Posts

Showing posts from September, 2020

പറ്റുപടി

Image
“എടാവ്വേ നീയല്ല നിന്റെ കാർന്നോപ്പടി ഔതക്കുട്ടി വിചാരിച്ചാലും നീയൊന്നും എന്റെ പറമ്പിലെ ഒരുപിടി മണ്ണ് ചുരണ്ടിയെടുക്കത്തില്ല,” വെട്ടിക്കാട്ട് എൽസിച്ചേടത്തി തോണക്കര അവിരായോട് അടച്ചു പറഞ്ഞു. “കോളറീന്ന് പിടിവിടടീ തേവിടിശ്ശീ”ന്നും പറഞ്ഞ് അവിരാ കുതറി. “എടാ ചെക്കാ, സർക്കാര് കുത്തിയ സർവ്വേക്കല്ല് അവിടെത്തന്നെ കെടക്കട്ടെ. അതെന്റെ മടിക്കുത്തേലേക്ക് കേറ്റിക്കുത്താന്നു വിചാരിക്കുന്ന നിന്റെ തന്തയോട് അതൊന്നും നടപ്പില്ലെന്ന് പോയി പറഞ്ഞേര്, നാവിക്ക് മട്ടുകാല് കേറണ്ടേൽ പോടാ ചെക്കാ,” എന്നുമ്പറഞ്ഞ് എൽസിച്ചേടത്തി ഈണ്ടിക്ക് താഴെയുള്ള വഴിയേ വീട്ടിലേക്കു പോയി. എൽസി ചേച്ചടത്തിയോടു തോണക്കര അവിരാ കോർക്കുന്നതിനും രണ്ടാഴ്ച മുന്നേയാണ് മുരിയങ്കരിയിൽ ദേവസ്യക്കുട്ടിയും അനിയൻ ആന്റോയുംകൂടി *പേത്രത്തായ്ക്ക് കശാപ്പ് ചെയ്യാനുള്ള പോത്തിനേയുംകൊണ്ട് തെയ്യമ്പാടിയിലെത്തിയത്. പോത്തിനെ എൽസിച്ചേടത്തിയും കണ്ടതാണ്. നാലുകിലോ ഇറച്ചിയും കരളും വീട്ടിലേക്കു കൊടുത്തുവിട്ടേക്കണേന്ന് അപ്പോൾത്തന്നെ ആന്റോയോടു ചട്ടംകെട്ടുകയും ചെയ്തു. തെയ്യമ്പാടി കുന്നിന്റെ വടക്കേ ചെരുവിലാണ് എൽസിച്ചേടത്തിയുടെ വീട്. ദില്ലി പൊലീസിൽ ഉദ്യോഗസ്ഥനായിരുന്ന ബേബിയായിരുന്ന