Thursday, 22 April 2021

ഏലിയാമ്മയുടേയും വർഗീസിന്റെയും മരണംഒന്ന്

നേരം വൈകിട്ട് ആറ് ആറേമുക്കാലായി കാണും. സോളിയും അനിയൻ പോളും ഇടവക പള്ളിയിലേക്ക് തിരക്കിട്ട് നടക്കുകയാണ്. പൊയ്കയിൽക്കാരുടെ പറമ്പിലൂടെയുള്ള ഇടവഴിയിലൂടെയായിരുന്നു അവരുടെ നടത്തം. ചീവീടും പാതിരാ പക്ഷികളും ഉണർന്നു തുടങ്ങുന്ന ആ നേരം കഴുത്തിൽ തൂക്കിയിട്ടിരുന്ന കാശുരൂപത്തിൽ മുറുകെ പിടിച്ച് അവർ വേഗത്തിൽ നടന്നു.

“നിനക്ക് പേടിയുണ്ടോടാ?”
സോളി അനിയനോട് ചോദിച്ചു.
എവ്ട്ന്ന് എനിക്കെങ്ങുമില്ലെന്ന് അവൻ പറഞ്ഞു. 

പെട്ടെന്ന് അവരുടെ നടപ്പുവഴിയുടെ അരികിലുള്ള കൊക്കോമരത്തിൽ നിന്നും മനുഷ്യനെന്ന് തോന്നിക്കുന്ന ജീവി തിടുക്കത്തിൽ ഊർന്നിറങ്ങിയതും കയ്യാണിയിലൂടെ ഓടിമറഞ്ഞതും ഒന്നിച്ചായിരുന്നു. മനുഷ്യനായാലെന്ത് ഇരുട്ടത്തുള്ള അവന്റെ നീക്കങ്ങൾ ഭയാനകമാണല്ലോ.

അടയ്ക്കാത്തോട് മേരിമാതാ പള്ളിയിൽ ഈസ്റ്ററിനോടുത്ത ആഴ്ചയിലെ ഇടവകാ ധ്യാനം നടക്കുകയായിരുന്നു. ഈ ഇടവക ഇതുവരെ കാണാത്ത അത്ഭുതം ഇന്നിവിടം ദർശിക്കുമെന്ന് ഫാ മാത്തായി വിശ്വാസികളോട് മൈക്കിലൂടെ വിളിച്ച് പറയുമ്പോൾ ആ നാട് അതുവരെ കാണാത്ത ക്രൂരകൃത്യം അന്നവിടെ നടക്കുമെന്ന് ദൈവത്തിന്റെ ദാസനായ ഫാ മത്തായിയോ അവിടെ ചേർന്ന അഭിഷിക്ത‍ര്‍ക്കോ വെളിപാടുണ്ടായിരുന്നില്ല. കർത്താവിന് സ്തോത്രം പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. 'ആകയാൽ ദൈവത്തിന്റെ ആഗമനം അടുക്കയാൽ പരസ്പരം പൊറുത്തു കൊടുക്കുവിൻ' എന്ന് മാത്തായി അച്ചൻ വിശ്വാസികളോട് പറഞ്ഞപ്പോൾ സ്തുതിപ്പിന്റെ ശബ്ദം പള്ളിയെ ആകെ വിഴുങ്ങി.

ധ്യാനത്തിന്റെ അവസാന ദിവസമായിട്ടും പൊയ്കയിൽ ഏലിയാമ്മയുടേയും വ‍ര്‍ഗീസിന്റെയും അസാന്നിധ്യം പള്ളിയിലെത്തിയവരാരും ശ്രദ്ധിച്ചിരുന്നില്ല. വ‍ര്‍ഗീസേട്ടന്റെ വയ്യാഴിക അറിയുന്നവരാണ് ഇടവകക്കാ‍ര്‍. വാതം കാരണം നീരുവെച്ച കാലുമായി പള്ളിയിൽ പോകണ്ടെന്ന് ഏലിയാമ്മ ചേ‍ടത്തി വ‍ര്‍ഗീസേട്ടനോട് പറഞ്ഞിരുന്നുവെന്നാണ് അവരെ അവസാനം കണ്ട മരുമകൻ ഏലിയാസ് നാട്ടുകാരോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞത്. പക്ഷേ ഏലിയാസിന്റെ ചില പെരുമാറ്റങ്ങൾ അയാളാണ് കുറ്റക്കാരനെന്ന നിഗമനത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്. ചെമ്പിരിക്കയിൽ തെയ്യാമ്മയുടെ മൊഴിയാണ് ഇതിൽ പ്രധാനം.

അപകടകരമായ രീതിയിൽ ഒറ്റപ്പെട്ടുപോയ രണ്ടു പേരായിരുന്നു ഏലിയാമ്മയും വർഗീസും. ബന്ധുക്കളുണ്ടായിരുന്നിട്ടും അവർ തങ്ങളുടെ വീട്ടിൽ ഒതുങ്ങിക്കൂടി. മക്കളില്ലാത്തതിന്റെ വേദന മനസിനെ വലയ്ക്കുമ്പോഴൊക്കെ അവർ കർത്താവിൽ അഭയം കണ്ടെത്തി. അടയ്ക്കാത്തോട്ടിലെ പുതിയ വീട്ടിൽ താമസം തുടങ്ങുമ്പോൾ അവരുടെ ദാമ്പത്യ ജീവിതം പതിനഞ്ചാണ്ട് പിന്നിട്ടിരുന്നു. അപ്പോഴേക്കും ഏലിയാമ്മ മച്ചിയാണെന്ന് നാട്ടുകാരും വീട്ടുകാരും ഉറപ്പിച്ചു. പിള്ളേരില്ലാഞ്ഞിട്ടും വ‍ര്‍ഗീസ് എന്തിനാണിങ്ങനെ പിശുക്കുന്നതെന്ന് നാട്ടുകാ‍ര്‍ അടക്കം പറഞ്ഞു. ഇരുപതേക്ക‍ര്‍ തെങ്ങും തോപ്പിന്റെ ഒത്ത നടുക്കുണ്ടാക്കിയ ഇടത്തരം വീട്ടിൽ പിന്നെയും നാൽപ്പത്തഞ്ചാണ്ടുകൂടി അവ‍ര്‍ തികച്ചു. പത്ര കട്ടിങ് അനുസരിച്ച് കൊല്ലപ്പെടുമ്പോൾ വ‍ര്‍ഗീസിന് എഴുപത്തിയാറും ഏലിയാമ്മയ്ക്ക് എഴുപതുമായിരുന്നു പ്രായം.

പുലർച്ചെ വർഗീസിന്റെ വീട്ടിലെത്തിയ കറവക്കാരന്റെ ചോരകണ്ടുള്ള നിലവിളി കേട്ടാണ് നാട്ടുകാർ അവിടേക്ക് ഓടിയെത്തിയത്. ആദ്യമെത്തിയവരോരോരുത്തരും കേസിലെ സാക്ഷികളായി. പിന്നീട് ലോക്കൽ പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും ക്രൂരതകൾക്ക് അതിലെ ആണുങ്ങളോരോരുത്തരും ഇരകളുമായി.

ഏലിയാസായിരുന്നു ദമ്പതികളുടെ ഏക ആശ്രയം. പറമ്പിലെ കാര്യങ്ങൾ നോക്കിനടത്താൻ അയാൾ പൊയ്കയിൽ വീട്ടിൽ വന്നുപോയിക്കൊണ്ടിരുന്നു. കൊലപാതകത്തിന്റെ തലേന്ന് ഏലിയാസിനെ സ്ഥലത്ത് കണ്ടവരുണ്ട്. പോരാഞ്ഞ് പിറ്റേന്ന് സ്ഥലത്തെത്തിയ ഏലിയാസിന്റെ ദുരൂഹമായ ഇടപെടലുകളും സംശയം വർദ്ധിപ്പിച്ചു. തെയ്യാമ്മയുടെ മൊഴി അതേക്കുറിച്ചായിരുന്നു.

സംഭവം നടന്ന് മൂന്നാം മാസമാണ് കൊച്ചിയിൽ പത്രപ്രവ‍ര്‍കനായ ആന്റൺ ഫിലിപ്പ് അവധിക്ക് അടയ്ക്കാത്തോട്ടിലെത്തുന്നത്. കൊലപാതകത്തെക്കുറിച്ച് പത്രത്തിൽ വായിച്ചറിഞ്ഞതും സാക്ഷികളോട് നേരിട്ട് കണ്ട് സംസാരിച്ചതുംവെച്ച് ആന്റൺ സംഭവത്തിന്റെ ഏകദേശ ചിത്രം മനസിൽ വരച്ചു. തെയ്യാമ്മ പറഞ്ഞ വിവരം അനുസരിച്ച് കൊലയാളി ഏലിയാസാണെന്ന് ഉറപ്പിക്കാം. എന്നാൽ മറ്റ് സാക്ഷികളുടെ വിവരണം അനുസരിച്ച് ഏലിയാസിനെ സംശയിക്കാൻ മാത്രമേ സാധിക്കൂ. കൊലയാളി അയാളാണെന്ന് ഉറപ്പിക്കുക വയ്യ. അതുവെച്ച് നോക്കുമ്പോൾ കേസിൽ രണ്ടാമതൊരു അന്വേഷണം വേണ്ടിവരുമെന്ന് ആന്റൺ ഫിലിപ്പിന് തോന്നി.

തുടരും…

Friday, 1 January 2021

ഏഴാം പ്രമാണം


ഉരുപ്പുംകുറ്റി പള്ളിയുടെ കുരിശിലെ വെളിച്ചം അവിടെയൊരു പള്ളിയുണ്ടെന്നും ദൈവ സ്നേഹവും പരസ്നേഹവും ഉള്ളോർക്ക് അവിടേക്ക് വരാമെന്നുമുള്ളതിന്റെ അടയാളമായിരുന്നു. വൈകിട്ട് ആറുമണിക്കത്തെ പള്ളിമണിയടിച്ചാൽ ഉരുപ്പുംകുറ്റിക്കാർ കർത്താവിന്റെ മാലാഖയുടെ പ്രാർത്ഥനയും ചൊല്ലി അന്നന്നത്തെ പാപത്തെക്കുറിച്ചോർത്ത് നെറ്റിയിൽ കുരിശുവരയ്ക്കും. കള്ളുഷാപ്പിലിരിക്കുന്ന ക്രിസ്ത്യാനികൾക്കും അത് ശീലമായിരുന്നു.

വെല്ല്യമ്മച്ചി പ്രാർത്ഥന ചൊല്ലുന്നത് താളത്തിലാണ്. പുറത്തേയ്ക്ക് വരുന്ന ശബ്ദത്തിലും അക്ഷരങ്ങളുടെ വടിവ് വ്യക്തമാണ്. വാക്കുകളിങ്ങനെ അറുത്തുമുറിച്ച് ഇടുവാണെന്നു തോന്നും. “ഇരുട്ടത്ത് നിക്കാണ്ട് ഈ വെളിച്ചത്തോട്ട് കേറിക്കേടാ.” പ്രാർത്ഥനയും ചൊല്ലി പൂർത്തിയാക്കി തെറുപ്പ് ബീഡിക്ക് തീകൊളുത്തിക്കൊണ്ട് വെല്ല്യമ്മച്ചി പറഞ്ഞു. അയൽപ്പക്കത്തെ ത്രേസ്യാ ചേടത്തി കൊണ്ടുക്കൊടുത്ത നാട്ടുമാങ്ങാപ്പഴം ഈമ്പിക്കൊണ്ട് നിക്കുവായിരുന്നു തോമാകുഞ്ഞ്. കാറ്റൊന്ന് ചെറുതായി വീശി. മുറ്റത്തിനരികിലെ തെങ്ങോലകൾക്ക് അനക്കം വെച്ചു. ആകാശത്തേക്ക് പൊങ്ങിനിന്ന അതിന്റെ ഓലകൾ നക്ഷത്രങ്ങളെ എത്തിപ്പിടിക്കാൻ നോക്കുകയാണെന്ന് അവന് തോന്നി.

നിക്കറിന്റെ കീശേന്നും വെല്ല്യമ്മച്ചിയുടെ പൊട്ടിപ്പോയ വെള്ളെഴുത്ത് കണ്ണടയുടെ ഒറ്റ ചിൽ തോമാക്കുഞ്ഞ് ഒതുക്കത്തോടെ പുറത്തെടുത്തു. പെരുവിരലിനും ചൂണ്ടുവിരലിനും നടുവിലുള്ള ‘ഠ’ വട്ടത്തിൽ കണ്ണട ചില്ല് ഒതുക്കിപിടിച്ച് ഇടത്തെ കണ്ണിറുക്കി ഒറ്റ കണ്ണിലൂടെ അവൻ നക്ഷത്രങ്ങളെ നോക്കി. ഉരുപ്പുംകുറ്റിയിൽനിന്നും നക്ഷത്രത്തിലേക്ക് എന്നാ ദൂരം കാണുമെന്ന് ആലോചിച്ചു. വീടിന്റെ തൊണ്ടിൽ നിക്കുന്ന തെങ്ങിന്റെ മേളിൽ അതുക്കൂട്ട് മൂന്നാല് തെങ്ങൂടെ ചേർത്തുകെട്ടിയാൽ നക്ഷത്രങ്ങളെ തൊടാമ്പറ്റുവായിരിക്കുമെന്ന് അവൻ കണക്കൂകൂട്ടി.

ഇന്നാള് മുണ്ടയാംപറമ്പ് അമ്പലത്തിലെ ഉത്സവത്തിന് പോയിട്ട് തോമാ കുഞ്ഞും അപ്പാപ്പനുംകൂടി പെരുകിലക്കാട്ടുകാരുടെ കശുമാന്തോട്ടത്തിൽക്കൂടി വീട്ടിലേക്ക് നടക്കുവാരുന്നു. പെട്ടന്ന് നടത്തം നിർത്തി അവൻ അപ്പാപ്പന്റെ കയ്യിൽ ഇറുക്കെ പിടിച്ചു. എന്നാ പറ്റി കൊച്ചേന്നും ചോദിച്ച് അപ്പാപ്പൻ തോമാകുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണു പോയവഴിക്ക് അപ്പാപ്പനും നോക്കി. ആരോ കൈ വിരിച്ച് പിടിച്ചപോലുള്ള ഭീകരരൂപം കശുമാന്തോട്ടത്തിന്റെ ചെരുവിൽ നിൽക്കുന്നു. എന്നാ പിന്നെ അതൊന്ന് കണ്ടേക്കാമെന്നുവെച്ച് അപ്പാപ്പൻ തോമാകുഞ്ഞിനെയും കൂട്ടി അങ്ങോട്ട് നടന്നു. തന്നെ കൊല്ലാൻ കൊണ്ടുപോകുന്ന മട്ടിൽ അവൻ കരഞ്ഞു. ഒന്നു മിണ്ടാതിരി ചെറുക്കാ അതെന്നാന്ന് നോക്കാനല്ലേ നമ്മളങ്ങോട്ട് പോകുന്നത്. അപ്പാപ്പൻ തോമാകുഞ്ഞിനെ സമാധാനിപ്പിച്ചു. കുറച്ചങ്ങ് നടന്നപ്പഴേക്കും അപ്പാപ്പനു കാര്യം പിടികിട്ടി. ചെതുക്കിച്ച് നിന്ന കശുമാവിൽ കുരുമുളക് കൊടി കേറിക്കിടന്നതാണ്. പാതിമുറിഞ്ഞുപോയ കവരയിലേക്കും അത് പടർന്നതുകൊണ്ട് ആരോ കൈ വിരിച്ചുപിടിച്ചതായി തോന്നിയതാണ്. പിന്നീട് പേടിതോന്നുന്ന എന്ത് കണ്ടാലും തോമാകുഞ്ഞ് ചെന്ന് നോക്കും. അതുകൊണ്ട് ഇരുട്ടത്ത് നിക്കാൻ തോമാകുഞ്ഞ് ഒരിക്കലും പേടിച്ചില്ല.

ബീഡിവലിച്ചോണ്ട് അടയ്ക്കായും പുകയിലയും പാകത്തിനെടുത്ത് ചുണ്ണാമ്പുതേച്ച വെറ്റിലയിൽ പൊതിഞ്ഞ് കുഴിയൻ മരത്തടിയിൽവെച്ച് ചതച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് വെല്ല്യമ്മച്ചി. കാലങ്ങളായുള്ള ഇടികൊണ്ട് മരക്കഷ്ണത്തിന്റെ നടുഭാഗം ചന്ദ്രക്കലപോലെ കുഴിഞ്ഞിട്ടുണ്ട്. താളത്തിലാണ് വെല്ല്യമ്മച്ചി മുറുക്കാനിടിക്കുക. “എടിയേ മുറുക്കാനിൽ ഒരു പങ്ക് എനിക്കും വെച്ചേക്കണേ.” അപ്പാപ്പൻ പറഞ്ഞു. വെല്ല്യമ്മച്ചി മുറക്കാനിടിക്കുമ്പോഴൊക്കെ അപ്പാപ്പനും മുറുക്കാൻ തോന്നും. അത് പതിവാണ്.

“എടീ പെണ്ണമ്മേ തിണ്ണേലിരുന്നിട്ടും എന്നാ ചൂടാ” വെല്ല്യമ്മച്ചി പറഞ്ഞു. “എന്നാ ചെയ്യാനാ അമ്മച്ച്യേ പുളിയമ്മാക്കേക്കാരുടെ പറമ്പിലെ റബ്ബർ വളരാതെ അതിനൊരു ശമനം കിട്ടുമെന്ന് തോന്നുന്നില്ല.” അമ്മ അടുക്കളയിൽനിന്നും വിളിച്ചു പറഞ്ഞു. മുറുക്കാനിടി നിർത്തി വെല്ല്യമ്മച്ചി എണീറ്റു. സാവധാനം ചട്ട ഊരി തിണ്ണക്കടിയിലെ അയയിലിട്ടു. വീണ്ടും തിണ്ണയിൽനിന്നും മുറ്റത്തേക്കിറങ്ങുന്ന നടയിലേക്ക് കാലും നീട്ടിയിരുന്ന് മുറുക്കാനിടിച്ചോണ്ട് “എടാ ചെറുക്കാ ഈ പാള കഷ്ണമെടുത്തൊന്ന് വീശിക്കേടാ” എന്നുപറഞ്ഞു. ഇതിനിടെ വെല്ല്യമ്മച്ചി ബോഡീസ് അഴിച്ച് ഇരിക്കുന്നതിന് അരികിലായി വെച്ചു.

