മഞ്ഞ വെളിച്ചം
വീടിന് പടിഞ്ഞാട്ട് നടന്നാലൊരു മലയുണ്ട്. അടിവാരത്തുനിന്നും കശുമാം തോട്ടത്തിലൂടെ നടന്നുകയറിവേണം അവിടെയെത്താന്‍. ലീല ചേച്ചിയുടെ വീട് അവിടെയാണ്. പല വ്യഞ്ജനക്കടയില്‍ പോകാനും മണ്ണെണ്ണവാങ്ങാനും മലയിറങ്ങുമ്പോള്‍ മാത്രമാണ് അവരെ വെളിയില്‍ കാണാറ്. പനിയാന്നും അടവ് പറഞ്ഞ് വീട്ടിലിരുന്ന വെള്ളിയാഴ്ച തിണ്ണക്കടിയിലിരിക്കുകയാരുന്നു ഞാന്‍. ചാമ്പ ചോട്ടില്‍ ഞാനൊന്നിനുമില്ലേന്നും പറഞ്ഞ് ടൈഗര്‍ കൈക്ക് മോളില്‍ തലയും വെച്ച് എന്നേ നോക്കിയുംകിടന്നിരുന്നു. ‘കാലിന് നീരാടീ എല്‍സ്യേ പഴയപോലൊന്നും നടക്കാന്‍ മേല’. ലീലേച്ചി അമ്മയോട് വിളിച്ചു പറഞ്ഞു. മണ്ണെണ്ണ കന്നാസും പിടിച്ച് ഏച്ചി റോട്ടിലൂടെ പോകുന്നത് വാഴത്തലപ്പിനിടയിലൂടെയാണ് ഞാന്‍ കണ്ടത്. ‘പെലയരെന്നു പറയുന്ന വര്‍ഗ്ഗമുണ്ടെല്ലോ, വര്‍ക്കത്തുകെട്ടതുങ്ങളാ’. ഇന്നാള് ലീലേച്ചി റോട്ടിലൂടെ പോകുന്നതുകണ്ട് പെണ്ണമ്മ ചേച്ചി അമ്മയോട് പറയുന്ന കേട്ടിരുന്നു. ‘പെലയര്‍’ ആ വാക്ക് ഞാന്‍ ആദ്യായിട്ട് കേക്കുവാരുന്നു. കില്ല വര്‍ത്താനം പറയരുത് പെണ്ണമ്മേന്നും പറഞ്ഞ് അമ്മയന്ന് പെരയ്ക്കകത്തോട്ട് കേറിപ്പോയി. മണ്ണ് കൂട്ടികൊഴച്ച് കട്ട പിടിപ്പിച്ചായിരുന്നു അപ്പന്‍ ഞങ്ങടെ വീട് പണിതത്. അന്ന് കട്ടപ്പെട്ട