Sunday, 28 May 2017

ബീഫ് പ്ലേറ്റില്‍ മണ്ണിട്ട മോദി തിന്നുന്ന മോര്‍ചെല്ല എസ്‌കുലന്ത !

Nrendra Modi


മഴക്കാലത്തെ വറുതിയില്‍ പോത്തിറച്ചി ഉണങ്ങിയത് കപ്പയ്ക്കൊപ്പം കഴിച്ച അനുഭവം നാട്ടിന്‍പുറത്തുകാര്‍ക്കുണ്ട്. കൊച്ചു കുട്ടികളുടേതടക്കം ആരോഗ്യം നിലനിര്‍ത്തിയത് അമ്മമാര്‍ അടുക്കളയില്‍ ഉണങ്ങി സൂക്ഷിച്ച പോത്തിറച്ചിയായിരുന്നു. വല്ലപ്പോഴും പോത്തിറച്ചി വാങ്ങുന്നതായിരുന്നു അത്തരം വീടുകളിലെ ആകെയുണ്ടായിരുന്ന ആര്‍ഭാടം. പക്ഷേ ആര്‍ഭാടത്തിനുവേണ്ടിയായിരുന്നില്ല അച്ഛനമ്മമാര്‍ മക്കള്‍ക്കു പോത്തിറച്ചി വാങ്ങി നല്‍കിയത്. നേരേ ചൊവ്വേയുള്ള കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഇറച്ചിയില്‍നിന്നുള്ള പോഷകം ആവശ്യമായിരുന്നുവെന്നുള്ള തിരിച്ചറിവ് ഒന്നുകൊണ്ടുമാത്രമാണ്.

ഇന്ത്യയിലെ എണ്‍പതു ശതമാനത്തോളം ആളുകളും മിശ്രഭുക്കുകളാണ്. അതില്‍ ഭൂരിഭാഗവും അടിസ്ഥാന വര്‍ഗ്ഗമാണ്. അവരാകട്ടെ മനുഷ്യാധ്വാനം വേണ്ടിവരുന്ന ഇടങ്ങളില്‍ ജോലിചെയ്യുന്നവരുമാണ്. ഇന്ത്യയില്‍ കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജനങ്ങളുടെ പോഷകാഹാരം ലഭിക്കാനുള്ള അവകാശത്തെയാണ് മൂക്കുകയറിട്ട് നിയന്ത്രിക്കുന്നത്.

കിലോയ്ക്ക് മുപ്പതിനായിരം രൂപ വിലവരുന്ന കൂണുകൊണ്ടുണ്ടാക്കുന്ന കറിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട ഭക്ഷണം. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള മൊറേലോ (മോര്‍ചെല്ല എസ്‌കുലെന്ത എന്ന് ശാസ്ത്രീയ നാമം) കൂണിന് ലോക മാര്‍ക്കറ്റില്‍തന്നെ ഡിമാന്റുണ്ട്. കൂണ്‍ കഴിക്കല്‍ ശീലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു തുടങ്ങിയതാണെന്നു മോദിതന്നെയാണു വെളിപ്പെടുത്തിയത്.

അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ആര്‍ഭാട ഭക്ഷണമായ പോത്തിറച്ചി, പ്രോട്ടീന്‍ സങ്കേതമാണ്. വിറ്റാമിന്‍ ബി 6, ബി 12, അയണ്‍, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ മൂലകങ്ങളും പോത്തിറച്ചിയില്‍ സുലഭമാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി കാര്‍ന്നോന്മാര്‍ കുട്ടികളെ പോത്തിറച്ചി തീറ്റിച്ചത് പോഷക ഗുണമുള്ള ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്ക് കഴിച്ചുവളരണം എന്നുള്ള ഉദ്ദേശത്തോടെയാണ്.

ഇനി മോദി കഴിക്കുന്ന കൂണിലെ പോഷകാംശങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. മൊറേലോ കൂണില്‍ കലോറിയും ഫാറ്റും കുറവാണ്. അയണും ഫോസ്ഫറസും കൂടുതലാണുതാനും. വൈറ്റമിന്‍ എ, സി, ഇ എന്നിവയാല്‍ സമൃദ്ധമായ മൊറേലോയ്ക്ക് വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയിലെ അടിസ്ഥാനവര്‍ഗ്ഗമെങ്ങനെ മുപ്പതിനായിരം രൂപയുടെ കൂണ്‍ കറി കഴിയ്ക്കും.

ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗത്തിനു ലഭ്യമായതില്‍വച്ച് ഏറ്റവും വിലകുറഞ്ഞ പോഷകാഹാരമാണ് മാംസം. കശാപ്പ് നിരോധിച്ചതോടുകൂടി ജനങ്ങള്‍ക്ക് ലഭ്യമായ ഭക്ഷണ വസ്തുവാണ് നിരോധിക്കപ്പെട്ടത്. അധ്വാനത്തിലേര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ ശാരീരികോര്‍ജ്ജം നിലനിര്‍ത്തുന്നതും ഇതേ മാംസ ഭക്ഷണം കഴിച്ചാണെന്നുള്ളതാണു വസ്തുത.

ആളുകളെന്ത് കഴിക്കണമെന്നു ഭരണാധികാരികള്‍ തീരുമാനിച്ചു തുടങ്ങുന്നതു ശുഭ ലക്ഷണമല്ല. പിന്നീട് എന്തു ധരിക്കണമെന്നും എവിടെ താമസിക്കണമെന്നും അവര്‍ തീരുമാനിച്ചു തുടങ്ങും. മോദിയ്ക്ക് തന്റെ ശാരീരിക പുഷ്ടി നിലനിര്‍ത്താന്‍ വിലകൂടിയ കൂണുള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇവിടെ ശാരീരികാധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പോഷകാഹാരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നവരുമായ ഗ്രാമീണര്‍ എന്തുചെയ്യണം?