ചൂടുകാലമായതോണ്ട് വെല്ല്യമ്മച്ചിയുടെ പുറം ചുവന്നിരിപ്പാണ്. ചൂടുകുരു പുറ്റുപോലെ പൊന്തിയതാണ്. ഉച്ചതിരിഞ്ഞ് വെല്ല്യമ്മച്ചി കുളിക്കുമ്പോൾ പതംവരുത്തിയ ഇഞ്ച കൊണ്ട് പുറം തേച്ച്കൊടുക്കൽ തോമാകുഞ്ഞ് കടമയായി സ്വീകരിച്ചു. എടാ എളിക്കുതാഴെ ഒന്ന് അമർത്തി തേച്ചേടാ കൊച്ചേന്ന് വെല്ല്യമ്മച്ചി പറയും. എത്ര തേച്ചാലും വെല്ല്യമ്മച്ചിക്ക് മതിയാവില്ല. ചൂടുകാലം മങ്ങുന്നതുവരെ അതായിരുന്നു പതിവ്.

തോമാകുഞ്ഞാണേൽ ആദ്യകുർബ്ബാന സ്വീകരിക്കുന്നതിന്റെ ഒരുക്കത്തിലാണ്. “കൊച്ചേ കുഞ്ഞുകുഞ്ഞ് പാപങ്ങൾ ചെയ്യുന്നതിൽനിന്നും വിട്ടുനിൽക്കാനാ ഏറ്റവും പാട്. പിള്ളേരുടെ പാപങ്ങൾ തമ്പുരാൻ ക്ഷമിക്കും.” കുമ്പസാരത്തിനുള്ള ജപം ചൊല്ലി പഠിപ്പിക്കുമ്പോൾ വെല്ല്യമ്മച്ചി പറഞ്ഞു.

“നുണ പറയാതിരിക്കാനും എല്ലാവരോടും സ്നേഹത്തിൽ വർത്തിക്കാനും എന്റെ അമ്മ കുഞ്ഞിലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. നുണപറയാത്തവരെയാണ് കർത്താവിനും ഇഷ്ടം.” ഇതുപറഞ്ഞ് മോണകാട്ടി ചിരിച്ചുകൊണ്ട് വെല്ല്യമ്മച്ചി സ്നേഹത്തോടെ തോമാക്കുഞ്ഞിനെ നോക്കി. വെല്ല്യമ്മച്ചിയോട് ഇതുവരെ നുണ പറഞ്ഞിട്ടില്ലല്ലോയെന്നോർത്ത് അവന് അതിയായ സന്തോഷം തോന്നി. തോമാകുഞ്ഞ് പൂർവ്വാധികം സ്നേഹത്തോടെ വെല്ല്യമ്മച്ചിയുടെ മടിയിലേക്ക് തല ചേർത്തു കിടന്നു.

“അമ്മച്ചിയും മോനും എന്നാ പറഞ്ഞോണ്ടിരിക്കുവാ?”

വന്നപാടെ ത്ര്യേസ്യ ചേടത്തി വെല്ല്യമ്മച്ചിയോട് ചോദിച്ചു.

“തോമാകുഞ്ഞിന്റെ ആദ്യകുർബ്ബാന അടുക്കുവല്ല്യോടീ, അവന് നമസ്ക്കാരങ്ങൾ പറഞ്ഞുകൊടുക്കുവാരുന്നു.” വെല്ല്യമ്മച്ചി പറഞ്ഞു.

“ടെസി പെണ്ണിന്റെ വിശേഷം എന്നത്തേക്കാ?”

തോമാകുഞ്ഞിനെ മടിയിൽനിന്നും എഴുന്നേപ്പിച്ച് വെല്ല്യമ്മച്ചി ത്ര്യേസ്യ ചേടത്തിയുടെ അടുത്തേക്ക് നടന്നു. മുണ്ട് ഞൊറിഞ്ഞുടുത്തതിന്റെ വാൽ ചട്ടയ്ക്ക് കീഴേ തൂങ്ങി വെല്ല്യമ്മച്ചി നടക്കുന്നതിനൊത്ത് കുണുങ്ങിക്കൊണ്ടിരുന്നു.

“അത് പറയാനാ ബെനീഞ്ഞാമ്മേ ഞാനിങ്ങോട്ട് വന്നത്.” ത്രേസ്യച്ചേടത്തി വെല്ല്യമ്മച്ചിയോട് കുശുകുശുത്തു.

“അവളെ നാളെത്തന്നെ ആശൂത്രീൽ കൊണ്ടുചെല്ലണെന്നാ ഡോക്ടറ് പറഞ്ഞേക്കുന്നത്. ആനിക്ക് പരീക്ഷയല്ലേ അതുകൊണ്ട് അവക്ക് ഞങ്ങടെകൂടെ അങ്ങോട്ട് പോരാനൊക്കത്തില്ല. തോമാകുഞ്ഞിനെ കുറച്ച് ദിവസത്തേക്ക് അവക്കൊപ്പം നിർത്തുവാരുന്നെങ്കി കൊള്ളാരുന്നു.” ത്രേസ്യ ചേടത്തി അമ്മച്ചിയോട് പറഞ്ഞു. കൊച്ചിനേ വിട്ടേക്കാടീ ത്രേസ്യേന്നും പറഞ്ഞ് വെല്ല്യമ്മച്ചിയും ചേടത്തിയെ സമാധാനിപ്പിച്ചു.

“കർത്താവായ ദൈവം മോശയ്ക്ക് നൽകിയ പത്ത് പ്രമാണങ്ങൾ പാലിക്കാതെ സത്യക്രിസ്ത്യാനിയായി ജീവിക്കാനൊക്കത്തില്ല.” വെല്ല്യമ്മച്ചി പറഞ്ഞു.

മണ്ണെണ്ണ വിളക്കിന്റെ നേർത്ത വെളിച്ചത്തിൽ തോമാകുഞ്ഞ് വെല്ല്യമ്മച്ചിയെ നോക്കി. പ്രമാണങ്ങളോരോന്നും ചൊല്ലിക്കൊണ്ട് തോമാ കുഞ്ഞ് വിരലിൽ എണ്ണി. ശ്ശെടാ ഒരെണ്ണം വിട്ടുപോയല്ലോ. നമസ്ക്കാര പുസ്തകം എടുത്ത് വിട്ടുപോയത് ഏതാണെന്ന് തോമാകുഞ്ഞ് പരതി.

“വെല്ല്യമ്മച്ചീ വ്യഭിചാരം ചെയ്യരുത് എന്ന്വെച്ചാ എന്താ?” തോമാകുഞ്ഞ് ചോദിച്ചു.

പല്ലില്ലാത്ത മോണ പൊത്തിക്കൊണ്ട് വെല്ല്യമ്മച്ചി ചിരിച്ചു. വെല്ല്യമ്മച്ചി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ‘വ്യഭിചാരം’ ഒരു കനപ്പെട്ട വാക്കാണെന്ന് തോമാകുഞ്ഞ് കരുതി.

അത്താഴം കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോഴും തോമാകുഞ്ഞിന് ഏഴാമത്തെ പ്രമാണമായി കൊടുത്തിരുന്ന വാക്യം എന്താണെന്ന് നിശ്ചയം ഉണ്ടായിരുന്നില്ല. അരണ്ട വെളിച്ചത്തിൽ മച്ചിന്മേൽ നോക്കി ഒച്ചയുണ്ടാക്കാതെ തോമാകുഞ്ഞ് വ്യഭിചാരം എന്നു പറഞ്ഞു നോക്കി. ഹൊ എന്നാ ഒരു വാക്കാ!

തോമാകുഞ്ഞിന്റെ വീടിന് പിന്നിലെ കുന്നിലേക്ക് ചെന്നാൽ കശുമാവിൽ തോട്ടവും കൈതക്കാടുമാണ്. വൈകിട്ട് അപ്പാപ്പന്റെകൂടെ കശുമാങ്ങാ പെറുക്കാൻ തോമാകുഞ്ഞും പോയി. കശുമാങ്ങാ പെറുക്കി കൂട്ടിവെച്ചിട്ട് അപ്പാപ്പൻ അടുത്തത് പെറുക്കാനായി കുന്നിൻ മുകളിലേക്ക് കയറി. കശുവണ്ടി ഇരിഞ്ഞുകൊണ്ട് തോമാകുഞ്ഞ് നമസ്ക്കാരങ്ങളോരോന്നും ഓർത്തു. പെട്ടെന്ന് പിന്നിൽ അനക്കം കേട്ട് തിരിഞ്ഞുനോക്കി. ഒത്ത അങ്കവാലും എടുപ്പുമുള്ള പൂവൻ കാട്ടുകോഴി ഇല ചിക്കി ചികയുന്നതാണ്.

“വ്യഭിചാരം ചെയ്യരുത്” തോമാകുഞ്ഞ് പൂവനോട് പറഞ്ഞു.

ഒച്ച കേട്ടതും ഈ കൊച്ച് എന്നതൊക്കെയാ വിളിച്ചുപറയുന്നത് എന്നമട്ടിൽ നോക്കിയിട്ട് പൂവൻ ഓടി.

കശുമാം തോട്ടത്തിന്റെ ചെരുവിലൂടെ ആനി ചേച്ചിയുടെ വീട്ടിലേക്ക് നടക്കുകയായിരുന്നു തോമാകുഞ്ഞ്. കരിയില പുറത്തുകൂടെയുള്ള വലിച്ചിൽ കേട്ട് അവൻ നിന്നു. ഇലയനക്കവും നിന്നു. തോമാകുഞ്ഞ് എങ്ങോട്ടാണെന്ന മട്ടിൽ ഒരു വില്ലൂന്നി പാമ്പ് പടപ്പൻ പുല്ലിനിടയിൽനിന്ന് അവനെ തലയെത്തിച്ച് നോക്കി. നിലത്ത് ആഞ്ഞ് ചവിട്ടിയപ്പോൾ ഒന്ന് തലയാട്ടിയിട്ട് വില്ലൂന്നി അതേ നിപ്പ്നിന്നു. അത്ര കേമനാണേൽ അവിടെ നിന്നോ എന്നു പറഞ്ഞിട്ട് തോമാകുഞ്ഞ് നടന്നു. മഴ ചെറുതായി അടർന്നു. അത്തറുകാരൻ കൈപ്പുറത്ത് തുള്ളികൾ ഇറ്റിക്കുംപോലെ കശുമാവിന്റെ ഇലകൾ വകഞ്ഞ് മഴ മണ്ണിനെ തൊട്ടു. പുതുമഴയുടെ മണം അവിടമാകെ നനഞ്ഞൊഴുകി.

തോമാകുഞ്ഞിന്റെ മുലകുടിയെപ്പറ്റി ആന്റിമാരും പാപ്പന്മാരും എപ്പോഴും പറഞ്ഞ് കളിയാക്കും. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വെല്ല്യമ്മച്ചി തോമാകുഞ്ഞിന്റെ മുലകുടി മാറ്റിയത്. അങ്ങനെ ഒരുദിവസം കിടക്കപ്പായിൽ മുള്ളിയ തോമാക്കുഞ്ഞ് അതിരാവിലെ എണീറ്റിരുന്നു. കിടക്കപ്പായിലും പുതപ്പിലും സർവ്വത്ര മൂത്രം. വെല്ല്യമ്മച്ചിയും അപ്പാപ്പനും കിടക്കുന്ന മുറിയിലായിരുന്നു തോമാകുഞ്ഞിന്റെ കിടപ്പ്. അതിരാവിലെ ഏങ്ങലടി കേട്ട് വെല്ല്യമ്മച്ചി എണീറ്റു. നനഞ്ഞ നിക്കറും ഊരി കയ്യിൽ പിടിച്ച് തോമാകുഞ്ഞ് അതാ നിക്കുന്നു. എന്റെ കൊച്ച് എന്നാത്തിനാ കരയുന്നേന്നും പറഞ്ഞ് വെല്ല്യമ്മച്ചി അവനേയും കൂട്ടി തിണ്ണക്കടിയിലേക്കിറങ്ങി. തോമാകുഞ്ഞിന്റെ മേലു കഴികിച്ച് ഉണങ്ങിയ നിക്കറെടുത്ത് ഇടീച്ചു. നനവിന്റെ ഈർഷ്യ മാറിയതും തോമാകുഞ്ഞും വെല്ല്യമ്മച്ചിയും തിണ്ണക്കടിയിൽ വന്നിരുന്നു. അവൻ വെല്ല്യമ്മച്ചിയുടെ മടിയിലേക്ക് തലവെച്ചു. ബോഡീസഴിച്ച് വെല്ല്യമ്മച്ചി തോമാകുഞ്ഞിന്റെ വായിലേക്ക് പാപ്പം തിരികി വെച്ചു. തോമാകുഞ്ഞിന്റെ കുടി നിർത്തിക്കാൻ നേരത്തേ വാങ്ങിവെച്ച ചെന്നിനായകം വെല്ല്യമ്മച്ചി ഇടത്തെ മുലഞെട്ടിൽ തേച്ചുപിടിപ്പിച്ച് നയത്തിൽ അവന്റെ വായിലേക്ക് വെച്ചുകൊടുത്തു. വെല്ല്യമ്മച്ചി എന്തിനാണ് ഇത് ചെയ്തതെന്ന് തോമാക്കുഞ്ഞിനെ അലട്ടി. എന്തിനാണാ ചെയ്ത്തെന്ന് അവൻ വെല്ല്യമ്മച്ചിയോട് ചോദിച്ചതുമില്ല.

‘തോമാകുഞ്ഞേ നമുക്ക് പുഴേപ്പോയാലോ’ ചെന്നപാടെ ആനി ചോദിച്ചു. ആനിയുടെ വീട്ടിൽനിന്നും കിഴക്കോട്ടിറങ്ങിയാൽ എടപ്പുഴയാണ്. വേനലായാൽ ഇരുപ്പക്കാട്ടുകാരുടെ പറമ്പിന്റെ അതിരേൽക്കൂടി തുണിയലക്കാൻ പോകുന്ന പെണ്ണുങ്ങളുടെ ബഹളമാണ്. ഇരുപ്പക്കാട്ടു കടവിലെ പാറക്കുഴി വേനൽക്കാലം മുഴുവൻ പെണ്ണുങ്ങൾ കയ്യടക്കും. ‘സന്ധ്യമയങ്ങുന്നേനു മുന്നെ തിരിച്ചുവരണം വേഗം നടക്കെടാ’ ആനി തോമാക്കുഞ്ഞിനോട് പറഞ്ഞു. അലക്കാനുള്ള തുണിയും ബക്കറ്റിലെടുത്താണ് ആനിയുടെ നടപ്പ്.

ഇരുപ്പക്കാട്ടുകാരുടെ അതിരിൽ മഹാഗണി മരങ്ങൾ കൃത്യമായ അകലത്തിൽ നട്ടുവളർത്തിയിട്ടുണ്ട്. എല്ലാരും മൂന്നേക്കും പുറകേക്കും ഒരു കൈ അകലം വലത്തേക്കും ഇടത്തേക്കും അങ്ങനെ തന്നെ. സ്കൂൾ അസംബ്ലിയിൽ എല്ലാരും ഒരു കൈ അകലത്തിൽ നിന്നേ എന്ന് ലീസമ്മടീച്ചർ പറയുമ്പോൾ തോമാകുഞ്ഞ് കൈകൾ ഇരുവശത്തേക്കും വിരിച്ചുപിടിച്ച് ഉപ്പൂറ്റികുത്തി കറങ്ങും. കൈകൾ ആരെയും തൊടുന്നില്ലെന്നുറപ്പിക്കുമ്പോഴേക്ക് സ്കൂൾ മൈതാനത്ത് ക്ലാസുകളുടെ ക്രമത്തിൽ കുട്ടികൾ നിരന്നിട്ടുണ്ടാകും. എന്നാലും ആരാപോലും ഈ മരങ്ങളൊക്കെ ഒരേ അകലത്തിൽ നട്ടിട്ടുണ്ടാകുക. തോമാകുഞ്ഞ് ഓർത്തു. “ഒന്നു വേഗം നടക്കുകൊച്ചേ, ഒന്നാമത് നേരം ഇരുട്ടിവരുന്നു.” ആനി ധൃതിവെച്ചു.

കുളിക്കടവിൽ പെണ്ണുങ്ങളുടെ തിരക്കാണ്. ആനിയും ചേച്ചിമാരും നാട്ടുകാര്യങ്ങൾ പറഞ്ഞുനിന്നു. കുളിക്കടവിന്റെ അങ്ങേക്കരയിൽ ഇഞ്ചക്കാടാണ്. കടവിലേക്കുള്ള പടിയിറങ്ങിയാൽ ചെരിഞ്ഞുകിടക്കുന്നപാറപ്പുറത്ത് അങ്ങിങ്ങായി ഊരിപ്പിഴിഞ്ഞുവെച്ചിരിക്കുന്ന തുണികളും വരണ്ടുപൊട്ടിയ ഉപ്പൂറ്റി ഉരച്ചുമിനുക്കുന്ന ചേച്ചിമാരും. തോമാകുഞ്ഞിനെ ചേച്ചിമാർ വാത്സല്ല്യത്തോടെ നോക്കി. തോമാകുഞ്ഞ് ആരെയും നോക്കിയില്ല. കടവിലേക്കുള്ള പടിയിൽ അവൻ ഇരുന്നു. പടിയിലേക്ക് ഓടിയടുക്കുന്ന ഓളങ്ങൾ ഞാനാണ് ആദ്യം എത്തിയതെന്ന മട്ടിൽ തോമാകുഞ്ഞിന്റെ കാലിൽ തൊട്ടിട്ട് വീണ്ടും ഒഴുക്കിലേക്കുചെന്ന് മുങ്ങാംകുഴിയിട്ടു.

തോമാകുഞ്ഞ് കടവിലേക്ക് നോക്കി. പാതി നഗ്നമായ കുളിക്കടവിന്റെ ഉടലുകണ്ട് ഈശോയേ ഈശോയേ… എന്നുച്ഛരിച്ച് തലകുമ്പിട്ടിരുന്നു.

