപ്രീംകോടതി റിപ്പോർട്ടിങ് ചെയ്യണമെങ്കിൽ ആവശ്യമാണെന്നാണ് വെയ്പ്പ്. ഇത്രയൊക്കെ നിബന്ധനകളുണ്ടായിട്ടും മലയാളത്തിലെ ചാനലുകൾക്ക് റിപ്പോർട്ടിങ്ങിൽ പിഴവ് സംഭവിക്കുന്നത് ഓരോ ബീറ്റിലും അതാത് വിഷയങ്ങളിൽ അവഗാഹമുള്ളയാളുകളെ നിയമിക്കാത്തതുകൊണ്ടാണ്.

കോടതി നടപടികൾ റിപ്പോര്‍ട്ട് ചെയ്യുമ്പോൾ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാൾ കോടതിയ്ക്ക് അകത്തും മറ്റൊരാൾ കോടതിക്ക് പുറത്തും നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് നടത്തുകയുമാണ് പതിവ്. കോടതിക്ക് അകത്തുനിന്നും നൽകുന്ന വിവരങ്ങളാണ് ലൈവ് നൽകുന്നയാൾ ആവര്‍ത്തിക്കുക. വാര്‍ത്ത ഏറ്റവും ആദ്യം ബ്രെയ്ക്ക് ചെയ്യണമെന്ന ശാഠ്യവും ലൈവ് നൽകുന്നയാൾ റിപ്പോര്‍ട്ടുകൾ കൃത്യതയോടെ മനസിലാക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നത് വാസ്തവമാണ്. വാര്‍ത്ത ആദ്യം ബ്രെയ്ക്ക് ചെയ്യുക, വിവരങ്ങൾ തെറ്റാണെങ്കിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ നടപ്പ് രീതി. ഹൈക്കോടതിയിൽ അഭിഭാഷകരും റിപ്പോർട്ടർമാരും തമ്മിലുണ്ടായ പ്രശ്നത്തിന്റെ ആണിക്കല്ലും, ഇത്തരം മിസ് റിപ്പോർട്ടിങ് തന്നെ!

കൃത്യതയില്ലാത്ത റിപ്പോര്‍ട്ടിങ് ജനങ്ങളിൽ ചാനലുകളോടുള്ള വിശ്വാസ്യത ഗൗരവമാംവിധം ഇല്ലാതാക്കിയിട്ടുണ്ട്. എന്നാൽ സമയമെടുത്തു റിപ്പോർട്ട് ചെയ്യുന്ന ചില പത്രങ്ങളും ഇതേ രീതി പിന്തുടരുമ്പോൾ പ്രശ്നം ചാനലുകളുടെ ബ്രേക്കിങ് ന്യൂസ് സംസ്കാരത്തിനാണോ അതോ നമ്മുടെ മാദ്ധ്യമപരിശീലനത്തിന്റെയാണോ എന്ന സംശയം ഉണ്ടാകുന്നു. നേരത്തെ കൂട്ടി തീരുമാനിച്ച ഒരു ഹൈപ്പോതീസിസ് സ്ഥാപിക്കാൻ വേണ്ടി ക്വോട്ട് എടുക്കാൻ വിളിക്കുന്ന രീതി പോലും കേരളത്തിലെ ഒരു പ്രമുഖ സർവ്വകലാശാലയിലെ ജേണലിസം വിദ്യാർത്ഥികൾ പരിശീലിക്കുന്നു എന്ന് എല്ലാവിധ ഉത്തരവാദിത്തത്തോടെയും പറയുമ്പോൾ ചിരിക്കരുത്. നാളിതുവരെ ഒരു മാദ്ധ്യമസ്ഥാപനത്തിലും ജോലിയെടുത്തിട്ടില്ലാത്ത, പ്രാക്റ്റിക്കലായി ജേണലിസം വശമില്ലാത്തയാളുകൾ അടവിരിച്ചിറക്കിവിടുന്ന കബ് ജേണലിസ്റ്റുകൾ ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

* ഇത് അക്രഡിറ്റേഷനു വേണ്ടി മാത്രമുള്ള നിബന്ധനയാണ്. റിപ്പോർ‌ട്ട് ചെയ്യാൻ അക്രഡിറ്റേഷന്റെ ആവശ്യമില്ല.

കലാകൗമുദി ആഴ്ച്ചപ്പതിപ്പ് ലക്കം 2205, 2017 ഡിസംബർ 10
Published under on September 14, 2020