“കൊച്ചേ വെക്കം കുളിച്ചേ ഇരുട്ടി തുടങ്ങുമ്പോഴേക്ക് വീട്ടിലെത്താനുള്ളതാ”. ആനിച്ചേച്ചി തോമാകുഞ്ഞിനെ ഓർമ്മിപ്പിച്ചു. “ഞാൻ വീട്ടിപ്പോയി കുളിച്ചോളാം”. തോമാകുഞ്ഞ് വല്ലാണ്ടായി.

ആനിചേച്ചിയുടെ ഒച്ച കേട്ടിട്ടെന്നോണം കടവിലേക്കിറങ്ങാൻനിന്ന കുളക്കോഴിയും കുഞ്ഞുങ്ങളും തഴകൾക്കിടയിലേക്ക് നൂണ്ടുപോയി.

രാത്രിയിൽ തൊഴുത്തിൽനിന്നും ശബ്ദം കേട്ട് ആനി കണ്ണു തുറക്കുമ്പോഴും തോമാകുഞ്ഞ് ഉറക്കത്തിലായിരുന്നു. ജനലിലൂടെ ടോർച്ച് തൊഴുത്തിലേക്ക് മിന്നിച്ച് നോക്കിയപ്പോഴുണ്ട് ഒന്നും അറിയാത്തമാതിരി പശു അയവെട്ടിക്കൊണ്ട് കിടക്കുന്നു. വെളിച്ചം വീഴുന്നേനുമുന്നെ ഒന്നൂടെ മയങ്ങിയേക്കാമെന്നു കരുതി ആനി വീണ്ടും കിടന്നു.

ആനിയുടെ വീട്ടിൽ കോഴി വാഴുകേലാരുന്നു. മൂന്നാല് മുട്ടക്കോഴികളെയും ഒരു പൂവനേയും തോമാകുഞ്ഞിന്റെ വെല്ല്യമ്മച്ചിയാണ് ആനീടമ്മയ്ക്ക് കൊടുത്തത്. ഒറ്റയാഴ്ചകൊണ്ട് പൂവനൊഴികെ എല്ലാത്തിനേയും കീരിയും കുറുക്കനും വീതിച്ചെടുത്തു. ഗീവർഗീസ് സഹദായേ... പൂവനെ ഞാൻ അങ്ങേക്ക് തന്നേക്കാമേ എന്നു നേർച്ച നേർന്നിട്ട് ആനീടമ്മ പീന്നീട് കൊണ്ടുവന്ന കോഴികളെ ഒന്നിനേയും കൂട്ടീന്നിറങ്ങാൻ സമ്മതിച്ചില്ല. കാര്യം ആനീടമ്മ വിശ്വാസിയൊക്കെയാണെങ്കിലും ഒരിക്കൽ അമ്മേ ഞാൻ മഠത്തിൽ പൊക്കേട്ടേന്ന് ആനി ചോദിച്ചപ്പം അമ്മയ്ക്കുണ്ടായ ബോധക്കേടും പരവേശവും അവൾ കണ്ടതാണ്. നേരം വെളുക്കാറായല്ലോ എന്നാലൊന്നു കൂവിയേക്കാമെന്നും വിചാരിച്ച് പൂവൻ തലയൊന്നു വെട്ടിച്ച് കൊക്ക് പിളർത്തിയതും വർക്കത്തുകെട്ടതേ നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ടെടായെന്നും പറഞ്ഞ് ആനി ചാടിപ്പിടഞ്ഞെണീറ്റു.

ആനിച്ചേച്ചി എന്താനാണ് ദേഷ്യപ്പെടുന്നതെന്നോ ഒച്ചവെച്ചതെന്നോ തോമാകുഞ്ഞിന് മനസിലായില്ല. “നിന്റെ അമ്മച്ചിയെ ഞാനൊന്ന് കാണട്ടെ. പിള്ളേരെ വേണ്ടാദീനമാണോ പഠിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് എനിക്കൊന്ന് അറിയണം.” ആനി പറഞ്ഞു. കട്ടിലിന്റെ ഒരു മൂലയ്ക്കിരുന്ന് തോമാകുഞ്ഞ് ഏങ്ങലടിച്ചു. മുറിയിൽ എന്നാ നടന്നേന്നും അറിയാൻ ഭീത്തിയിൽ ഉറപ്പിച്ച അൽഫോൻസാമ്മേടെ കലണ്ടറിന് പിന്നീന്നും രണ്ട് പല്ലികൾ ഇറങ്ങിവന്നു.

തോമാകുഞ്ഞിന്റെ മുലകുടി നിർത്തിക്കാനുള്ള ചെന്നിനായക പ്രയോഗത്തിന് നാളുകൾക്കിപ്പുറം ഒരിക്കൽ ഇതുപോലൊരു രാത്രിയിൽ തോമാകുഞ്ഞിന് വിശന്നു. അന്ന് അപ്പാപ്പന്റെയും വെല്ല്യമ്മച്ചിക്കും ഇടയിൽ നൂണ്ടുകയറി തോമാകുഞ്ഞ് വെല്ല്യമ്മച്ചിയുടെ പാപ്പം കുടിക്കുകയും ചെയ്തു. പിറ്റേന്ന് എല്ലാരോടും ഇക്കാര്യം പറഞ്ഞ് തോമാകുഞ്ഞിനെ വെല്ല്യമ്മച്ചി കളിയാക്കിയതല്ലാതെ വേറൊന്നും പറഞ്ഞില്ല. പിന്നെ എന്തിനാകും ആനിചേച്ചി വഴക്കുകൂടിയിട്ടുണ്ടാകുക. തോമാകുഞ്ഞ് ആലോചിച്ചു.

അരുതാത്തതെന്തെങ്കിലും ഞാൻ ആനിചേച്ചിയോട് ചെയ്തോ? അവൻ വിഷമിച്ചു. വീട്ടിലേക്കുള്ള കയറ്റം കയറുമ്പോൾ ദുഃഖവെള്ളിയുടെ മൂകത അവനെ ആസകലം വിഴുങ്ങി. എന്റെ ദൈവമേ… എന്റെ ദൈവമേ… മനസ്താപ പ്രകരണത്തിന്റെ ആദ്യവരികളല്ലാതെയൊന്നും തോമാകുഞ്ഞിന് ഓർമ്മിച്ചെടുക്കാൻ കഴിഞ്ഞില്ല. ആനിച്ചേച്ചി എന്താവും വെല്ല്യമ്മച്ചിയോട് പറയുക.

അതിരാവിലെ തോമാകുഞ്ഞ് വീട്ടീന്ന് പോയേപ്പിന്നെ ആനിക്ക് മനക്ലേശമുണ്ടായി. തോമാകുഞ്ഞ് വേണ്ടാദീനം ചെയ്തെന്ന് ഇനി തോന്നിയതാണോ? ആനി വിഷമിച്ചു. ആദ്യകുർബ്ബാന സ്വീകരിക്കാനിരിക്കുന്ന കൊച്ചിനെയാണല്ലോ ദൈവമേ വേദനപ്പിച്ചതെന്നോർത്ത് ആനി എത്രയും ദയയുള്ളമാതാവിന്റെ പ്രാർത്ഥന ആവർത്തിച്ചു ചൊല്ലി.

വീട്ടുമുറ്റത്തേക്കുള്ള വെട്ടുകല്ലുപടി കയറുകയായിരുന്നു തോമാകുഞ്ഞ്. കൊച്ച് എവിടെയായിരുന്നു എന്ന് ചോദിച്ചില്ലെങ്കിലും കോപ്പർ തോമാകുഞ്ഞിന്റെ വരവറിഞ്ഞ് പടിയിറങ്ങി ഓടിചെന്നു. എടാ കൊച്ചേ ഇന്നലെ രാത്രീൽ മുഴുത്തൊരു മുയൽ നമ്മടെ മുറ്റത്ത് വന്ന് കേറിയാരുന്നെടാന്ന് കോപ്പറിന് പറയണമെന്നുണ്ടാരുന്നെങ്കിലും അതെങ്ങനെ പറയുമെന്ന് അതിന് നിശ്ചയം ഉണ്ടായിരുന്നില്ല. കൂത്തുപറമ്പങ്ങാടീൽ പോയപ്പം അപ്പാപ്പൻ വഴീന്നു കൂട്ടിക്കൊണ്ടുവന്നതാണ് കോപ്പറിനെ.

കുട്ടിപാപ്പന്റെ മൂത്ത മോന്റെ കല്ല്യാണം കൂടാൻ വന്നതായിരുന്നു ദേവസിപാപ്പനും കെട്ട്യോൾ ഏലിക്കുട്ടിയും. അമ്മ അടുക്കളേൽ എല്ലും കപ്പയും വെക്കാനുള്ള തിരക്കിലാണ്. ചെന്നപാടെ തോമാകുഞ്ഞ് പുതച്ചുമൂടി കിടന്നു. “എന്നാ പറ്റി കൊച്ചേ” ഏലികുട്ടി കുഞ്ഞമ്മ ചോദിച്ചു. എന്നിട്ട് “പെണ്ണമ്മേ കൊച്ചിന് എന്തോ വല്ലായ്മയുണ്ട് കേട്ടോ.” എന്നു വിളിച്ചു പറഞ്ഞു. “എന്നാ പറ്റിയെടാ, ഇന്നലെ പുഴേ പോയിട്ട് നേരാംവണ്ണം തല തുവർത്തിയില്ലായിരുന്നോ.” കഴുത്തിൽ കൈപ്പുറം തട്ടിച്ചുനോക്കിയിട്ട് അമ്മ ചോദിച്ചു. “ഏലിക്കുട്ടീ നീയൊന്ന് അടുക്കളേലേക്ക് ചെല്ലാവോ. കപ്പ അടുപ്പത്തുണ്ട്. കൊച്ചിന് അമൃതാരിഷ്ടത്തിൽക്കൂട്ട് എടുത്തുകൊടുത്തിട്ട് ഞാനങ്ങോട്ടേക്കും വരാം.” അമ്മ പറഞ്ഞു. എന്നാലത് പറയണ്ടേയെന്നും പറഞ്ഞേച്ച് ഏലിക്കുട്ടിയാന്റി അടുക്കളേലേക്ക് പോയി.

തോമാകുഞ്ഞിന്റെ അപ്പാപ്പൻ ഔതയുടെ അനിയൻ പൈലിയുടെ മകനാണ് ദേവസി. കോട്ടയത്തുനിന്നും ഔത ചേട്ടനും അനിയന്മാരും മലബാറിലേക്ക് പോന്നപ്പം ഏറ്റവും ഇളയ പൈലി കോട്ടയത്തുനിന്നും ഒരടി എങ്ങോട്ടുമില്ലെന്ന് തീർച്ച പറഞ്ഞു. ദേവസി പാപ്പനും വീട്ടുകാരും വന്നാപ്പിന്നെ വീട്ടിൽ ആഘോഷമാണ്. കപ്പബിരിയാണിയും പോർക്ക് വരട്ടിയതുമൊക്കെ ഉണ്ടാക്കി അമ്മ അവരെ സൽക്കരിക്കും. കുടകിലെ എസ്റ്റേറ്റിൽനിന്നും തോമാകുഞ്ഞിന്റെ അപ്പൻ അവറാൻ രണ്ടോ മൂന്നോ മാസം കൂടി വരുമ്പോൾ മാത്രമാണ് ഇത്തരമൊരു ആഘോഷം തോമാ കുഞ്ഞിന്റെ വീട്ടിലുണ്ടാകുക.

“കുറച്ചുനേരം മൂടിപ്പുതച്ച് കിടന്നാ മതിയെടാ കൊച്ചേ പനിയൊക്കെ പമ്പ കടന്നോളും.” വെല്ല്യമ്മച്ചി പറഞ്ഞു. ആനി ചേച്ചി വഴക്കുപിടിച്ചകാര്യം വല്ല്യമ്മച്ചിയോട് എങ്ങനെ പറയുമെന്നോർത്ത് തോമാകുഞ്ഞ് ശങ്കിച്ചു. അഗാതത്തിൽനിന്നെന്നപോലെ തോമാകുഞ്ഞിന്റെ ആത്മാവ് വേദനിച്ചു. “വെല്ല്യമ്മച്ചീ…” തോമാകുഞ്ഞ് നൊമ്പരപ്പെട്ടു. “അച്ചോടാ… ചെറിയൊരു പനി അതിരിൽക്കൂടി വന്നപ്പഴേക്കും അവൻ കൊഞ്ചുന്നതു കണ്ടില്ലേ”. എന്നു പറഞ്ഞിട്ട് വെല്ല്യമ്മച്ചി തോമാകുഞ്ഞിന്റെ തലമുടി കോതിയൊതുക്കിവെച്ചുകൊടുത്തു.

“അമ്മച്ചീ കപ്പ വെന്തോന്ന് വന്നു നോക്കാവോ.” അമ്മ വെല്ല്യമ്മച്ചിയോട് വന്നുപറഞ്ഞു. കൊച്ചേ അമ്മച്ചി ഇപ്പ വരാവേ എന്നു പറഞ്ഞിട്ട് വെല്ല്യമ്മച്ചി അടുക്കളയിലേക്ക് പോയി.

കപ്പബിരിയാണിയും കഴിച്ചേച്ച് എന്നാ കുറച്ചുനേരം കഴുത കളിക്കാമെന്നും പറഞ്ഞ് ദേവസിപാപ്പൻ തിണ്ണയിൽ ചാക്ക് വിരിച്ചു. കഴിഞ്ഞ തവണ വന്നപ്പം വെല്ല്യമ്മച്ചി കള്ളക്കളി കളിച്ചെന്നും പറഞ്ഞ് ദേവസിപാപ്പനുണ്ടാക്കിയ പുകിലൊന്നും പറയണ്ട.

ഒച്ചേലേ ദേവസിപാപ്പൻ എന്തേലും സംസാരിക്കൂ. എടാ നീയിങ്ങനെ തൊണ്ട പൊട്ടിക്കാതെടാ, നാടുമുഴുവൻ കേക്കൂലോ, ദേവസിപാപ്പൻ എന്നതേലും പറഞ്ഞാലുടനെ അപ്പാപ്പൻ പറയും.

“കൊച്ചേ എഴുന്നേറ്റു വാടാ”. നമ്മക്ക് ചീട്ട് കളിക്കാം വെല്ല്യമ്മച്ചി പറഞ്ഞു. “ഒന്നിങ്ങ് വരാവോ.” തോമാകുഞ്ഞിന് വിഷമം കലശലായി. നെഞ്ചിലും നെറ്റിയിലും കൈപ്പത്തികൊണ്ട് ചൂട് നോക്കിയെങ്കിലും പനിയുള്ളതായൊന്നും വെല്ല്യമ്മച്ചിക്ക് തോന്നിയില്ല. “കുറച്ചുനേരം കൊച്ച് വെളിയിലേക്ക് വന്നിരി. അപ്പഴേക്കും അമ്മ കൊച്ചിന് ചുക്കുകാപ്പി ഇട്ടുതരും.” വെല്ല്യമ്മച്ചി പറഞ്ഞു.

തോമാകുഞ്ഞ് വെല്ല്യമ്മച്ചിയോട് ചേർന്നിരുന്നു. മാരക പാപം ചെയ്തവനെപ്പോലെ അവന്റെ ആത്മാവ് ദൈവമേ ദൈവമേയെന്നു കേണുകൊണ്ടേയിരുന്നു. ആദ്യത്തെ വെട്ട് വെല്ല്യമ്മച്ചീടെ വകയായിരുന്നു. ഇത്രയും വെല്ല്യ ചീട്ടൊക്കെ കയ്യീ വെച്ചോണ്ട് നീയല്ലാതെ വേറെയാരെങ്കിലും ഡൈമൻ എഴിടുവോ ദേവസിച്ചായന്റെ കയ്യിലെ ചീട്ടുകളിലേക്ക് പാളിനോക്കോണ്ട് വെല്ല്യമ്മച്ചി ഉഷാറായി.

“എന്നാ ഞാൻ ക്ലാവർ രണ്ടിട്ടു” ദേവസി പാപ്പൻ പറഞ്ഞു.

തോമാകുഞ്ഞിന്റെ ഊഴമെത്തി. കൊച്ചേ ചീട്ടിടെടായെന്നായി വെല്ല്യമ്മച്ചി. താൻ ആനിചേച്ചിയോട് ചെയ്തത് പാപമാകുമോ എന്നുള്ള ആലോചനയിലായിരുന്നു തോമാകുഞ്ഞ്. പുലർച്ചെ നടന്നതൊക്കെ ഏറ്റുപറയാനും ആനി ചേച്ചിയെന്നാത്തിനാ എന്നോട് വക്കിട്ടതെന്നും അവന് വെല്ല്യമ്മച്ചിയോട് ചോദിക്കണമായിരുന്നു. നെഞ്ചിൽ താളം മുറുകുന്നതായും കണ്ണിലേക്ക് ഇരുട്ട് ഇരച്ചുകയറുന്നതായും അവൻ അറിഞ്ഞു.

കോപ്പർ തിണ്ണയിലേക്ക് കേറിവന്നു. ഇറങ്ങിപ്പോ പട്ടീന്നും പറഞ്ഞ് തോമാകുഞ്ഞിന്റെ വികെസി ചെരുപ്പെടുത്ത് അമ്മ എറിഞ്ഞു. ചെപ്പക്കുറ്റിതീർത്ത് ഏറുകിട്ടിയ കോപ്പർ ഉറക്കെ മോങ്ങിക്കോണ്ട് മുറ്റത്തേക്ക് ചാടി. താനാണ് മോങ്ങിയതെന്ന് തോമാകുഞ്ഞിന് തോന്നി. “നിനക്ക് എന്നാത്തിന്റെ കേടാ പെണ്ണമ്മേ അതിനോട് ഇറങ്ങിപ്പോകാൻ പറഞ്ഞാ അതങ്ങ് പൊക്കോളൂലേ” അപ്പാപ്പൻ പറഞ്ഞു.

“കൊച്ചിന്റെ ചീട്ട് ഞാൻ നോക്കിക്കോളാം” വെല്ല്യമ്മച്ചി പറഞ്ഞു. അയ്യട കള്ളക്കളിക്കല്ലേ. താൻ കളിക്കില്ലെന്ന് ദേവസി പാപ്പൻ ഉറപ്പിച്ചു. എടാ ഇവൻ കൊച്ചല്ലേ നീയിങ്ങനെ വാശിപിടിച്ചാലെങ്ങനാ വെല്ല്യമ്മച്ചി പറഞ്ഞു. കൊച്ചേ വെല്ല്യ ചീട്ടൊന്നും കയ്യി പിടിച്ചോണ്ട് ഇരുന്നേക്കല്ലേ എന്നും പറഞ്ഞ് വെല്ല്യമ്മച്ചി ബീഡിക്ക് തീ കൊളുത്തി.

ചീട്ടുകൾ തുരുതുരാ കളത്തിലിറങ്ങി. ദേവസിപാപ്പന്റെ കയ്യിലെ ചീട്ടിന്റെ എണ്ണം കൂടിവന്നു. വെല്ല്യമ്മച്ചിയും തോമാകുഞ്ഞും കഷ്ടിച്ച് രക്ഷപെട്ടപോലാണ്. “ഈ കളിയിൽ തോക്കുന്നോർക്ക് ശിക്ഷയുണ്ട്.” വെല്ല്യമ്മച്ചി പറഞ്ഞു.

“ഓ എന്നതാരിക്കും” ദേവസിപാപ്പൻ അക്ഷമനായി.

“അത്രക്കൊന്നുമില്ല, കഴുതയാകുന്നയാൾ മുട്ടുകുത്തിനിന്നിട്ട് ഈയടുത്ത് ചെയ്ത പാപത്തിലൊരെണ്ണം എല്ലാരോടും ഏറ്റ് പറയണം. എന്നിട്ട് രാജാവാകുന്നയാൾ പറയുന്നത്രേം ഏത്തമിടണം. പറ്റ്വോ?” വെല്ല്യമ്മച്ചി എല്ലാരോടുമായി ചോദിച്ചു.

കോപ്പിലെ കളിക്ക് ഞാനില്ലെന്നും പറഞ്ഞ് ദേവസിപാപ്പൻ കൊള്ളവെച്ച് ചീട്ട് ചാക്കേലേക്കും എറിഞ്ഞിട്ട് ചാടിപ്പിടച്ച് എണീറ്റു.

തോമാകുഞ്ഞേ ഇച്ചിരെ നീങ്ങിയിരുന്നേടാ എന്നു പറഞ്ഞ് വെല്ല്യമ്മച്ചി തിണ്ണയിലേക്ക് ചെരിഞ്ഞു കിടന്നു. ഇതെന്നാ കൂത്തെന്നമട്ടിൽ എല്ലാരും വെല്ല്യമ്മച്ചിയെ നോക്കി. വെല്ല്യമ്മച്ചി നീട്ടിയൊരു ഏമ്പക്കം വിട്ടു. എന്നാപറ്റി അമ്മച്ചീന്നും വിളിച്ച് എല്ലാരും ബെനീഞ്ഞാമ്മയെ എഴുന്നേപ്പിച്ചിരുത്താൻ നോക്കി. വെല്ല്യമ്മച്ചി തണ്ടുതാളുപോലെ കുഴഞ്ഞിരുന്നു. അമ്മച്ചിക്ക് അനക്കമൊന്നും കാണാഞ്ഞ് പെണ്ണമ്മയും ഏലിക്കുട്ടിയും നിലവിളിച്ചു.

ഉരുപ്പും കുറ്റി പള്ളിയിലെ സിമിത്തേരിയിൽ ബോഗൻ വില്ലകൾക്ക് ചുവപ്പായിരുന്നു നിറം. ചെറിയ ഒപ്പീസിനും എണ്ണിപ്പറച്ചിലുകൾക്കുമിടയിൽ തോമാകുഞ്ഞ് എന്റെ ദൈവമേ എന്റെ ദൈവമേയെന്നുവിളിച്ച് ഉഴറി. ഒപ്പീസുചൊല്ലിക്കൊണ്ടിരുന്ന കൊച്ചച്ചനു പിന്നിൽ ആനിചേച്ചിയെ കണ്ടതോടെ തോമാകുഞ്ഞ് നിലവിളിച്ചു. അമ്മ അവനെ ചേർത്തുപിടിച്ചു.

വെല്ല്യമ്മച്ചിയുടെ അടക്കംചെയ്ത പെട്ടി മൺകുഴിയിലേക്ക് ഇറക്കിവെയ്ക്കുന്ന തിരക്കിൽ മുതിർന്നവരുടെ കാലുകൾക്കിടയിലൂടെ വെല്ല്യമ്മച്ചിയുടെ ശവപ്പെട്ടിക്ക് മുകളിൽ പതിച്ചിരുന്ന കുരിശ് തോമാകുഞ്ഞുകണ്ടു. മൺകുഴിയുടെ ആഴം കനത്തുവരുന്നതായും തന്നെ വിഴുങ്ങുന്നതായി അവന് തോന്നി.

മൂന്ന് മരണങ്ങൾ


അന്ത്യകൂദാശ

ഔത വൈദ്യർ എന്ന എന്റെ ഇച്ചായൻ (അപ്പന്റെ അപ്പൻ) 1918ൽ ജനിച്ചുവെന്നാണ് കരുതപ്പെടുന്നത്. 2010ലെ ഒരു വൈകുന്നേരം ചായ കുടിയും കഴിഞ്ഞ് കട്ടിലിൽ കേറി കിടന്നിട്ട് ഇച്ചായൻ എന്നോട് പറഞ്ഞു. “എടാ കൊച്ചേ വേഗം പോയി വെല്ല്യച്ചനെ വിളിച്ചോണ്ട് വാ. എനിക്ക് അന്ത്യകൂദാശ വേണം.” ഇച്ചായന് 92 ആയിരുന്നു പ്രായം. ആ മാസംതന്നെ ഇത് രണ്ടാമത്തെ അന്ത്യകൂദാശ ചോദിക്കലായതുകൊണ്ടുതന്നെ ഞാനത് കാര്യമാക്കിയതുമില്ല. “എന്നെയൊന്ന് കക്കൂസേലേക്ക് ഇരുത്താവോടാ എന്നായി അടുത്ത ചോദ്യം. ഇച്ചായനെ ഒറ്റയ്ക്ക് താങ്ങിയെടുക്കാൻ പറ്റാത്തതുകൊണ്ട് ഞാനും അമ്മയുംകൂടി ഇച്ചായനെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി. കാര്യങ്ങളൊക്കെ സാധിച്ചശേഷം ഇച്ചായനെ വീണ്ടും കട്ടിലിൽ കൊണ്ടു കിടത്തി. പക്ഷേ ആ പ്രായത്തിലും ആദ്യമായിട്ടാണ് ഇച്ചായനെ ഇങ്ങനെ തളർന്നുകണ്ടത്.

കട്ടിലിൽ വന്ന് കിടന്നപാടെതന്നെ വീണ്ടും അന്ത്യകൂദാശ വേണമെന്നായി ഇച്ചായൻ. ശ്ശെടാ… ഇത്രയും നേരം പെരക്കകത്തുകൂടി നടന്നിരുന്നയാൾ കട്ടിലിൽ കേറി കിടന്നിട്ട് എന്റെ മരണം അടുത്തൂന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ഓർമ്മ പിശകിന്റെ ആഴങ്ങളിൽനിന്നുള്ള എന്തോ വർത്തമാനമാണെന്നല്ലേ കരുതാനൊക്കൂ.

അതൊരു വൈകുന്നേരമായിരുന്നു. പച്ചക്കറിയും സാമാനങ്ങളും വാങ്ങിക്കാനായി ഞാനപ്പോൾ എടൂർ ടൌണിലേക്ക് പോകേണ്ടിയിരുന്നു. തുണി സഞ്ചിയുമെടുത്ത് ഞാൻ പോകുകയും ചെയ്തു. അഷ്റഫേട്ടന്റെ പച്ചക്കറിക്കടേന്ന് സാധനങ്ങളും വാങ്ങി കൂട്ടുകാരോട് വർത്താനം പറഞ്ഞ് നിക്കുമ്പോ അമ്മയുടെ വിളി വീണ്ടും വന്നു. “എടാ കൊച്ചെ വേഗം വന്നേ. ഇച്ചായൻ അച്ചനെ അന്വേഷിക്കുന്നുണ്ട്.” എന്ന് പറഞ്ഞു.

വയസാം കാലത്ത് ഇതെന്നാ കൂത്താണെന്നും വിചാരിച്ച് ഞാൻ വീട്ടിലേക്ക് ഓടിച്ചെന്നു. “എടാ നിന്നോട് അച്ചനെ വിളിക്കാനല്ലേടാ ഞാൻ പറഞ്ഞത്” എന്ന് ഇച്ചായൻ പറയുമ്പോൾ കണ്ണിൽനിന്നും വെള്ളം ഇറ്റിവീഴുന്നുണ്ടായിരുന്നു. അതിനെടേൽ അമ്മയെ വിളിച്ച് “എടീ പെണ്ണേ നിന്നോട് ഞാൻ വഴക്ക് കൂടിട്ടൊണ്ടേൽ ക്ഷമിക്കണം കെട്ടോ” എന്നൊക്കെ പറയുന്നുമുണ്ട്.

അപ്പഴേക്കും അച്ചാച്ചൻ മരുന്നു കടയിൽനിന്നും ഓടിപ്പിടച്ച് വന്നു. എടാ പോയി അച്ചനെ വിളിച്ചിട്ട് വാ എന്നായി അച്ചാച്ചൻ. സംഗതി സീരിയസായി വരുകയാണെന്ന് അപ്പോഴാണ് എനിക്ക് ബോധ്യപ്പെട്ടത്. പള്ളീൽ ചെന്നപ്പോ ആൻഡ്രൂസ് അച്ചന്റെ മുറിയിൽ ആരോ സംസാരിച്ചിരിക്കുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. അതിനിടയിൽ വീട്ടിൽനിന്നും തിരക്കിട്ട വിളികൾ. സമയം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഞാൻ വൈകുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അച്ചാച്ചൻ പള്ളീലേക്ക് ഓടിപ്പിടിച്ചുവന്നു. എടാ നിനക്ക് അച്ചനോട് കാര്യം പറയാൻ മേലാരുന്നോന്നും ചോദിച്ച് അച്ചാച്ചൻ അച്ചന്റെ മുറിയിലേക്ക് കയറിച്ചെന്നു. അപ്പന്റെ തിരക്ക് കണ്ടിട്ടാണെന്ന് തോന്നുന്നു “എന്നതാ മത്തച്ചാ” എന്നും ചോദിച്ച് അച്ചൻ ചാടി എണീറ്റു. “ഇച്ചായന് വയ്യെന്നാ തോന്നുന്നത് അച്ചോ, അന്ത്യ കൂദാശ വേണമെന്നാ പറയുന്നത്” എന്ന് അച്ചാച്ചൻ ആഡ്രൂസ് അച്ചനോട് പറഞ്ഞു. “ചെറുക്കൻ അച്ചനെ വിളിക്കാൻ ഇവിടെ വന്നിട്ട് കുറേ നേരമായി.” അച്ചൻ തിരക്കിലായോണ്ട് വിളിക്കാൻ മടിച്ചു നിന്നതാണെന്ന് അപ്പൻ അച്ചനോട് പറയുകയും ചെയ്തു. “എന്നതാ ലിയോനാൾഡേ ഇക്കാര്യങ്ങളൊക്കെ പെട്ടെന്ന് വന്ന് പറയണ്ടേന്നും” പറഞ്ഞ് അച്ചൻ പള്ളിയുടെ സങ്കീർത്തിയിലേക്ക് ഓടി.

വണ്ടി വിളിക്കാനായിട്ട് അപ്പൻ പള്ളിയുടെ കയറ്റം ഓടിയിറങ്ങി ടൌണിലേക്ക് പാഞ്ഞു. അച്ചൻ വീട്ടിലെത്തിയപ്പോൾ ഇച്ചായൻ അൽപ്പം ഉഷാറിലായിരുന്നു. ആൻഡ്രൂസ് അച്ചനും ഇച്ചായനും വിശേഷം പറച്ചിലായി. അപ്പോഴും പതിവുപോലെ ഇച്ചായന് മരിക്കുമെന്ന തോന്നൽ മാത്രമാണെന്നാണ് ഞാൻ കരുതിയത്. കൂർബ്ബാന കൊടുത്ത ശേഷം അച്ചൻ പള്ളീലേക്ക് പോയനേരത്ത് ഞാൻ ഇച്ചായന്റെ ഉള്ളം കാലിൽ ചൂട് പിടിപ്പിക്കുകയായിരുന്നു. “ഓ ഇനി അതൊന്നും ചെയ്തിട്ട് കാര്യമില്ലടാ കൊച്ചേ” എന്ന് ഇച്ചായൻ പറഞ്ഞു. നീയൊന്ന് ഇങ്ങ് വന്നേ എന്ന് പറഞ്ഞ് ഇച്ചായൻ കൈ കാട്ടി. അടുത്തേക്ക് ചെന്നതും ഇച്ചായൻ എന്റെ കയ്യിൽ കയറി പിടിച്ചു. കൈ വിടുവിക്കാൻ ശ്രമിച്ചപ്പോൾ അങ്ങനെ ചെയ്യല്ലേടാ എന്ന് അമ്മ പറഞ്ഞു. ഇച്ചായന് എന്നോട് എന്തോ പറയണമെന്നുണ്ടായിരുന്നു. അതിനായി വാ ചലിപ്പിച്ചതുമാണ്. പക്ഷേ അതെന്താണെന്ന് മുഴുമിക്കാൻ കഴിയും മുമ്പ് എന്റെ കയ്യിലെ പിടുത്തം മുറുകി അയഞ്ഞു. എത്ര സുന്ദരമായ മരണം!

മരണ സമയത്ത് കൂട്ടുനിക്കാനൊത്തതുകൊണ്ട്, ആദ്യമായും അവസാനമായും ചിലപ്പോൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്നെക്കൊണ്ട് ഉപകാരം ഉണ്ടായത് ആ നിമിഷത്തിലാണെന്ന് ചിലപ്പോൾ എനിക്ക് തോന്നും.

അര മണിക്കൂർ

അപ്പച്ചൻ ഒടിവ് ചികിത്സിച്ചുമാറ്റാൻ മിടുക്കനാരുന്നു. ഇച്ചായന്റെ രണ്ടാമത്തെ സന്തതി. നാട്ടുകാർ ജോസ് ചേട്ടൻ എന്നാണ് അപ്പച്ചനെ (അപ്പന്റെ ചേട്ടൻ) വിളിച്ചിരുന്നത്.

ഒരിക്കൽ ഞങ്ങൾ രണ്ടാളുംകൂടെ ഒരു സന്ധ്യക്ക് എടൂർ പള്ളിയുടെ സിമിത്തേരിയിൽ കല്ലറകൾക്ക് നമ്പർ എഴുതാൻ പോയി. “ഞാൻ ഇപ്പ വരാവേ” എന്നുപറഞ്ഞ് അപ്പച്ചൻ സിമിത്തേരിയുടെ മതിലുകടന്ന് വെളിയിലേക്ക് പോയി. എടൂരത്തെ പള്ളി സെമിത്തേരി ഒറ്റപ്പെട്ട ഒരു മലയുടെ നെറുകയിലാണ്. ഏകാന്തമായ ഇടം. സെമിത്തേരിക്ക് താഴെ വെമ്പുഴ ഒഴുകുന്നുണ്ട്. അതിന്റെ എരമ്പം മലമോളിലേക്കും കേൾക്കാം. സന്ധ്യ മയങ്ങിയ എട്ടുമണി നേരമായിരുന്നു അത്. എനിക്ക് ഒന്നാമതേ സിമിത്തേരീന്ന് കേക്കുമ്പത്തന്നെ പേടിയാണ്. പക്ഷേ ആ ഒറ്റ രാത്രികൊണ്ട് എന്റെ പേടി വെമ്പുഴയുടെ കുത്തൊഴുക്കിൽ എങ്ങോ പോയി എന്നുള്ളത് തീർച്ചയാണ്. ഇപ്പ വരാവേ എന്ന് പറഞ്ഞുപോയ അപ്പച്ചനെ കാണാനില്ല. പക്ഷേ പതിനഞ്ച് മിനിറ്റ് കഴിഞ്ഞുകാണും സാമ്പ്രാണിത്തിരിയുടെ കനത്ത മണം അവിടെ പരന്നു. പേടിച്ചിട്ട് നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു. പേടിച്ചിട്ട് ഇറങ്ങിയോടിയാലുള്ള മാനാഭിമാന പ്രശ്നമോർത്ത് കല്ലറയിലെ നമ്പറെഴുത്ത് ഞാൻ തുടർന്നോണ്ടിരുന്നു. മുക്കാൽ മണിക്കൂറിന്റെ ഏകാന്തത ഭേതിച്ച് അപ്പച്ചൻ സിഗരറ്റും വലിച്ച് എന്റടുത്തേക്ക് വന്നു. “നീ പേടിച്ചോ” എന്നായിരുന്നു അപ്പച്ചന്റെ ആദ്യത്തെ ചോദ്യം. പക്ഷേ ആ മണിക്കൂറിൽ ഭയമെന്ന ആവരണത്തെ അഴിച്ചുവെക്കാൻ എനിക്കായിരുന്നു. പിന്നീട് മരണത്തെയോ ശവത്തെയോ ഞാൻ പേടിച്ചില്ല. കല്ലറ ചുവട്ടിൽ കിടന്ന സാമ്പ്രാണിയെടുത്ത് കത്തിച്ചുവെക്കുവാരുന്നെന്ന് മൂപ്പര് പറഞ്ഞു.

അങ്ങനെയിരിക്കെ ഒരു വൈകുന്നേരം മുന്തിരി തിന്നോണ്ടിരിക്കെ അപ്പച്ചനൊന്ന് ഛർദ്ദിച്ചു. ഫുഡ് പോയിസണാണെന്ന വിചാരംകൊണ്ട് വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി. മരുന്നൊക്കെ കുറിച്ചു തന്നെങ്കിലും ഇടക്കിടെ ഛർദ്ദി വന്നോണ്ടിരുന്നു. അങ്ങനെ പിറ്റേന്ന് തലശ്ശേരിയിലുള്ള ആശുപത്രിയിൽ ചെന്നപ്പോ അർശ്ശസിന്റെയാണെന്നും എത്രയും വേഗം രണ്ട് കുപ്പി ബ്ലഡ് കയറ്റിയ ശേഷം ഓപ്പറേഷനുള്ള തിയ്യതി നിശ്ചയിക്കണമെന്നുമായി അവിടുത്തെ ഡോക്ടർ. അങ്ങനെ ഇരിട്ടിയിലുള്ള ആശുപത്രിയിൽവെച്ച് രണ്ട് ദിവസങ്ങളിലായി രക്തം കയറ്റുകയും ചെയ്തു. അത് കാൻസർ കാലത്തിന്റെ തുടക്കമായിരുന്നു.

പിറ്റേന്ന് മൂപ്പരുടെ വീട്ടീ ചെന്നപ്പോ “എടാ വൈറ്റീന്ന് വല്ലാതെ ചോര പോകുന്നുണ്ടെന്ന് അപ്പച്ചൻ പറഞ്ഞു”. അങ്ങനെ ഞങ്ങൾ രണ്ടാകൂടി പിറ്റേന്ന് വീണ്ടും ആശുപത്രീലേക്ക് പോയി. “ജോസേട്ടാ രക്തം വല്ലാതെ കുറയുന്നുണ്ടല്ലോ” എന്നായി ഡോക്ടർ. “അല്ല ഡോക്ടറേ രണ്ട് കുപ്പി രക്തം കഴിഞ്ഞ ദിവസമല്ലേ കേറ്റീത്. കയറ്റിയ രക്തമൊക്കെ വേർത്ത് പോകുവാണോ” എന്ന് തമാശയും പറഞ്ഞ് ഞാനും അപ്പച്ചനുംകൂടെ വീട്ടിലോട്ടും പോന്നു.

പിന്നെ കോഴിക്കോടുള്ള ആശുപത്രിയിലായിരുന്നു ചികിത്സ. അവിടുത്തെ മരുന്നുകഴിപ്പും കഴിഞ്ഞ് പ്രതീക്ഷകെട്ട് അപ്പച്ചനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ദിവസവും ഗ്ലൂക്കോസ് കയറ്റണം. ആമാശയം പാതി എടുത്തുകളഞ്ഞതുകൊണ്ട് ഗ്ലൂക്കോസ് തുള്ളികളെ അപ്പച്ചന്റെ ശരീരം ജീവനായി കരുതി. എന്തെങ്കിലും തിന്നാമെന്നുവെച്ചാൽ ഇറങ്ങില്ല. അത് അപ്പാടെ ഛർദ്ദിച്ചുപോരും. ഏറ്റവും ഇഷ്ടമുള്ള കപ്പയും ഇറച്ചിയും ഒരിക്കൽ തിന്നു നോക്കിയതാണ്, മണിക്കൂറുകൾ നീണ്ട ഛർദ്ദിയായിരുന്നു പിന്നെ.

ആ നാളുകലിൽ മൂപ്പരുടെ കാലിന്റെ പെരുവിരലിൽനിന്നും ആരംഭിച്ച നീര് ശരീരത്തിലാകെ പടർന്നുകൊണ്ടിരിക്കുകയായിരുന്നു. കൈ ഞരമ്പുകളിൽ കുത്തിവെച്ചിരുന്ന ഗ്ലൂക്കോസ് കുഴലുകൾ സ്ഥാനം മാറിമാറി കഴുത്തിലെത്തി. കുഴലിന്റെ സ്ഥാനം മാറും തോറും മരണത്തിലേക്കുള്ള അകലം കുറയുകയാണെന്ന് അപ്പച്ചൻ മനസിലാക്കിയിരുന്നു. അവസാന നാളുകളിൽ കഴുത്തിലെ ഞരമ്പിലൂടെയാണ് ഗ്ലൂക്കോസ് നൽകിയിരുന്നത്. തല മാത്രം അനക്കാനാകുന്ന അവസ്ഥ. പക്ഷേ അപ്പോഴും അപ്പച്ചന്റെ നാവിന് വിശ്രമം ഇല്ല. എല്ലാ ദിവസവും തങ്ങളുടെ ജോസേട്ടനെ കാണാൻ ഒത്തിരിപ്പേർ ആശുപത്രി വാർഡിൽ കയറിയിറങ്ങി. അമല ആശുപത്രിയിലെ 210-ാം മുറി ജോസേട്ടന്റെ മുറി എന്നാണ് നഴ്സുമാർ വിളിച്ചിരുന്നത്. രണ്ട് മാസത്തിലധികം അവിടെ കിടക്കേണ്ടിവന്നതുകൊണ്ടാകും ആ മുറി അത്ര പരിചിതമായത്.

ഗ്ലൂക്കോസ് കയറാത്ത അവസ്ഥയിലേക്ക് ഞരമ്പുകൾ ശോഷിച്ചുതുടങ്ങിയിരുന്നു. അങ്ങനെ കഴുത്തിലൂടെ ഗ്ലൂക്കോസ് നൽകിയിരുന്ന ഒരു ഉച്ച നേരത്ത് ഗ്ലൂക്കോസ് തുള്ളികൾ ഇറ്റുവീഴുന്നില്ലെന്ന് കണ്ടെത്തിയത് ആലീസമ്മയാണ്. നഴ്സുമാർ ഓടിയെത്തി. കഴുത്തിൽനിന്നും ഗ്ലൂക്കോസ് കുഴലുകൾ ഊരിയെടുക്കുമ്പോൾ അപ്പച്ചൻ, “അളിമ്പീ ഇനി അര മണിക്കൂർ അല്ലേ?” എന്ന് ചോദിച്ചു. മരണ വക്കിൽനിന്നോണ്ടുള്ള അപ്പച്ചന്റെ തമാശകേട്ട് അമ്പിളി നേഴ്സ് ഏങ്ങിക്കരഞ്ഞോണ്ട് മുറിവിട്ടോടി.

റെഡ് എഫ്എം 93.5

“ഞാൻ മരിച്ചാൽ നിങ്ങൾ മതപരമായ പാട്ടുകളൊന്നും പ്ലേ ചെയ്യാതെ അടിപൊളി സിനിമാ പാട്ട് പാടിക്കോണ്ടുവേണം എന്നെ കൊണ്ടോയി കുഴിച്ചിടാൻ”. സാജൻ സാർ സ്റ്റുഡൻസായ ഞങ്ങളോട് ഒരിക്കൽ പറഞ്ഞതാണ്. ചുമ്മാ വട്ട് പറയാതെ സാറേ എന്ന് പിന്നീട് രഹസ്യത്തിൽ ഞാൻ സാറിനോട് പറയുകയും ചെയ്തു. ഞങ്ങൾ കുറച്ചുപേർ സാറിന്റെ സ്വന്തം മക്കളെപ്പോലായിരുന്നു.

റേഡിയോ സാജന് വളരെ പ്രിയപ്പെട്ട ഉപകരണമായിരുന്നു. കുറച്ചുകാലം ഓൾ ഇന്ത്യാ റേഡിയോയിൽ താൽക്കാലിക അനൌൺസറായി സാജൻ ജോലി നോക്കിയിട്ടുണ്ട്. അക്കാലത്ത് നാട്ടുകാർ മാമച്ചാ (സാജന്റെ വിളിപ്പേര്) ഇപ്പോ എന്താണ് പരിപാടികൾ എന്ന് ചോദിക്കുമ്പോ റേഡിയോയിലാണ് പണിയെന്ന് പറഞ്ഞിട്ടും നാട്ടുകാർ വിശ്വസിച്ചില്ലെന്ന് മൂപ്പര് പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പ്രശ്നം രൂക്ഷമായപ്പോൾ പ്രശ്നം പരിഹരിക്കാൻ കത്തുകൾ വായിക്കുന്ന കൂട്ടത്തിൽ നാട്ടിലെ പ്രിയ സുഹൃത്തിന്റെ കത്ത് ഒരെണ്ണം വായിച്ചതും മാമച്ചൻ നാട്ടിലെ ഹീറോയായി.

വളരെ ബ്രില്ല്യന്റായ ഒരു മനുഷ്യനായിരുന്ന സാജൻ ജോർജ്ജ്. ഉദയഗിരി മലയിൽനിന്നും പത്രംവായിക്കാൻ പഠനകാലത്ത് കിലോമീറ്ററോളം നടന്ന അനുഭവമൊക്കെ സാർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഹിന്ദു പത്രത്തിൽ വരുന്ന അച്ചടി പിഴവുകൾ കണ്ടെത്തുന്നത് സാറിന്റെ ഹോബിയായിരുന്നു. പിഴവുകളൊക്കെ കണ്ടെത്തി മൂപ്പർ എഡിറ്റർക്ക് മെയിൽ അയക്കുകയും ചെയ്യും. ബിബിസിയിൽ വാർത്ത വായിക്കുന്ന മനുഷ്യരുടെ ഉച്ചാരണ ശുദ്ധി സാറിന്റെ ഭാഷയ്ക്ക് ഉണ്ടായിരുന്നു. അതോണ്ട് ക്ലാസിൽ മൂപ്പര് സംസാരിക്കുന്നത് വാപൊളിച്ച് കേക്കാനായിരുന്നു യോഗം.

ചെറുപ്പത്തിൽ ഫുഡ്ബോൾ കമന്ററി റേഡിയോയിൽ കേട്ടാണ് ഇംഗ്ലീഷിനോടുള്ള ഭ്രാന്ത് മൂത്തതെന്ന് അയാൾ ഒരിക്കൽ എന്നോട് പറഞ്ഞു. കൂടെ നടക്കുമ്പോൾ ഒറ്റയ്ക്ക് ഇഗ്ലീഷിൽ സംസാരിക്കുന്നത് മൂപ്പരുടെ ശീലമായിരുന്നു. ഇതെന്നാ സൂക്കേടാ സാറേ എന്ന് ചോദിച്ചാൽ ഭാഷ ശരിയാക്കുന്നതാണെന്നായിരുന്നു മൂപ്പരുടെ മറുപടി.

അങ്ങനെയിരിക്കെ തനിക്ക് ‘ബൈപ്പോളാർ ഡിസോഡർ’ ഉണ്ടെന്നും ഏത് നിമിഷവും തന്റെ ജീവിതം ആത്മഹത്യയിലേക്ക് വഴുതിവീണേക്കാം എന്നും സാർ പറഞ്ഞു. ഇരിട്ടിയിലെ കുമ്മട്ടിക്കടയിൽനിന്നും സിഗരറ്റും വാങ്ങി ഒതുക്കമുള്ള ഒരിടത്തേക്ക് വിളിച്ചോണ്ട് പോയിട്ടാണ് മൂപ്പരിത് എന്നോട് പറഞ്ഞത്. പുക അലസമായി ഊതിക്കോണ്ട് താൻ പോടോ എന്ന് പറഞ്ഞ് ഞാൻ പുച്ഛിക്കുകയും ചെയ്തു. ഇതിനിടയിൽ ഒരിക്കൽ തിരുവനന്തപുരത്തെ ചികിത്സയ്ക്കായി ഞാൻ സാറിന്റെ ഒപ്പം പോയി. പിന്നീട് പലപ്പോഴായി ചികിത്സകൾ. കവിത എഴുതാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ മനുഷ്യന്റെ ഇഷ്ട എഴുത്തുകാരെല്ലാംതന്നെ ആത്മഹത്യ ചെയ്തവരായിരുന്നു. സിൽവിയാപ്ലാത്തിന്റെ വരികൾ സുകൃത ജപം പോലെ ചൊല്ലി നടന്നിരുന്ന ഒരാൾ.

2014 ഡിസംബറിൽ തലക്കാവേരി ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഞാൻ സാറിനൊപ്പം യാത്രപോയി. വയറുനിറയെ ബിയർ കുടിച്ചശേഷം ഹോട്ടൽ മുറിയിലെത്തിയ ശേഷം ഇതെന്റെ അവസാന തീർത്ഥയാത്രയാണെന്ന് മൂപ്പരെന്നോട് പറഞ്ഞു. സ്ഥിരം പല്ലവിയായതുകൊണ്ടുതന്നെ ഞാനത് ഗൌനിച്ചുമിച്ചുമില്ല. ആ യാത്രക്ക് ശേഷം ഫോൺ വിളിച്ചാൽ ആ മനുഷ്യൻ എടുത്തിരുന്നില്ല.

2015 ജനുവരിയിലാണ് ഞാൻ സാറിനെ പിന്നീട് കാണുന്നത്. അന്ന് വീട്ടിൽ ചെല്ലുമ്പോൾ റേഡിയോയിൽനിന്നും റെഡ് എഫ്എമ്മിൽനിന്നുള്ള സിനിമാ പാട്ട് കേൾക്കുന്നുണ്ട്. പുസ്തകങ്ങലെല്ലാം ചിട്ടയോടെ അടുക്കിവെച്ചിട്ടുണ്ട്. മുറ്റത്ത് കൂടിനിന്ന ആളുകൾക്കിടയിലൂടെ നൂണ്ടുപോയി ജനലിലൂടെ ഞാനും നോക്കി. മുഷിഞ്ഞ വസ്ത്രം ഭിത്തി ഹാങ്കറിൽ തൂക്കിയിട്ടതുപോലുള്ള സാജന്റെ ദേഹം ജനാലയുടെ അഴികൾക്കിടയിലൂടെ ഞാൻ കണ്ടു. റെഡ് എഫ്എം 93.5 ൽ നിന്നും പാട്ടുകൾ തുടർന്നുകൊണ്ടേയിരുന്നു. പക്ഷേ സാജൻ ജോർജ്ജ് എന്ന കവിതയുടെ വരികൾ അവിടെവെച്ച് മുറിയുകയായിരുന്നു.

( 27.08.2019ന് ഏഷ്യാനെറ്റ് ന്യൂസിൽ പ്രസിദ്ധീകരിച്ചു)

Monday, 14 September 2020

കൊല്ലത്തുനിന്നും വിയറ്റ്നാം പഠിച്ചെടുത്ത കശുവണ്ടി സംസ്ക്കരണംപതിനാറാം നൂറ്റാണ്ടിൽ ബ്രസീലിൽനിന്നും ഇന്ത്യയിലേക്ക് വന്ന പോർച്ചുഗീസുകാരായിരുന്നു ഇന്ത്യയിലേക്ക് കശുമാവ് എത്തിച്ചത്. കശുമാവ് അങ്ങനെ കൊല്ലത്തെ തീരത്തെത്തി. 1920 ആയപ്പോഴേയ്ക്ക് കശുവണ്ടി സംസ്ക്കരിച്ച് പരിപ്പെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചന്തകളിലേക്ക് കയറ്റി അയയ്ക്കാൻ തുടങ്ങി. ജനറൽ ഫുഡ് കമ്പനിയുടെ ആളുകൾ കേരളത്തിലെ കച്ചവടക്കാരുമായി കരാറിൽ ഏർപ്പെടുകയും തൊണ്ടുപൊട്ടിച്ച് പരിപ്പെടുക്കുന്നതിനായി വൻതോതിൽ കശുവണ്ടി കൊല്ലത്തെ സംസ്ക്കരണ കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്തു. ഇവിടെനിന്നും കൊണ്ടുപോയ കശുവണ്ടിപ്പരിപ്പ് ന്യൂജഴ്സിയിലെ ഹൊബോക്കനിലെത്തിച്ച് വറുത്തെടുക്കുകയും ആകർഷകമായി പായ്ക്ക് ചെയ്ത് അമേരിക്കയിൽ ബേക്കേഴ്സ് വിറ്റാപാക്ക് കാഷ്യു എന്നപേരിൽ വിറ്റഴിക്കുകയും ചെയ്തു.
6.5 ബില്ല്യൺ ഡോളറിന്റെ കശുവണ്ടി കച്ചവടം ലോകത്താകമാനം നടക്കുന്നുണ്ട്. അമേരിക്കയാണ് കശുവണ്ടി പരിപ്പിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഇടം. വെണ്ണയും പാലും പോലെ ആരോഗ്യകരമായ ഭക്ഷണ പദാർത്ഥത്തിൽ കശുവണ്ടി പരിപ്പ് മിഠായിക്കും അവർക്ക് പ്രിയമാണ്.

കൊല്ലത്ത് കശുവണ്ടി സംസ്ക്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ വർഷങ്ങളോളം കൊല്ലം കശുവണ്ടിപ്പരിപ്പ് ഉത്പാദനത്തിൽ അജയ്യത കാത്തു സൂക്ഷിച്ചു. കൊല്ലത്തെ ഫാക്ടറികളിൽ തൊണ്ട് തല്ലിപ്പൊട്ടിച്ച് പരിപ്പെടുക്കുകയും നിലവാരത്തിന് അനുസരിച്ച് വേർതിരിക്കുകയും ചെയ്യുന്ന പ്രധാന ജോലികളായിരുന്നു ചെയ്തുപോന്നിരുന്നത്. ഇന്ത്യയിൽ കശുവണ്ടി സംസ്ക്കരിച്ച് കയറ്റി അയയ്ക്കുന്ന പ്രധാനപ്പെട്ട സ്ഥലവും കൊല്ലംതന്നെയാണ്.

കൊല്ലത്തുവന്ന് കശുവണ്ടി സംസ്ക്കരണം പഠിച്ചെടുത്ത വിയറ്റ്നാംകാരാണ് ഇപ്പോൾ കശുവണ്ടി കച്ചവടത്തിൽ ഒന്നാംസ്ഥാനത്ത്. ഗ്ലോബലൈസേഷന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ വിയറ്റ്നാമിലെ വ്യവസായികൾ തങ്ങളുടെ കശുവണ്ടി സംസ്ക്കരണ കേന്ദ്രങ്ങൾ യന്ത്രവത്കൃതമാക്കി.കൊല്ലത്ത് കശുവണ്ടി സംസ്ക്കരണശാല നിരന്തരം സന്ദർശിച്ച ജനറൽ ഫുഡിന്റെ പ്രതിനിധിയായ ജോൺസണും ഭാര്യയും ചേർന്ന് സംസ്ക്കരണശാല ആരംഭിക്കുകയും സംസ്ക്കരിച്ചെടുത്ത കശുവണ്ടി പരിപ്പ് ജനറൽ ഫുഡിന് നൽകുകയും ചെയ്തു. രണ്ടാംലോക മഹായുദ്ധകാലത്ത് ഇന്ത്യയിലുണ്ടായിരുന്ന അമേരിക്കൻ പൗരന്മാരോട് ഇന്ത്യവിടാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജോൺസണും സംഘവും ഇന്ത്യയിൽനിന്നും പോയെങ്കിലും പിന്നീട് മടങ്ങിവന്നില്ല.

കശുവണ്ടി പൊട്ടിച്ച് പരിപ്പ് കേടുകൂടാതെ പുറത്തെടുക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. ഇത് മിക്കവാറും ചെയ്തിരുന്നത് സ്ത്രീകളായിരുന്നു. കുടുംബ ചിലവിനുള്ള പണം കണ്ടെത്താൻ ഇത് സ്ത്രീകളെ സഹായിച്ചു. ‘കശുവണ്ടി ഫാക്ടറികളിൽ ജോലിക്ക് പോയി ലഭിച്ചിരുന്നത് വീടുകളിലേക്കുള്ള അധികവരുമാനമായാണ് കരുതിപ്പോന്നിരുന്നത്’. 85 വയസുകാരനായ രവീന്ദ്രനാഥൻ നായര്‍ പറഞ്ഞു. കരമായ ജോലിയായിരുന്നു. ഇത് മിക്കവാറും ചെയ്തിരുന്നത് സ്ത്രീകളായിരുന്നു. കുടുംബ ചിലവിനുള്ള പണം കണ്ടെത്താൻ ഇത് സ്ത്രീകളെ സഹായിച്ചു. ‘കശുവണ്ടി ഫാക്ടറികളിൽ ജോലിക്ക് പോയി ലഭിച്ചിരുന്നത് വീടുകളിലേക്കുള്ള അധികവരുമാനമായാണ് കരുതിപ്പോന്നിരുന്നത്’. 85 വയസുകാരനായ രവീന്ദ്രനാഥൻ നായര്‍ പറഞ്ഞു.കൊല്ലത്തെ കശുവണ്ടി സംസ്ക്കരണശാലകളിലൊന്ന് അച്ഛൻ മരിച്ചതിനെത്തുടർന്നായിരുന്നു രവീന്ദ്രൻ നായര്‍ അച്ഛന്റെ കച്ചവടം ഏറ്റെടുത്തത്. അന്ന് രവീന്ദ്രൻ നായര്‍ക്ക് 24 വയസ്. കച്ചവടം ഏറ്റെടുത്തയുടനെ വിജയലക്ഷ്മി കാഷ്യു കമ്പനി എന്ന പേരുനൽകി അദ്ദേഹം തന്റെ കശുവണ്ടി കച്ചവടം വിപുലപ്പെടുത്തി. കശുവണ്ടി പരിപ്പ് വേര്‍തിരിക്കുന്നതിൽ വിദഗ്ദരായവര്‍ ദിവസവും ആയിരത്തിലധികം കശുവണ്ടികൾ തൊണ്ടുകളഞ്ഞ് പരിപ്പ് പുറത്തെടുക്കാറുണ്ടെന്നും രവീന്ദ്രൻ നായര്‍ പറഞ്ഞു.

തനിക്ക് ഈ തൊഴിൽ മാത്രമാണ് വശമുള്ളത് 39 വയസുകാരിയായ ഖദീജ പറഞ്ഞു. കൊല്ലത്തെ കശുവണ്ടി ഫാക്ടറിയിൽ 15-ാം വയസിൽ ജോലിക്ക് ചേര്‍ന്നതാണ് ഖദീജ.1960ൽ കൊല്ലത്ത് നിരവധി കശുവണ്ടി ഫാക്ടറികൾ തുറക്കപ്പെടുകയുണ്ടായി. ആയിരക്കണക്കിന് ജോലിക്കാരാണ് അവിടങ്ങളിൽ ജോലിചെയ്തിരുന്നത്. 1970 ആയപ്പോഴേക്ക് പ്രാദേശിക പാര്‍ടികൾ കശുവണ്ടി ഫാക്ടറികളുടെ സംരക്ഷണത്തിനായി രംഗത്തെത്തി. കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ ഏകോപിപ്പിക്കാൻ കമ്മ്യുണിസ്റ്റ് പാർടി രംഗത്തെത്തി.

പിന്നീട്, സർക്കാർ ഇടപെട്ട് തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന് ഉത്തരവിറക്കി. കശുവണ്ടി ബോര്‍ഡിന്റെ കീഴിൽ കേരളത്തിലെ കശുവണ്ടി ഫാക്ടറികളെ ഏകോപിപ്പിക്കാനും കേരളത്തിലെ സര്‍ക്കാരുകൾക്ക് കഴി‍ഞ്ഞിട്ടുണ്ട്. ഇതിലൂടെ ശമ്പള വർദ്ധനവ്, ആരോഗ്യ സംരക്ഷണ പദ്ധതികൾ, ജോലിസ്ഥലത്തെ ചൂഷണം എന്നിവ തടയാൻ സര്‍ക്കാർ പദ്ധതികൾ ആവിഷ്ക്കരിക്കുകയുംചെയ്തു. സ്ത്രീകൾ കശുവണ്ടി ഫാക്ടറികളിൽ തൊഴിലിൽ ഏർപ്പെട്ടതോടെ വീടുകളിലെ പട്ടിണി ഇല്ലാതാകുകയാണ് ചെയ്തത്. സ്ത്രീകൾക്കാണ് ഇത് ഏറ്റവും ഉപകാരപ്പെട്ടത്. പബ്ലിക്ക് ലൈബ്രറി, ഹോട്ടൽ, തിയറ്റര്‍ എന്നിവ അടുത്തകാലത്ത് കശുവണ്ടി വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ചിട്ടുണ്ട്.ഇവിടുത്തെ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും കശുവണ്ടിയുടെ ഫലമായി ഉണ്ടായതാണ്. എൻ.കെ.പ്രേമചന്ദ്രൻ എംഎൽഎ പറഞ്ഞു. മുതലാളിത്തവും മാര്‍ക്സിസ്റ്റ് ആശയങ്ങളുംതമ്മിലുള്ള സമത്വം ഇവിടെ നിലനിൽക്കുന്നുണ്ട്. 97,000 മെട്രിക് ടൺ കശുവണ്ടി പരിപ്പാണ് 1999ൽ കേരളത്തിൽനിന്നും കയറ്റുമതി ചെയ്തിരുന്നത്. അന്ന് 1,73,000 മെട്രിക് ടൺ കശുവണ്ടിപ്പരിപ്പാണ് ഇന്ത്യയിൽനിന്നൊട്ടാകെ കയറ്റുമതി ചെയ്തിരുന്നതെന്നാണ് കണക്ക്. ഇതിൽ 80 ശതമാനത്തോളമായിരുന്നു കേരളത്തിന്റെ സംഭാവന.

1980ൽ വിയറ്റ്നാമിലെ കര്‍ഷകരോട് തരിശ് നിലങ്ങളിൽ കശുമാവ് വെച്ചുപിടിപ്പിക്കാൻ അവിടുത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 1990ൽ വിയറ്റ്നാമിലും കശുവണ്ടി സംസ്ക്കരണശാലകൾ ഉടലെടുത്തു. കൊല്ലത്തെപ്പോലെ ആയിരക്കണക്കിന് തൊഴിലാളികളാണ് അവിടെ ജോലിചെയ്തിരുന്നത്. വാൾമാർട്ട്, ടെസ്ക്കോ, കേർഫോ‍ർ തുടങ്ങിയ കമ്പനികൾ കശുവണ്ടി പരിപ്പ് വാങ്ങുന്നവരിൽ പ്രധാനികളായിരുന്നു. ലോകത്ത് എല്ലായിടങ്ങളിലും വിലക്കുറവിൽ കശുവണ്ടി വിൽപ്പന നടത്താൻ ശ്രമിച്ചു.1990ന്റെ മധ്യത്തിൽ കേരളത്തിൽ വിയറ്റ്നാമിൽനിന്നുള്ള ആളുകൾ കശുവണ്ടി സംസ്ക്കരണശാലകൾ കാണാനായി എത്തിയിരുന്നു.വിയറ്റ്നാമിൽനിന്നും അക്കാലത്ത് സംസ്ക്കരണത്തിനായി കശുവണ്ടികൾ കൊല്ലത്തേയ്ക്ക് ഇറക്കുമതി ചെയ്തിരുന്നു. കശുവണ്ടി സംസ്ക്കരിക്കുന്നതെങ്ങനെയാണെന്ന് വിയറ്റ്നാമിൽനിന്നുള്ളവര്‍ക്ക് കേരളത്തിൽനിന്നും കണ്ടുമനസിലാക്കാനായി. ന്ഗ്യുയെൻ വാൻ ലാഗ് എന്ന എഞ്ചിനീയര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

1995ൽ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പായ്ക്കിങ് കമ്പനിയുണ്ടായിരുന്ന ന്ഗ്യുയെൻ വാൻ ലാഗ് വിയറ്റ്നാമിൽ സംസ്ക്കരിക്കുന്ന കശുവണ്ടി അമേരിക്കയടക്കമുള്ള ഇടങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള സാഹചര്യം ഉണ്ടാക്കിത്തരണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്നെ വാൻ ലാഗ് കശുവണ്ടി കണ്ടിട്ടുണ്ടായിരുന്നില്ല. ലാഗിനൊപ്പം പാരിസിൽ താമസമാക്കിയിരുന്ന സഹോദരനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.യന്ത്രസഹായത്തോടെ കശുവണ്ടി വലിയതോതിൽ സംസ്ക്കാരിക്കാനാവുമെന്ന് അന്ന് ലാങ്ങിന് മനസിലായി. അക്കാലത്ത് ഇറ്റലിയിലുള്ള ഒരു കമ്പനി കശുവണ്ടി തോട് പൊളിക്കാനുള്ള ഉപകരണം കണ്ടെത്തുകയുംചെയ്തു. പക്ഷേ അത് ഉപയോഗിക്കുക എളുപ്പമായിരുന്നില്ല. കശുവണ്ടി പരിപ്പിന് കേട് സംഭവിക്കുന്നതിനാൽ ഉപകരണത്തിന് സ്വീകാര്യത ലഭിച്ചില്ല. അങ്ങനെ പുതിയൊരു ഉപകരണം നിര്‍മ്മിക്കാൻ ലാങ്ങ് തീരുമാനിച്ചു. അതിനുവേണ്ടി ഒരുപാട് പണം താൻ ചെലവഴിച്ചിട്ടുണ്ട്, ഹോചിമിൻ സിറ്റിയിൽ താമസമാക്കിയ 73കാരനായ ലാങ്ങ് പറഞ്ഞു.

വിയറ്റ്നാമിലെ ആദ്യ കശുവണ്ടി സംസ്ക്കരണ കേന്ദ്രം ആരംഭിച്ചത് 1993ൽ പാം തൈ മൈ ലെയ് എന്ന 60കാരി സ്ത്രീയാണ്. അതിന് മുമ്പ് വിയറ്റ്നാമിൽനിന്നും കശുവണ്ടി ശേഖരിച്ച് കേരളത്തിലേക്ക് സംസ്ക്കരണത്തിനായി അയയ്ക്കുകയായിരുന്നു അവർ ചെയ്തിരുന്നത്. 2000 ആളുകൾ ജോലി ചെയ്തിരുന്ന സംസ്ക്കരണശാലയായിരുന്നു അവരുടേത്. വിയറ്റ്നാമിന്റെ വടക്കുനിന്നും ആയിരം മൈൽ അകലെനിന്നെത്തി ജോലി ചെയ്യുന്നവരുണ്ടായിരുന്നു മൈ ലെയുടെ കമ്പനിയിൽ. തൊഴിലാളികൾക്ക് താമസിക്കാൻ താത്കാലിക സൗകര്യവും അവര്‍ ഒരുക്കിക്കൊടുത്തിരുന്നു.മൈ ലെയ് തന്റെ കമ്പനിയിലേക്ക് കശുവണ്ടി സംസ്ക്കരണത്തിനായി യന്ത്രം വാങ്ങിയതോടെ കശുവണ്ടി സംസ്ക്കരണം എളുപ്പത്തിലായി. ഇന്ന് മൈ ലെയുടെ സ്ഥാപനത്തിൽ 170 തൊഴിലാളികളാണോ ജോലിചെയ്യുന്നത്. 66,000 പൗണ്ട് കശുവണ്ടിയാണ് അവിടെ ദിനംപ്രതി സംസ്ക്കരിക്കുന്നത്. മൈ ലെയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളുകൾക്ക് കുടുംബത്തോടൊത്ത് താമസിക്കാനും കുട്ടികളെ ഡേ കെയറിൽ അയക്കാനുള്ള സൗകര്യവും ഒരുക്കി നൽകിയിട്ടുണ്ട്.

മുഴുവൻ യന്ത്രവത്കൃതമാണ് ലെ ക്വാങ് ലുയൻ എന്നയാളുടെ കമ്പനി. 30 തൊഴിലാളികളാണ് അവിടെയുള്ളത്. 1,10,000 പൗണ്ട് കശുവണ്ടി പരിപ്പാണ് ഇവിടെ ഓരോ ദിവസവും സംസ്ക്കരിക്കുന്നത്.

യന്ത്രവത്കരിച്ചാൽ ഇവിടെയുള്ള പാവപ്പെട്ട കുറേ ആളുകളുടെ തൊഴിൽ നഷ്ടമാകും. അതുകൊണ്ട് ഞങ്ങൾക്കത് ചെയ്യാനാവില്ല. കാപെക്സിന്റെ (കേരള സ്റ്റേറ്റ് കാഷ്യം വര്‍ക്കേഴ്സ് അപ്പെക്സ് ഇൻഡസ്ട്രിയൽ സൊസൈറ്റി) മാനേജിങ് ഡയറക്ടറായ ആർ രാജേഷ് പറയുന്നു. കഴിഞ്ഞ ഇലക്ഷനിൽ സര്‍ക്കാര്‍ നൽകിയ ഉറപ്പനുസരിച്ച് തൊഴിലാളികളുടെ വേതനം 350 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അതിനാൽ സ്വകാര്യ കശുവണ്ടി സംസ്ക്കരണശാലകൾ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1.5 മെട്രിക്ക് ടൺ കശുവണ്ടിയാണ് കഴിഞ്ഞകൊല്ലം ഇന്ത്യ ഉത്പാദിപ്പിച്ചത്. 82,302 മെട്രിക്ക് ടണ്ണാണ് ഇന്ത്യയ്ക്ക് കയറ്റുമതി ചെയ്യാനായത്. കഴിഞ്ഞവര്‍ഷം മാത്രം 38 ശതമാനം കുറവാണ് കയറ്റുമതിയിൽ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാൾ അധികമായി 1.4 മെട്രിക്ക് ടൺ കശുവണ്ടി വിയറ്റ്നാം സഭരിക്കുകയും, 3,48,000 മെട്രിക്ക് ടൺ കശുവണ്ടി കയറ്റി അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

കടപ്പാട്: How Cashews Explain Globalization (ദ വാൾ സ്ട്രീറ്റ് ജേർണൽ)

തേങ്ങാവെള്ളത്തിൽ ചീന്തിയ കപ്പമുക്കിയ കുർബ്ബാനയും സഭയുടെ വാറ്റു കേന്ദ്രങ്ങളുംയുഡിഎഫ് സ‍ർക്കാർ മദ്യനയം അവതരിപ്പിച്ചകാലം. കേരളത്തിലെ കത്തോലിക്കാ സഭ അങ്കം ജയിച്ചമാതിരി സന്തോഷത്തിലാണ്. കേരളത്തിലെ കുടിയന്മാരെ മാനസാന്തരപ്പെടുത്തിയിട്ടേ ബാക്കി പണിയുള്ളൂവെന്ന് തീരുമാനിച്ചിറങ്ങിയതാണല്ലോ അവർ.

കേരളത്തിലെ ബിവറേജസ് ഔട്ലെറ്റുകളും ബാറുകളും ബിയ‍‍ർ & വൈൻ പാ‍‍ർലറുകളും സർക്കാർ ഘട്ടം ഘട്ടമായി പൂട്ടിടുമെന്ന മനോരാജ്യത്തിൽ മുഴുകിയിരിക്കെയാണ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ മദ്യപിക്കുന്നതിന്റെ ചിത്രം പുറത്തുവന്നത്. പോപ്പിനു കുടിക്കാമെങ്കിൽ ഞങ്ങൾക്ക് കുടിച്ചാലെന്താ അച്ചോയെന്നു ചോദിച്ച വിശ്വാസികളോട് തണുപ്പുരാജ്യങ്ങളിൽ മദ്യപാനമൊക്കെ സ്വാഭാവികമല്ലേയെന്നായിരുന്നു വൈദികരുടെ മറുപടി. അതായത് കേരളസഭയ മാരക പാപമായി കരുതുന്ന മദ്യപാനം ഇറ്റലിയിലെത്തിയപ്പോഴേയ്ക്ക് വീര്യം ചോർന്ന് പാപമല്ലാതായി മാറുന്നുവെന്നാണ് അതിന്റെ ധ്വനി.

അടുത്ത കാലത്ത് ആലപ്പുഴയിലുള്ളൊരു പള്ളിയിൽ പോയി. രാത്രി അത്താഴശേഷം വികാരിയച്ചൻ മേശപ്പുറത്ത് രണ്ടുകുപ്പി വീഞ്ഞെടുത്തുവെച്ചു. രണ്ടെണ്ണം കഴിച്ചിട്ട് ഉറങ്ങാൻ നല്ല സുഖമായിരിക്കുമെന്നും പറഞ്ഞ് വികാരിയച്ചനോടൊപ്പം ഞാനും കുടിച്ചു. ഇത് ആലപ്പുഴയിലെ കാര്യം. നേരെ വടക്കോട്ട് ചെന്നാൽ കാര്യം മാറി. മദ്യപാനം മാരകപാപമാണെന്നുംപറഞ്ഞ് വിശ്വാസികളെ തെരുവിലിറക്കുന്ന വൈദികരെയാണ് അവിടെ കാണുക. അവിടെ മദ്യാപാനം മാരകപാപമാണ്.

സുറിയാനി കത്തോലിക്കർ അരമായ ഭാഷയിൽ കുർബ്ബാന ചൊല്ലിയിരുന്നകാലം. പോർച്ച്​ഗീസുകാർ വരുന്നേനും മുമ്പാണ്. ഓലമേഞ്ഞ കൂരയ്ക്കുള്ളിൽ വിശ്വാസികളും കാർമ്മികനും ഒത്തുചേർന്ന് കുർബ്ബാന അർപ്പിച്ചിരുന്നു. അന്ന് കപ്പനേരിയതായി അരിഞ്ഞത് ഉണക്കിയതും തേങ്ങാവെള്ളവുമാണ് കുർബ്ബാനയ്ക്കായി ഉപയോ​ഗിച്ചുകൊണ്ടിരുന്നത്. പോർച്ച്​ഗീസുകാരുടെ വരവോടെ സുറിയാനി കത്തോലിക്കരുടെ സംസ്ക്കാരം അപ്പാടെ മാറ്റിമറിയ്ക്കപ്പെട്ടു. അവിടെ തുടങ്ങുന്നു കേരള സഭയുടെ വൈനുപഭോ​ഗം. ഏതായാലും തേങ്ങാവെള്ളത്തിനു പകരം വൈൻ ഉപയോ​ഗിച്ചുതുടങ്ങിയ കേരള സഭയ്ക്ക് 24 വാറ്റുകേന്ദ്രങ്ങളുമുണ്ട്.

ഭൂമിക്കടിയിലുള്ള കെല്ലർ എന്ന കേന്ദ്രത്തിലാണ് വൈൻ ഉൽപ്പാദനം നടക്കാറ്. കേരളത്തിലെ സഭകൾക്കും അത്തരം കേന്ദ്രങ്ങളുണ്ട്. വൈദികർ മൂക്കുമുട്ടെ കുടിക്കാനുപയോ​ഗിക്കുന്ന മുന്തിരി വാറ്റ് ചാരായം അത്തരം കേന്ദ്രങ്ങളിലാണ് ഉത്പാദിപ്പിക്കുന്നതും. ഒളിച്ചും പാത്തും മദ്യപിക്കേണ്ട അവസ്ഥ കേരളത്തിലുണ്ടോ? മദ്യപാനം എന്നുള്ളത് സദാചാരമൂല്ല്യങ്ങളെ മുറുകെ പിടിക്കുമ്പോഴാണ് മാരക പാപമാകുന്നത്. വൃത്തിയുള്ള മദ്യപാന ഇടങ്ങൾക്കായി വാദമുന്നയിക്കുകയാണ് സഭ ചെയ്യേണ്ടത്. എങ്ങനെ മാന്യമായി മദ്യപിക്കാമെന്ന് വിശ്വാസികളെ ശീലിപ്പിക്കുകയും വേണം.

കുടുംബം തകരുന്നുവെന്ന പേരുപറഞ്ഞാണ് കത്തോലിക്കാ സഭ ചാരായത്തിനെതിരെ പ്രതിരോധം ഉയ‍‌‍ർത്തിയത്. പിന്നീട് വിദേശ മദ്യം കള്ളുകുടി മേശകൾ കീഴടക്കിയപ്പോൾ അതിനെതിരെയായി പ്രതിരോധം. യേശുവിന്റെ രക്തത്തിന്റെ പ്രതിരൂപമാണ് വൈനെന്ന പേരിലാണ് കത്തോലിക്കാ സഭ മുന്തിരി വാറ്റി കുർബ്ബാന മധ്യേ ഉപയോ​ഗിക്കുന്നത്. പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന സുറിയാനി സഭയ്ക്ക് ബലിയർപ്പണത്തിന് പഴയ മാർ​​ഗ്​ഗത്തിലേയ്ക്ക്, കപ്പയിലേയ്ക്കും തേങ്ങാവെള്ളത്തിലേയ്ക്കും തിരികെ പോയി മാതൃക കാണിക്കാവുന്നതാണ്. എന്നിട്ടും വൈദിക മേലധ്യക്ഷന്മാർ അതിനു മുതിരാത്തതെന്തുകൊണ്ടിയിരിക്കും.

കേരളത്തിൽനിന്നും യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും സേവനം അനുഷ്ഠിക്കുന്ന വൈദികർ മദ്യപിക്കാറില്ലേ? കേരളത്തിൽ മാത്രമെങ്ങനെയാണ് മദ്യപാനം മാരകപാപമാകുന്നതും കുംമ്പസാര വിഷയമാകുന്നതും? മാർപ്പാപ്പ തണുപ്പുകാരണമാണ് മദ്യപിക്കുന്നതെങ്കിൽ മറ്റിടങ്ങളിലെ മദ്യപർക്കും കള്ളുകുടിക്കുന്നതിൽ അവരുടേതായ കാരണങ്ങളുണ്ട്.

വൈനുൽപ്പാദനത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ അനുമതി തേടി സർക്കാരിന് നിരന്തരം അപേക്ഷ സമർപ്പിക്കുന്ന കത്തോലിക്കാ സഭ മുന്തിരി വാറ്റ് കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള ധൈര്യം കാണിക്കണം. അതല്ലേ ഹീറോയിസം?

കേരളത്തിൽ വൃത്തിയുള്ള ഇടങ്ങളിലിരുന്ന് മദ്യപിക്കാനുള്ള ഇടങ്ങളില്ല. ബിവറേജ് ഔട്ട്ലെറ്റിൽനിന്നും തിടുക്കത്തിൽ വാങ്ങുന്ന മദ്യക്കുപ്പി അതേ വേ​ഗതയോ​ടെ കാലിയാക്കാനാണ് ഓരോരുത്തർക്കും തിടുക്കം. ആളൊഴിഞ്ഞ ഇടങ്ങളിൽ പോയോ കാറിലിരുന്നോ മദ്യപിക്കേണ്ട അവസ്ഥ. കാരണം കേരളത്തിലെ മദ്യപാനശീലം അങ്ങനെയാണ്. മദ്യപാനത്തിന് വൃത്തിയുള്ള ഇടങ്ങൾ വേണം. അങ്ങനെയൊരു സാഹചര്യം വന്നാൽ കേരളത്തിലെ മദ്യപാന ശീലവും അതിനനുസരിച്ച് നന്നാവാനിടയുണ്ട്.

കേരളത്തിൽ മദ്യം വിൽക്കുന്നവരിൽ പ്രധാനികളിൽ കത്തോലിക്കരാണ്. ചാരായം നിരോധിച്ച പദ്ധതി ഇവരെ സഹായിക്കാനായിരുന്നു എന്ന ആരോപണം ഇന്നും നിലനിൽക്കുന്നു. മദ്യം വിൽക്കുന്നവർ പള്ളിക്ക് വിഹിതം തരേണ്ടതില്ലെന്ന് സഭയ്ക്ക് പരസ്യമായി പ്രസ്താവനയിറക്കാനാവുമോ? മദ്യപാനികളാരും നമ്മിൽപ്പെട്ടവരല്ലെന്ന് സഭ പ്രഖ്യാപിക്കുമോ? അത്തരമൊരു നിലപാടെടുത്താൽ അതാണ് ചങ്കുറപ്പ്. അതാണ് നിലപാട്.

ഹാദിയ: നടന്നതും നടക്കാത്തതുംസെബിൻ എ ജേക്കബ്, ലിയോനാൾഡ് ഡെയ്സി മാത്യു

2017 സെപ്റ്റംബർ 15൹ സൗമ്യ കേസിന്റെ വാദം സുപ്രീംകോടതിയിൽ നടക്കുന്നു. ​ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയതായും ഇനി രണ്ട് വർഷം മാത്രം ജയിലിൽ തുടർന്നാൽ മതിയെന്നും മലയാളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ വാർത്ത ബ്രെയ്ക്ക് ചെയ്തു. പിന്നീട് കോടതിയുടെ അസാധാരണ നടപടിക്കെതിരെയായി ചർ‍ച്ച. കൂടാതെ, കൊല്ലപ്പെട്ട സൗമ്യയുടെ അമ്മയുടെ പ്രതികരണം തേടിപ്പോകാനും മാദ്ധ്യമങ്ങൾ മറന്നില്ല. വിധിയറിഞ്ഞ് അവർ വാവിട്ടുകരഞ്ഞു. സർക്കാരിനെ ശപിച്ചു. കോടതിയെ ശകാരിച്ചു.

അന്നു വൈകിട്ട് കോടതി ഉത്തരവിന്റെ പൂർണ്ണരൂപം കൈവശം ലഭിച്ചപ്പോഴാണ് ​ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി, പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നുവെന്നു സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ ജേണലിസ്റ്റുകൾക്കു മനസിലായത്. അപ്പോഴേയ്ക്കും സമയം വൈകിട്ട് ഏഴു മണി. ചെറിയൊരു ഖേദപ്രകടനത്തോടെ കോടതി ഉത്തരവിന്റെ യഥാർത്ഥ വശം മാദ്ധ്യമങ്ങൾ വിശദീകരിച്ചുതുടങ്ങി. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നവർ പുലർത്തേണ്ട ജാ​ഗ്രതയെക്കുറിച്ച് സജീവമായ ചർച്ചകൾ നടന്നു.

എങ്കിലും സൗമ്യയുടെ അമ്മയുടെ കണ്ണീരിന്, അവരനുഭവിച്ച വിങ്ങലിന്, അതൊന്നും പരിഹാരമാകുന്നില്ല. അന്നു ക്യാമറ ഒപ്പിയെടുത്ത അവരുടെ നിമിഷങ്ങൾ ഇപ്പോഴും ദൃശ്യമാദ്ധ്യമങ്ങളുടെ സ്റ്റോക്ക് വീഡിയോ ആയിരിപ്പുണ്ട്. കൃത്രിമമായി സാഹചര്യം സൃഷ്ടിച്ച് പകർത്തിയ ഈ ദൃശ്യങ്ങൾ ഇനിയും നമ്മൾ കാണും. അടുത്ത പൊതുതെരഞ്ഞെടുപ്പ് ആവുമ്പോൾ, തങ്ങൾ ചെയ്ത കന്നത്തരം മറച്ചുവച്ചുകൊണ്ട്, ഇതേ മാദ്ധ്യമങ്ങൾ തന്നെ അതും നിർവ്വഹിക്കും. നിലവിലുള്ള സർക്കാരിനെതിരെ വയ്ക്കുന്ന ‘കുറ്റപത്ര’മാകും, അത്.

കാളപെറ്റെന്നു കേട്ടവാറെ കയറെടുത്തു പായുന്ന ദൃശ്യമാദ്ധ്യമപ്രവർത്തകർ വാർത്തയുടെ ആധികാരികതയെ കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. അതു തെറ്റാണെന്നു കണ്ടാൽ അടുത്ത ബുള്ളറ്റിനിൽ നിന്നു ‘നൈസായി’ ഒഴിവാക്കുന്നവരാണു കൂടുതൽ. എന്നാൽ വാർത്ത തെറ്റാണെങ്കിലും താൻ പിടിച്ച മുയൽക്കൊമ്പിന്റെ അഴകുവർണ്ണിച്ച് അതിൽ തന്നെ ഉറച്ചുനിൽക്കുന്നവരും അപൂർവ്വമായുണ്ട്. ഇത് ഏറ്റവുമൊടുവിൽ കണ്ടത്, ഹാദിയ കേസ് റിപ്പോർട്ടിങ്ങിലാണ്.

ഈഴവസമുദായാംഗമായിരുന്ന അഖില ഹോമിയോപ്പതി ബിരുദപഠനത്തിനിടെ ഇസ്ലാം മതത്തിൽ ആകൃഷ്ടയായി ഹാദിയ എന്ന പേരു സ്വീകരിച്ച് മുസ്ലീമാവുകയും വീടുവിടുകയും ചെയ്തതിനെ തുടർന്ന് പിതാവു നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ നിന്നാണു കേസിനു തുടക്കം. തന്റെ വാദത്തിനു ബലം ലഭിക്കാനായി, മകൾ അഖിലയെ സിറിയയിലേക്കു കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും അതു തടയണമെന്നുമുള്ള വിചിത്രമായ ആവശ്യമാണു പിതാവ് അശോകൻ ഉയർത്തിയത്. ഈ വാദത്തെ തടയിടാനും അശോകന്റെ കസ്റ്റഡിയാവശ്യത്തെ നിരാകരിക്കാനുമായി മറുപക്ഷം ചെയ്തത്, ഹാദിയയ്ക്ക് പൊടുന്നനെ ഒരു വിവാഹം ഒരുക്കുകയായിരുന്നു. അതായത്, ഈ കേസ് വഷളാക്കിയതിൽ പിതാവിന്റെ പക്ഷത്തുനിന്നും മകളുടെ പക്ഷത്തുനിന്നും ഇടപെട്ട രണ്ട് ആശയധാരകളുടെ പങ്ക് വ്യക്തമാണ്. കോടതി നടപടികളിൽ ഇടപെടാനായി നടത്തിയ സൗകര്യാത്മക വിവാഹം എന്ന നിലയിലാണ്, കോടതി അതിനെ കണ്ടത്. അങ്ങനെ ഇതാദ്യമായി ഒരു വ്യക്തിയുടെ സ്വന്തം ഇണയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം തർക്കവിഷയമായി മാറുകയായിരുന്നു.

മതേതര രാഷ്ട്രീയകക്ഷികൾ തുടക്കത്തിൽ ഈ വിഷയത്തിൽ ഇടപെടാൻ മടിച്ചു മാറിനിന്നപ്പോൾ കർട്ടനുപിന്നിൽ ഇരുപക്ഷത്തുമായി വർഗീയസംഘടനകൾ നിലയുറപ്പിച്ചു. ഹൈക്കോടതിയിൽ നടക്കുന്ന ഏതൊരു മിശ്രവിവാഹ കേസുകളേയും പോലെ കോടതി യുവതിയെ ഭർത്താവിനൊപ്പം വിട്ടയച്ച് അവസാനിക്കേണ്ടിയിരുന്ന ഒരു കേസ്, വിവാഹം റദ്ദാക്കിയതിലൂടെ വ്യക്തി സ്വാതന്ത്ര്യം അപരിമിതം ആണോ എന്ന ചോദ്യമുൾക്കൊള്ളുന്ന ഹൈ പ്രൊഫൈൽ കേസായി മാറി. ഇത്തരം ഒരു കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ പുലർത്തേണ്ട ശ്രദ്ധയോടു കൂടിയാണോ, ദൃശ്യമാദ്ധ്യമങ്ങൾ വിഷയത്തിൽ ഇടപെട്ടത് എന്ന് ഉറക്കെ ചോദിക്കേണ്ടതുണ്ട്.

സുപ്രീംകോടതി കേസ് പരി​ഗണിച്ചപ്പോൾ കോടതി നടപടികൾ റിപ്പോർട്ട് ചെയ്ത രീതി ലീ​ഗൽ റിപ്പോർട്ടിങ്ങിൽ കേരളത്തിലെ മാദ്ധ്യമങ്ങളെ നമ്പരുതെന്നുള്ള ധാരണ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. കേരള ഹൈക്കോടതി ആദ്യം സൈനബയുടെയും പിന്നീട് അച്ഛന്റെയും രക്ഷാകർതൃത്വത്തിൽ ഹാദിയയെ വിട്ടതുപോലെ സുപ്രീംകോടതി കോളജ് ഡീനിന്റെ രക്ഷാകർതൃത്വത്തിൽ വിടുന്നുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പ്രായപൂർത്തിയായ ഒരുവൾക്ക് എന്തു രക്ഷാകർതൃത്വമാണു വേണ്ടത് എന്നും പിതാവിന്റെ രക്ഷാകർതൃത്വത്തിൽ സംഭവിച്ചതുപോലെ തന്നെ പതിനൊന്നുമാസക്കാലം തീർത്തും ഹോസ്റ്റൽ മുറിയിലും ഹൗസ് സർജൻസിക്കായി ആശുപത്രിയിലുമായി സഞ്ചാരസ്വാതന്ത്ര്യവും ബാഹ്യസമ്പർക്കവും തടസ്സപ്പെട്ട് അവർക്കു കഴിയേണ്ടിവരുമെന്നും ഉള്ള ധാരണയാണ് അതുണ്ടാക്കിയത്. എന്നാൽ ഈ ധാരണകളെ മുഴുവൻ തിരുത്തുന്ന ഒന്നാണ് കോർട്ട് പ്രൊസീഡിങ്സിന്റെ ലോഗ്.

അശോകന്റെയും എൻഐഎയുടെയും വാദം കേട്ട കോടതി അതേ ദിവസം ഹാദിയയെ കേൾക്കില്ലെന്ന് മീഡിയാ വൺ ചാനലാണ് ആദ്യം ബ്രേക്ക് ചെയ്തത്. ഈ റിപ്പോർട്ട് ഏറ്റെടുത്തവര്‍ ഇപ്പോഴും വാര്‍ത്ത നീക്കം ചെയ്തിട്ടുമില്ല. ഇതേ വാർത്ത ബ്രേക്ക് ചെയ്തതിന് പിന്നാലെയാണ് കോടതി ഹാദിയയോട് സംസാരിച്ചതും സേലത്ത് പഠനം തുടരാൻ ഉത്തരവിട്ടതും. തെറ്റായ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളൊന്നുംതന്നെ ഖേദം പ്രകടിപ്പിച്ചുമില്ല. ഏറ്റവും കഷ്ടം ഹാദിയയ്ക്കു സ്റ്റോക്ക് ഹോം സിൻഡ്രോം ഉണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് സംശയിച്ചു എന്ന നിലയിൽ നടന്ന ഇന്റർപ്രെറ്റേഷനായിരുന്നു. എത്ര ഭീകരമായ വളച്ചൊടിക്കൽ! ‘ഇൻഡോക്ട്രിനേഷൻ’ ഉണ്ടെന്ന മുൻധാരണയിൽ ഞങ്ങൾക്കു പോകാനാവില്ല എന്നു വ്യക്തമായി പറയുന്നുണ്ട്, ജസ്റ്റിസ് ചന്ദ്രചൂഡ്.

കോടതി നടപടികൾ എങ്ങനെ റിപ്പോർട്ട് ചെയ്യാമെന്നുള്ളതിന്റെ ഏറ്റവും നല്ല മാതൃകയാണ് റിപ്പോർട്ടർ ടിവിയിലെ ബാല​ഗോപാൽ ബി നായർ ഫേസ്ബുക്കിൽ കുറിച്ച ഹാദിയ കേസിലെ കോടതി നടപടികളുടെ വിവരണം. കോടതി നടപടികളെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചപ്പോൾ കോടതി നടപടികളെന്തെല്ലാമായിരുന്നെന്ന് മനസിലാക്കാൻ ബാല​ഗോപാലിന്റെ കുറിപ്പ് വായിക്കേണ്ടിവന്നു. കോടതി നടപടികളിൽ നേരിട്ട് പങ്കെടുക്കുന്ന പ്രതീതി ബാലഗോപാലിന്റെ റിപ്പോട്ടിന് നൽകാൻ കഴിഞ്ഞു. കോടതി മുറിയിൽ ആരോക്കെ എവിടൊക്കെ ഇരുന്നുവെന്നുതുടങ്ങി കോടതിയിലെ സംഭാഷണങ്ങൾ കൃത്യതയോടെ റിപ്പോര്‍ട്ട്ചെയ്യാൻ ബാലഗോപാൽ ശ്രദ്ധിച്ചു. പിറ്റേന്നിറങ്ങിയ കേരള കൗമുദിയിലെ വി.എസ്. സനകന്റെ റിപ്പോർട്ടും എടുത്തുപറയേണ്ടതാണ്. കോടതി നടപടികളെന്തെല്ലാമായിരുന്നെന്ന് അക്കമിട്ട് നിരത്താൻ സനകന് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ സ്വന്തം റിപ്പോർട്ടർ കോടതിയിലിരിക്കെ അവിടെ നടക്കുന്നത് എന്ന നിലയിൽ റിപ്പോർട്ടർ ചാനലിൽ അപ്പോൾ സംപ്രേഷണം ചെയ്ത വാർത്ത, മറ്റു ചാനലുകളുടെ വാർത്തകളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. ആദ്യം വാർത്തയെത്തിക്കുക എന്നതിൽ കവിഞ്ഞ് ശരിയായ വാർത്ത എത്തിക്കുക എന്നത് ലക്ഷ്യമേയല്ല എന്ന നിലയിലായിരുന്നു റിപ്പോർട്ടുകൾ.
ചാനൽ റിപ്പോർട്ടർമാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ‘ഹാദിയ കേസിൽ എൻഐഎയുടെ വാദങ്ങളെ അനുകൂലിച്ച് സംസ്ഥാന സർക്കാർ’ എന്നാണു മനോരമ പ്രസിദ്ധീകരിച്ച വാർത്ത. ലോഗിൽ നിന്നു മനസ്സിലാകുന്നത്, ഏതെങ്കിലും ഘട്ടത്തിൽ വലിയ ചിത്രം കാണേണ്ടതുണ്ടെന്നും എൻഐഎ റിപ്പോർട്ട് അത്ര പ്രധാനപ്പെട്ടതാണെന്നു കോടതിക്കു തോന്നുന്നുണ്ടെങ്കിൽ മെറ്റീരിയൽ പരിഗണിച്ചു പോകാമെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സംസ്ഥാനത്തിനു വേണ്ടി ഹാജരായ വി ഗിരി പറയുന്നുണ്ട് എന്നതാണ്. അതായത്, അതു സർക്കാരിന്റെ അഭിപ്രായം എന്ന നിലയിലല്ല, അദ്ദേഹം പറയുന്നത്. എൻഐഎ അന്വേഷണമേ വേണ്ട എന്ന നിലപാട് സർക്കാർ മുമ്പ് സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്നു എന്നതു മറന്നുപോകരുത്.

ഹാദിയ പ്രായപൂർത്തിയായ ഒരുവളാണെന്നും ഒന്നരമണിക്കൂറായി കാത്തുനിൽക്കുന്നുവെന്നും ഏജൻസിയില്ലാത്തവളായി പുറത്തുപോകുന്നത് അവർക്കു നാണക്കേടാവുമെന്നും കോടതി ഹാദിയയെ കേൾക്കണമെന്നും വാദിച്ച് അതുറപ്പാക്കുന്നത് കബിൽ സിബൽ പോലുമല്ല. സംസ്ഥാന വനിതാ കമ്മിഷന്റെ അഭിഭാഷകനായ ദിനേശ് ആണ്. വനിതാ കമ്മിഷൻ ഭരണപക്ഷവുമായി യാതൊരു ബന്ധവുമില്ലാത്ത വേറിട്ട എന്റിറ്റിയാണോ?
താൻ പ്രതിനിധീകരിക്കുന്ന കക്ഷിയുടെ അഭിപ്രായമല്ലാതെ വ്യക്തിപരമായ അഭിപ്രായങ്ങൾ അങ്ങനെ തന്നെ സൂചിപ്പിച്ചുകൊണ്ടു പറയുന്നത് കോടതികളിൽ സാധാരണമാണ്. അശോകനു വേണ്ടി ഹാജരായ സീനിയർ കൗൺസൽ ശ്യാം ദിവാൻ ‘വ്യക്തിസ്വാതന്ത്ര്യമാണു പരമപ്രധാനം’ എന്ന കബിൽ സിബലിന്റെ നിലപാടിനെ വ്യക്തിപരമായി താൻ പിന്തുണയ്ക്കുന്നു എന്ന് കോടതിയിൽ പറയുന്നുണ്ട്. അതും കക്ഷിയുടേതല്ലാത്ത വ്യക്തിപരമായ അഭിപ്രായപ്രകടനം തന്നെയാണ്. അപ്പോൾ വി ഗിരി പ്രകടിപ്പിച്ച ഒരഭിപ്രായത്തെ, അതും കോടതിക്ക് എൻഐഎ റിപ്പോർട്ട് അത്ര ‘compelling’ ആയി തോന്നുന്നുവെങ്കിൽ എന്ന കേവിയറ്റോടെ പറഞ്ഞ അഭിപ്രായം സംസ്ഥാന സർക്കാരിന്റെ അഭിപ്രായമാണ് എന്ന നിലയിൽ തലക്കെട്ടടിച്ചു വാർത്തയാക്കുന്നത് എന്തു പത്രപ്രവർത്തനമാണ്? ഏതായാലും എസ്ഡിപിഐ മുഖപത്രമായ തേജസ് അക്കാര്യത്തിൽ അനാവശ്യമായ പ്രചാരണത്തിനു മുതിർന്നില്ല എന്നത് ആശ്വാസമാണ്.

ചാനലുകളുടെ തെറ്റായ റിപ്പോർട്ട് ഏറ്റെടുത്ത ഓൺലൈൻ പോർട്ടലുകളാണ് വാസ്തവത്തിൽ വെട്ടിലായത്. ചാനൽ റിപ്പോർട്ടുകൾ അതേപടി ഏറ്റെടുത്ത വാർത്തയും നിമിഷങ്ങൾക്കുള്ളിൽ കോടതിയുടേത് അസാധാരണ നടപടിയാണെന്നു സ്ഥാപിക്കുന്ന ലേഖനങ്ങളും ഓൺലൈൻ പോർട്ടലുകളിൽ പ്രത്യക്ഷപ്പെട്ടു. വാർത്ത സ്ഥിരീകരിക്കാതെയാണ് ഇതെല്ലാം ചെയ്തതെന്നതാണ് ഖേദകരം. കോടതി നടപടിയുടെ വിശദവിവരങ്ങൾ പുറത്ത് വന്നെങ്കിലും അതേ ലേഖനങ്ങൾ ഇപ്പോഴും നീക്കം ചെയ്യാനോ ഖേദം പ്രകടിപ്പിക്കാനോ അവര്‍ തയ്യാറായിട്ടില്ല.
നിരന്തരം തെറ്റായ റിപ്പോർട്ടുകൾ കേട്ടും വായിച്ചും മാദ്ധ്യമങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്ന സാ​ഹചര്യം ഫലത്തിൽ രൂപപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് കോടതി നടപടികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നുകഴിഞ്ഞാൽ സ്ഥിരീകരണത്തിനായി കോടതി നടപടികളുടെ രേഖകൾ വായിക്കേണ്ട സാഹചര്യം നിലവിലുണ്ട്.

നിലവിൽ സുപ്രീംകോടതി റിപ്പോർട്ടിങ്ങിന് എത്തുന്ന മാദ്ധ്യമപ്രവർത്തകർക്ക് സുപ്രീം കോടതിയുടെ ലീഗൽ റിപ്പോർട്ടർക്കു നൽകുന്ന അക്രഡിറ്റേഷൻ വേണമെന്നുണ്ടെങ്കിൽ* ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അം​ഗീകാരമുള്ള സ്ഥാപനത്തിൽനിന്നും നിയമബിരുദം ഉണ്ടായിരിക്കണമെന്നു നിഷ്കർഷയുണ്ട്. ഏതെങ്കിലും പത്രസ്ഥാനത്തിനോ ഇലക്ട്രോണിക് മാദ്ധ്യമത്തിനോ വേണ്ടി ഏഴുവർഷത്തിൽ കുറയാത്ത കോടതി റിപ്പോർട്ടിങ് പരിചയവും സുപ്രീംകോടതി റിപ്പോർട്ടിങ് ചെയ്യണമെങ്കിൽ ആവശ്യമാണെന്നാണ് വെയ്പ്പ്. ഇത്രയൊക്കെ നിബന്ധനകളുണ്ടായിട്ടും മലയാളത്തിലെ ചാനലുകൾക്ക് റിപ്പോർട്ടിങ്ങിൽ പിഴവ് സംഭവിക്കുന്നത് ഓരോ ബീറ്റിലും അതാത് വിഷയങ്ങളിൽ അവഗാഹമുള്ളയാളുകളെ നിയമിക്കാത്തതുകൊണ്ടാണ്.

കോടതി നടപടികൾ റിപ്പോര്‍ട്ട് ചെയ്യുമ്പോൾ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാൾ കോടതിയ്ക്ക് അകത്തും മറ്റൊരാൾ കോടതിക്ക് പുറത്തും നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് നടത്തുകയുമാണ് പതിവ്. കോടതിക്ക് അകത്തുനിന്നും നൽകുന്ന വിവരങ്ങളാണ് ലൈവ് നൽകുന്നയാൾ ആവര്‍ത്തിക്കുക. വാര്‍ത്ത ഏറ്റവും ആദ്യം ബ്രെയ്ക്ക് ചെയ്യണമെന്ന ശാഠ്യവും ലൈവ് നൽകുന്നയാൾ റിപ്പോര്‍ട്ടുകൾ കൃത്യതയോടെ മനസിലാക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നത് വാസ്തവമാണ്. വാര്‍ത്ത ആദ്യം ബ്രെയ്ക്ക് ചെയ്യുക, വിവരങ്ങൾ തെറ്റാണെങ്കിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ നടപ്പ് രീതി. ഹൈക്കോടതിയിൽ അഭിഭാഷകരും റിപ്പോർട്ടർമാരും തമ്മിലുണ്ടായ പ്രശ്നത്തിന്റെ ആണിക്കല്ലും, ഇത്തരം മിസ് റിപ്പോർട്ടിങ് തന്നെ!

കൃത്യതയില്ലാത്ത റിപ്പോര്‍ട്ടിങ് ജനങ്ങളിൽ ചാനലുകളോടുള്ള വിശ്വാസ്യത ഗൗരവമാംവിധം ഇല്ലാതാക്കിയിട്ടുണ്ട്. എന്നാൽ സമയമെടുത്തു റിപ്പോർട്ട് ചെയ്യുന്ന ചില പത്രങ്ങളും ഇതേ രീതി പിന്തുടരുമ്പോൾ പ്രശ്നം ചാനലുകളുടെ ബ്രേക്കിങ് ന്യൂസ് സംസ്കാരത്തിനാണോ അതോ നമ്മുടെ മാദ്ധ്യമപരിശീലനത്തിന്റെയാണോ എന്ന സംശയം ഉണ്ടാകുന്നു. നേരത്തെ കൂട്ടി തീരുമാനിച്ച ഒരു ഹൈപ്പോതീസിസ് സ്ഥാപിക്കാൻ വേണ്ടി ക്വോട്ട് എടുക്കാൻ വിളിക്കുന്ന രീതി പോലും കേരളത്തിലെ ഒരു പ്രമുഖ സർവ്വകലാശാലയിലെ ജേണലിസം വിദ്യാർത്ഥികൾ പരിശീലിക്കുന്നു എന്ന് എല്ലാവിധ ഉത്തരവാദിത്തത്തോടെയും പറയുമ്പോൾ ചിരിക്കരുത്. നാളിതുവരെ ഒരു മാദ്ധ്യമസ്ഥാപനത്തിലും ജോലിയെടുത്തിട്ടില്ലാത്ത, പ്രാക്റ്റിക്കലായി ജേണലിസം വശമില്ലാത്തയാളുകൾ അടവിരിച്ചിറക്കിവിടുന്ന കബ് ജേണലിസ്റ്റുകൾ ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

* ഇത് അക്രഡിറ്റേഷനു വേണ്ടി മാത്രമുള്ള നിബന്ധനയാണ്. റിപ്പോർ‌ട്ട് ചെയ്യാൻ അക്രഡിറ്റേഷന്റെ ആവശ്യമില്ല.

കലാകൗമുദി ആഴ്ച്ചപ്പതിപ്പ് ലക്കം 2205, 2017 ഡിസംബർ 10

സ്മാരക ശിലകൾ: ഫിക്ഷൻ എഡിറ്റിങ്സ്മാരകശിലകൾ വായിച്ചത് എന്റെ സെമിനാരി കാലഘട്ടത്തിലാണ്. അന്നെനിക്കൊപ്പമുണ്ടായിരുന്ന ശെമാശനാണ് (വൈദികാര്‍ത്ഥി) എനിക്ക് കുഞ്ഞബ്ദുള്ളയെ ആദ്യം പരിചയപ്പെടുത്തിയത്. വെറുതെ വായിച്ച് നോക്കാൻ പറഞ്ഞ് എനിക്ക് തന്ന ചുവന്ന പുറംചട്ടയുള്ള ആ പുസ്തകത്തെയും സെമിനാരിയിൽനിന്ന് പുറത്ത് പോന്നപ്പോൾ ഞാൻ ഒപ്പം കൂട്ടി. ഇത്തവണ ചേട്ടൻ അവധിക്ക് നാട്ടിൽ വന്ന് പോയപ്പോൾ സ്മാരകശില വായിക്കാനായി കൊണ്ടുപോയിരുന്നു. ഇന്നുരാവിലെ ചേട്ടൻ എനിക്കയച്ച ഒരുപറ്റം ശബ്ദ സന്ദേശങ്ങളാണ് ഈ കുറിപ്പിന് ആധാരം.

ചേട്ടൻ നിരത്തിയ വാദങ്ങൾ-

1. എടാ കുഞ്ഞബ്ദുള്ളേടെ സ്മാരകശില എന്ന ആ പുസ്തകമില്ലേ അത് നിറയെ തെറ്റുകളുണ്ട്. കുഞ്ഞാലിയുടെ സുന്നത്ത് കല്ല്യാണത്തിന് കൊണ്ടുന്ന മൂരിയെ കെട്ടിയിരിക്കുന്നത് പ്ലാവിൻ ചോട്ടിലാണെന്ന് ആദ്യം പറയുന്നു. രണ്ടാമത്, മൂരിയെ കൊല്ലാനായി അറവുകാരൻ മൂരിയെ കെട്ടിയ തെങ്ങിൻ ചോട്ടിലേക്ക് പോയിയെന്നാണ് പറയുന്നത്.

2. കുഞ്ഞാലി എറമുള്ളാനോട് പള്ളി കിണറ്റിലെ വെള്ളം കുടിക്കാൻ ചോദിക്കുന്ന ഭാഗത്ത് മയ്യത്തുകളുടെ നെയ്യുള്ള വെള്ളമായതിനാൽ ഇന്നേവരെ ആരും പള്ളി കിണറ്റിലെ വെള്ളം കുടിച്ചിട്ടില്ലെന്ന് പറയുന്നുണ്ട്. പിന്നീട് വെള്ളം വലിച്ച് മടുത്തപ്പോൾ എറമുള്ളാൻ തൊട്ടിയിൽനിന്നും വെള്ളം കുടിച്ചതായും, ഇതെങ്ങനെ?

3. സുന്നത്ത് കല്ല്യാണം കഴിഞ്ഞതുകൊണ്ട് അധികം താമസിക്കാതെകുഞ്ഞാലി മുകൾനിലയിലേക്ക് കിടപ്പ് മാറ്റി. അതുകൊണ്ട് പൂക്കുഞ്ഞി ബീയെ അവിടെനിന്നും മാറ്റി കിടത്താൻ ആറ്റബീ തീരുമാനിച്ചുവെന്നും പറയുന്നു. പീന്നീട്, പാത്തുമ്മയുടെകൂടെ കുഞ്ഞി ബീ ഉറങ്ങാൻ തുടങ്ങിയതുകൊണ്ട് കുഞ്ഞാലിയെ മുകൾ നിലയിലേക്ക് വിട്ടുവെന്നുമാണ് പറയുന്നത്.

4. കുതിരയ്ക്ക് തൂറ്റുപിടിച്ചതുകൊണ്ട് പൂക്കോയ തങ്ങൾ സവാരിക്ക് പോയില്ലെന്നു പറയുന്നുണ്ട്. ശേഷം മറ്റൊരിടത്ത് കുതിരയ്ക്ക് വാതം പിടിച്ചതുകൊണ്ട് ചരിത്രത്തിൽ ആദ്യമായി തങ്ങൾ കുതിര സവാരി ഒഴിവാക്കിയെന്നും പറയുന്നു. തൂറ്റുപിടിച്ചപ്പോൾ സവാരി മുടങ്ങിയിരുന്നല്ലോ പിന്നെങ്ങനെ വാതം പിടിച്ചപ്പോൾ ആദ്യമായിട്ടാണ് സവാരി മുടങ്ങിയതെന്ന് പറയാനാകും?

2009ൽ സ്മാരക ശിലകൾ വായിച്ചപ്പോൾ എനിക്ക് അനുഭവപ്പെട്ട സമാന സംശയം എന്റെ ചേട്ടനും ഉണ്ടായെന്നത് ഇപ്പോഴെന്നെ സന്തോഷിപ്പിക്കുന്നുണ്ട്. പീന്നീട് ഫിക്ഷൻ എഡിറ്റിങ്ങിന്റെ ആവശ്യകതയെക്കുറിച്ച് കേട്ടപ്പോഴൊക്കെ കുഞ്ഞബ്ദുള്ളയുടെ സ്മാരകശില എന്റെ മനസിലേക്കെത്തി തെറ്റുകളുടെ താളുകൾ മറിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരന് സ്വയം എഡിറ്ററാകാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരാളുടെ സഹായം തേടണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. കൃത്യമായ വെട്ടിത്തിരുത്തലുകളില്ലെങ്കിൽ വായനയുടെ ഒഴുക്കിനിടയിൽ സംശയത്തിന്റെ ചുഴികൾ രൂപപ്പെടുത്തുകയും അത് വായനക്കാരെ അസ്വസ്ഥരാക്കുകയുംചെയ്യും.

(ഫേസ്ബുക്കിൽ കുറിച്ചത്)